27 May Wednesday
65 പഞ്ചായത്തിലും ഏഴ്‌ നഗരസഭകളിലും സമൂഹ അടുക്കള തുടങ്ങി

നാടുനിറയെ പാചകപ്പുരകൾ

സ്വന്തം ലേഖികUpdated: Sunday Mar 29, 2020
പാലക്കാട്‌
ലോക്ക്‌ ഡൗൺ പശ്ചാത്തലത്തിൽ വിശക്കുന്നവന്റെ വയറുനിറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമൂഹ അടുക്കളകൾ ജില്ലയിൽ സജീവം. 
65 പഞ്ചായത്തിലും ഏഴ്‌ നഗരസഭകളിലും അടുക്കള പ്രവർത്തനം തുടങ്ങി. അവശേഷിക്കുന്ന പഞ്ചായത്തുകളിൽ അടുത്തദിവസം തന്നെ സംവിധാനമൊരുങ്ങും. ആയിരക്കണക്കിന്‌ പേർക്കാണ്‌ ഈ ജനകീയ അടുക്കളകളിൽനിന്ന്‌  പൊതിച്ചോർ വിതരണം ചെയ്‌തത്‌. 
ലോക്ക്‌ ഡൗൺ സാഹചര്യത്തിൽ വിവിധ കാരണങ്ങളാൽ ഭക്ഷണം പാചകം ചെയ്യാൻ സാധിക്കാത്തവർ,  രോഗികൾ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, സ്വന്തം നാടുകളിലേക്ക്‌ തിരിച്ചുപോകാൻ കഴിയാതെ വന്നവർ എന്നിവർക്കാണ്‌ സമൂഹ അടുക്കള ആശ്വാസം പകരുന്നത്‌. ക്യാമ്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്കും മൂന്നുനേരം ഭക്ഷണം എത്തിക്കുന്നു.  
ഭക്ഷണത്തിനാവശ്യമായ പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വിവിധ സംഘടനകളും വ്യാപാരികളുമൊക്കെ അടുക്കളയിൽ എത്തിക്കുന്നുണ്ട്‌. പ്രതിസന്ധി കാലത്ത്‌ ജനം ഒരേ മനസോടെ മുന്നേറുകയാണ്‌. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ്‌ സമൂഹ അടുക്കളയുടെ പ്രവർത്തനം. 
ഭൂരിപക്ഷം പഞ്ചായത്തുകളിലും കുടുംബശ്രീയെയാണ്‌ ആശ്രയിക്കുന്നത്‌. ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്‌. ആവശ്യക്കാർക്ക്‌ വിളിക്കാൻ ഫോൺ നമ്പറുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്‌. 
വളണ്ടിയർമാർ വീടുകളിലെത്തിയാണ്‌ പലർക്കും ഭക്ഷണം നൽകിയത്‌. നേരിട്ട്‌ എത്തുന്നവർക്കും ഭക്ഷണം നൽകുന്നു.
പ്രധാന വാർത്തകൾ
 Top