16 July Thursday

ഷോളയൂരിൽ കാട്ടാനയുടെ അക്രമം

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

ഷോളയൂർ വെള്ളിങ്കിരി മുക്കിലെ മുരുകന്റെ തൊഴുത്ത്‌ കാട്ടാന തകർത്ത നിലയിൽ

അഗളി
അടച്ചുപൂട്ടലായതിനാൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറഞ്ഞതോടെ ഷോളയൂരിലും പരിസരപ്രദേശത്തും  കാട്ടാനകൾ നാട്ടിലിറങ്ങി പരാക്രമം കാട്ടുന്നത്‌ പതിവാകുന്നു. അഞ്ചംഗ കുടുംബം തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. ഷോളയൂർ വെള്ളിങ്കിരിമുക്കിലെ മുരുകനും കുടുംബവും ആണ് വ്യാഴാഴ്ച അർധരാത്രിയിൽ  കാട്ടാനയുടെ ആക്രമണത്തിൽനിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. 
രാത്രി എത്തിയ കാട്ടാന വീടിനുമുന്നിലെ പ്ലാവിൽ നിന്നും ചക്ക പറിച്ച ശേഷം വീടിന്റെ മുറ്റത്തേക്ക് കയറി വീടിന്റെ മേൽക്കൂര പൊളിച്ചു. തുമ്പികൈ അകത്തേക്കിട്ട ആനയെ കണ്ട്‌   വീട്ടുകാർ ഭയന്ന് നിലവിളിച്ചു. 
മുരുകൻ ഭാര്യ ജ്യോതിമണി, ഇവരുടെ മക്കൾ സന്ധ്യ, സത്യ, കാർത്തിക എന്നിവരാണ് ഉണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും വനപാലകരും ചേർന്ന് ആനയെ തുരത്തിയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ വീണ്ടും ഈ വീടിനു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി. വെള്ളിങ്കിരി മുക്കിലെ തന്നെ നഞ്ചന്റെ  തൊഴുത്തും കാട്ടാന തകർത്തു. കഴിഞ്ഞ വർഷവും ഈ സമയത്ത് നഞ്ചന്റെ തൊഴുത്ത് കാട്ടാന തകർത്തിരുന്നു. അതിന് കിട്ടിയ സർക്കാർ ധനസഹായം 
ഉപയോഗിച്ച് നിർമിച്ചതാണ് കഴിഞ്ഞ ദിവസം തകർത്തത്. 
രണ്ട് ദിവസത്തിനിടെ മൂന്ന് വീടുകൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ ഷോളയൂർ ചന്തക്കടയിലെ സുബ്ബമ്മയുടെ വീട്ടുമുറ്റത്തെത്തിയ കാട്ടാന വീടിന്റെ മുൻഭാഗം തകർത്ത് ഉള്ളിൽ കയറാൻ ശ്രമിച്ചു. 
ഭിത്തി കുത്തി പൊളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശബ്ദം കേട്ടുണർന്ന 75 പിന്നിട്ട  സുബ്ബമ്മയും പേരക്കുട്ടികളായ മഹേന്ദ്രനും കീർത്തനയും ഭയന്ന് വിറച്ച് ബഹളം വയ്ക്കുകയായിരുന്നു. ഒച്ചയും വിളിയും കേട്ടുണർന്ന നാട്ടുകാർ തുരത്താൻ ശ്രമിച്ചപ്പോഴാണ് ആന പിൻവാങ്ങിയത്. പിന്നീട് വനപാലകരെത്തി കാട് കയറ്റി. 
വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലർച്ചെയും തൊട്ടടുത്ത ഊരുകളിലും കാട്ടാനയിറങ്ങി തൊഴുത്തും വീടും തകർത്തു. ഒരിടവേളക്ക് ശേഷം കാട്ടാന ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിലാണ്.
പ്രധാന വാർത്തകൾ
 Top