21 October Wednesday
കോവിഡ്‌ രോഗികൾ കൂടി

ചികിത്സാകേന്ദ്രം: മാനദണ്ഡം മാറ്റുന്നു

സി അജിത‌്Updated: Monday Sep 28, 2020
പാലക്കാട്‌
ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം അഞ്ഞൂറും കടന്ന്‌ കുതിക്കുന്നതോടെ ചികിത്സാകേന്ദ്രങ്ങളുടെ മാനദണ്ഡം ആരോഗ്യവകുപ്പ്‌ മാറ്റുന്നു. ന്യുമോണിയയുടെ അവസ്ഥയിലെത്തുന്ന, ഓക്‌സിജൻ സഹായം ആവശ്യമുള്ള ‘കാറ്റഗറി സി’ വിഭാഗം രോഗികളെ മാത്രമേ ഇനി കോവിഡ്‌ ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കൂ. രോഗലക്ഷണവും മറ്റ്‌ അസുഖവുമുള്ള ‘കാറ്റഗറി ബി’ രോഗികളെ പ്രഥമതല  ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിക്കും‌. 
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക്‌ മാനദണ്ഡം പാലിച്ച്‌ പരമാവധി വീട്ടിൽ ചികിത്സ ഒരുക്കും. നേരത്തേ കാറ്റഗറി ബി, സി രോഗികളെ ജില്ലാ ആശുപത്രിയിലും രോഗലക്ഷണമില്ലാത്തവരെ പ്രഥമതല ചികിത്സാകേന്ദ്രത്തിലും ‌ പ്രവേശിപ്പിച്ചിരുന്നു. 
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,355.  
ജില്ലാ ആശുപത്രിയിൽ ഐസിയുവിലെ 40 പേർ ഉൾപ്പെടെ 120 പേരെയാണ്‌ പ്രവേശിപ്പിക്കാനാകുക. ഇവിടെ  166 രോഗികളുണ്ട്‌.  രോഗികൾ വലിയതോതിൽ വർധിക്കാനുള്ള സാധ്യത മുൻനിർത്തി മാങ്ങോട്‌ കേരള മെഡിക്കൽ കോളേജുകൂടി കോവിഡ്‌ ആശുപത്രിയാക്കി ഉയർത്താൻ നടപടി ആരംഭിച്ചു. നിലവിൽ ഇവിടെ പ്രഥമ, ദ്വിതീയതല  ചികിത്സയാണുള്ളത്‌. 
ജില്ലയിൽ പ്രവർത്തനത്തിലുള്ള ഏഴ്‌ പ്രഥമതല ചികിത്സാകേന്ദ്രത്തിലെയും കിടക്ക നിറയുകയാണ്‌. 890 കിടക്കയുള്ള കഞ്ചിക്കോട്‌ കിൻഫ്രയിൽ മാത്രമാണ്‌ കുറച്ചെങ്കിലും ഒഴിവുള്ളത്‌. ഞായറാഴ്‌ച രാവിലെത്തെ കണക്കുപ്രകാരം 460 പേർ ഇവിടെ ചികിത്സയിലുണ്ട്‌.  ആരോഗ്യപ്രവർത്തകരുടെ കുറവ്‌ നേരിടുന്നതിനാൽ പൂർണതോതിൽ ഇത്‌ പ്രവർത്തിപ്പിക്കാനാകുമോയെന്ന ആശങ്കയുണ്ട്‌.
ജില്ലയിൽ 929 രോഗികൾ വീട്ടിൽ ചികിത്സയിലുണ്ട്‌.  കുടുംബത്തോടെ രോഗം ബാധിക്കുന്നവരെ ഒന്നിച്ച്‌ വീട്ടിൽ കഴിയാനാണ്‌ നിർദേശിക്കുന്നത്‌. ആരോഗ്യപ്രവർത്തകരുടെ കൃത്യമായ നിരീക്ഷണമുണ്ടാകും. വീട്ടുചികിത്സ പൊതുവെ ഫലപ്രദമെന്നാണ്‌ വിലയിരുത്തൽ.  
31 വെന്റിലേറ്റർ
സർക്കാർ മേഖലയിൽ കോവിഡ്‌ ചികിത്സയ്‌ക്ക്‌ 31 വെന്റിലേറ്റർ മാറ്റിവച്ചു. ജില്ലാ ആശുപത്രിയിൽ 28 എണ്ണവും മാങ്ങോട്‌ മെഡിക്കൽ കോളേജിൽ മൂന്നെണ്ണവും.  ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കാണ്‌ വെന്റിലേറ്റർ സഹായം വേണ്ടത്‌. നിലവിൽ ജില്ലാ ആശുപത്രിയിലെ രണ്ടുരോഗികൾ വെന്റിലേറ്റർ സഹായത്തോടെയാണ്‌ കഴിയുന്നത്‌.
സ്വകാര്യ ആശുപത്രി ചികിത്സ: ഉത്തരവിറങ്ങി
പ്രഥമതല ചികിത്സാകേന്ദ്രങ്ങൾ നിറയുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കണമെന്ന ഉത്തരവിറങ്ങി. 50 കിടക്കകൾക്ക്‌ മുകളിലുള്ള   സ്വകാര്യ ആശുപത്രികൾ കോവിഡ്‌ ചികിത്സയ്‌ക്ക്‌ 10 ശതമാനം കിടക്ക മാറ്റിവയ്‌ക്കണമെന്ന് ‌ കലക്ടര്‍    ഉത്തരവിൽ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ സ്ഥിരം ചികിത്സ തേടുന്നവർ കോവിഡ്‌ പോസിറ്റീവ്‌ ആയാൽ അവരെ അതേ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയ്യാറാകണമെന്നാണ്‌ ആരോഗ്യവകുപ്പ്‌ ആവശ്യപ്പെട്ടത്‌. സമവായത്തിന്‌ സ്വകാര്യ ആശുപത്രികൾ തയ്യാറാകാത്തതോടെയാണ്‌ കലക്ടർ ഉത്തരവിറക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top