17 January Sunday

പിന്നോട്ട്‌ നടക്കുന്ന പട്ടാമ്പി

പി കെ സുമേഷ്‌Updated: Saturday Nov 28, 2020

പട്ടാമ്പി സ്‌റ്റേറ്റ്‌ ബാങ്കിന്‌ മുന്നിൽ നടപ്പാതയിൽ കുന്നുകൂടി കിടക്കുന്ന മാലിന്യത്തിൽ ഭക്ഷണം തിരയുന്ന തെരുവുനായ

 

 
പട്ടാമ്പി
ദീർഘകാലമായി യുഡിഎഫ്‌ ഭരിക്കുന്ന നഗരസഭയാണ്‌ പട്ടാമ്പി. സംസ്ഥാനമാകെ സർവമേഖലയിലും‌ വികസനം കുതിക്കുമ്പോൾ അതിന്‌ അപവാദമാകുകയാണ്‌ പട്ടാമ്പി നഗരസഭ. ജനകീയാസൂത്രണ പദ്ധതി നടപ്പാക്കിത്തുടങ്ങി‌ വർഷം പലത്‌ കടന്നുപോയെങ്കിലും പട്ടാമ്പിയിൽ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്കൊന്നും  പരിഹാരമില്ല. 
നഗരസഭയിലെ രണ്ട് വലിയ കുടിവെള്ള പദ്ധതികൾ ഭാരതപ്പുഴയിലാണ്. വർഷങ്ങൾ പഴക്കമുള്ള ആദ്യപദ്ധതിയിൽ തുടക്കംമുതലേ ശുചീകരണസംവിധാനം ഇല്ല. 
പേരിന്‌ ക്ലോറിൻ പൗഡർ വിതറി കുടിവെള്ളം പമ്പു ചെയ്യുന്നു. പട്ടാമ്പി ടൗൺ ഉൾപ്പെടെ നഗരത്തിലെ പ്രധാന പ്രദേശങ്ങളിലെല്ലാം കുടിക്കാൻ വിതരണം ചെയ്യുന്നത്‌ ഈ മലിനജലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുസമയത്ത്‌ യുഡിഎഫ്‌ മുന്നോട്ടുവച്ച  പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളൊന്നും നടപ്പാക്കിയില്ല. 
● സമീപ പഞ്ചായത്തുകൾ മുന്നോട്ട്‌
പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം തൊട്ടടുത്ത പഞ്ചായത്തുകൾ വികസനരംഗത്ത്‌ കാതങ്ങൾ മുന്നേറിയപ്പോൾ പട്ടാമ്പി നഗരസഭ പിറകോട്ട്‌ നടന്നു. 
സംസ്ഥാനസർക്കാരും എംഎൽഎയും നിർദേശിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിലും മെല്ലെപ്പോക്ക്‌. ഇക്കാരണത്താൽ നഗരത്തിന്‌ പല പദ്ധതികളും നഷ്ടമായി. ചിലത്‌ നീണ്ടുപോയി. പദ്ധതികൾ നടപ്പാക്കാതെ കഴിഞ്ഞ അഞ്ചുവർഷം‌ 13.87 കോടിരൂപ‌  നഷ്‌ടപ്പെടുത്തി‌.
● മലിനം നഗരം
മാലിന്യസംസ്‌കരണത്തിന് സംവിധാനമില്ലാത്തതിനാൽ മാലിന്യമയമാണ്‌ നഗരം. കുടിവെള്ളസ്രോതസ്സുകളിലും മാലിന്യം കലരുന്നു. നഗരത്തിലെ അഴുക്കുചാലുകളിലെ മലിനജലം ഒഴുകിയെത്തുന്നത്‌ ഭാരതപ്പുഴയിലാണ്‌. ഖരമാലിന്യ സംസ്‍കരണത്തിനെന്ന പേരിൽ കൊട്ടി‌ഘോഷിച്ചു കൊണ്ടുവന്ന പദ്ധതികൾ എങ്ങുമെത്തിയില്ല. 
തെരഞ്ഞെടുപ്പിനു മുന്നോടിയായി മാലിന്യ സംസ്‌കരണപ്ലാന്റ്‌ ‘ഉദ്ഘാടനം’ ഇത്തവണയും നടത്തി. പട്ടാമ്പിയുടെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രായോഗികമായ പദ്ധതികളൊന്നുമില്ല. 
● തുള്ളി 
കുടിക്കാനില്ലത്രെ
പട്ടാമ്പിയുടെ പ്രധാനകുടിവെള്ള സ്രോതസായ ഭാരതപ്പുഴയിൽ ഏറ്റവും കൂടുതൽ കോളിഫാം ബാക്റ്റീരിയയെ കണ്ടെത്തിയ പ്രദേശമാണ് പട്ടാമ്പി. കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങളിൽ ചെറുകിടപദ്ധതികളുമില്ല. സമഗ്ര കുടിവെള്ളപദ്ധതി ഉണ്ടായിട്ടും നഗരപ്രദേശമൊഴികെ  മറ്റിടങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാൻ ഇതുവരെ കഴിഞ്ഞില്ല. വിതരണം ചെയ്യുന്ന വെള്ളം ശുചീകരിക്കാനും സംവിധാനമില്ല.
● കൃഷിയോടുമില്ല 
താൽപ്പര്യം
നാടുനീളെ പച്ചക്കറിക്കൃഷി വ്യാപിക്കുമ്പോൾ നഗരസഭയ്‌ക്ക്‌ കാർഷികമേഖലയോട്‌ തൊട്ടുകൂടായ്‌മ. കൃഷി പൂർണമായും അവഗണിക്കപ്പെട്ടു. തരിശുഭൂമി കൃഷിയോഗ്യമാക്കാൻ പദ്ധതിയില്ല.
● രോഗാതുരമീ 
ആശുപത്രി 
നഗരസഭയ്‌ക്കുകീഴിലെ ഗവ. താലൂക്ക്‌ ആശുപത്രി നവീകരിക്കാത്തതിനാൽ പലതും ചോർന്നൊലിക്കാൻ തുടങ്ങി. സ്വകാര്യ ആശുപത്രിക്കാരുടെ താൽപ്പര്യങ്ങൾക്കൊപ്പമാണ്‌  നഗരസഭാനേതൃത്വം.
● സ്വകാര്യ സ്‌കൂളുകൾക്ക്‌ പിന്തുണ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കേരളം മുന്നേറിയപ്പോൾ സ്വകാര്യസ്‌കൂളുകളുടെ നടത്തിപ്പിലാണ്‌ യുഡിഎഫ്‌ ഭരണസമിതിയുടെ ശ്രദ്ധ.
തനതായ വിദ്യാഭ്യാസപദ്ധതി ഇല്ല. നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ സ്വകാര്യ സ്‌കൂളിന് കെട്ടിടം ഉണ്ടാക്കാൻ കൃഷിഭൂമിയുടെ രേഖകളിൽ കൃത്രിമം കാട്ടിയതിന്‌ വിജിലൻസ് കേസുമുണ്ട്‌.
● ‘ബ്ലോക്കായ’ വികസനം
നഗരവികസനത്തിനും പദ്ധതിയില്ല. വളരെ തിരക്ക്‌ അനുഭവപ്പെടുന്ന പട്ടാമ്പി ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമില്ല. വർഷങ്ങൾക്കുമുമ്പ് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച്‌ പിന്നീട് നഗരസഭയ്‌ക്ക് കൈമാറിയ ബൈപ്പാസ് പൂർത്തീയായില്ല. മുൻ എംപി എം ബി രാജേഷും മുഹമ്മദ് മുഹ്സിൻ എംഎൽഎയും സംയുക്തമായി കൊണ്ടുവന്ന റെയിൽവേ അടിപ്പാതപദ്ധതി മുടക്കാൻ നഗരസഭാ ഭരണക്കാർതന്നെ ചരടുവലിച്ചു. സ്വന്തമായി സ്ഥലമുണ്ടായിട്ടും സർക്കാർ പ്രഖ്യാപിച്ച ഫയർസ്റ്റേഷന് ആവശ്യമായ സ്ഥലം വിട്ടു നൽകിയില്ല. മുൻ എൽഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസ്‌സ്‌റ്റാൻഡ് അനുവദിച്ചതോടെ പഴയത്‌‌ പൊളിച്ചുമാറ്റിയതല്ലാതെ പുനർനിർമിച്ചില്ല. 
ഏഴുവർഷംമുമ്പ് പൊളിച്ച പഴയ മാർക്കറ്റ് സ്ഥലത്ത്‌ ടൗൺഹാൾ നിർമിക്കുമെന്ന ഭരണസമിതിയുടെ പ്രഖ്യാപനം കടലാസിൽ. ദീർഘകാല ആവശ്യങ്ങളിലൊന്നായ പൊതുശ്‌മശാനവും യാഥാർഥ്യമായില്ല. നഗരഭരണത്തെ കേവലം കറവപ്പശുവായി കാണുകയാണ്‌ യുഡിഎഫ്‌. ടൗണിലെയും മത്സ്യമാർക്കറ്റിലെയും കച്ചവടക്കാർക്ക് അമിത വാടകയും ചുമത്തി. സ്വജനപക്ഷപാതവും നിഷ്‌ക്രിയത്വവും കൈമുതലായുള്ള യുഡിഎഫ്‌ ഭരണസമിതിയുടെ ഭരണത്തിന്‌ അന്ത്യംകുറിക്കാനുളള തെരഞ്ഞെടുപ്പാകും ഇതെന്ന് ഉറപ്പിക്കുകയാണ്‌ പട്ടാമ്പിയിലെ ‌ വോട്ടർമാർ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top