19 February Tuesday
വാണിയംകുളം ഭൂചലനം

വർധിച്ച ജലസഞ്ചാരത്തിന്റെ പ്രതിഫലനം: കോർ കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018

 

പാലക്കാട‌്
വാണിയംകുളത്ത‌് കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ചെറു ഭൂചലനങ്ങളിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന‌് ഭാരതപ്പുഴ കോർ കമ്മിറ്റി വിദഗ‌്ധസംഘം. എന്നാൽ കരുതൽ വേണം. ഇത്തരത്തിൽ തുടർചലനങ്ങൾക്ക‌് സാധ്യതയുണ്ട‌്. ഭൂമിക്കടിയിലൂടെ വർധിച്ച തോതിൽ ജലസഞ്ചാരമുണ്ടാകുമ്പോൾ അനുഭവപ്പെടുന്ന സ്വാഭാവിക ചലനമാണിത‌്. അത‌് അപകടകരമല്ലെന്നും കോർ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരളത്തിൽ ഉണ്ടായിട്ടുള്ള ചെറു ഭൂചലനങ്ങളുടെ പ്രധാന മേഖലകളിലൊന്നാണ് വടക്കാഞ്ചേരിക്കും ഇരിങ്ങാലക്കുടയ്ക്കും എരുമേലിക്കും മൂവാറ്റുപ്പുഴയ്ക്കും ഇടയ്ക്കുള്ള ഭൂപ്രദേശം. ഈ പ്രദേശങ്ങളിൽ 1993 മുതൽ നേരിയ തോതിൽ ഭൂചലനങ്ങൾ കണ്ടുവരുന്നുണ്ട്. 1993ൽ വടക്കാഞ്ചേരിയിലും 1994ൽ വരവൂർ ദേശമംഗലം പ്രദേശത്തും റിക‌്ടർ സ്കെയിലിൽ മൂന്ന‌് രേഖപ്പെടുത്തിയ ചലനങ്ങളുണ്ടായി. അക്കാലങ്ങളിൽ പട്ടാമ്പി ഷൊർണൂർ, ആറങ്ങോട്ടുകര, ഓങ്ങല്ലൂർ, വരവൂർ, മുതുതല, വിളയൂർ, തൃത്താല, ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ കമ്പനങ്ങൾ അനുഭവപ്പെട്ടിരുന്നു. 1993ൽ ഈ മേഖലയിലെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ദേശമംഗലത്തും തലശേരിയിലും  ഭാരതപ്പുഴയുടെ പള്ളം ഭാഗത്തുമാണെന്ന് ഭൗമശാസ്ത്രജ്ഞർ കണ്ടെത്തി. എന്നാൽ 1996ൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ചെറുതുരുത്തിയിലെ വരവൂരിലായിരുന്നു. ഭൂമിക്കടിയിൽ ഇടിവെട്ടുന്നതുപോലുള്ള ശബ‌്ദവും എന്തോ ഉരുണ്ടുനീങ്ങുന്നതുപോലുള്ള അനുഭവവുമാണ് സാധാരണയായി ചലനം സംഭവിക്കുമ്പോൾ ഉണ്ടാകാറുള്ളത്. ഇതിനുശേഷവും ഈ പ്രദേശങ്ങളിൽ ചെറു ചലനങ്ങളുണ്ടായതായും രേഖപ്പെടുത്തിയിട്ടുണ്ട്. 
ഭൂമിക്കടിയിലൂടെ വർധിച്ച ജലസഞ്ചാരമുണ്ടാകുമ്പോൾ അവിടത്തെ പാറകൾക്ക് ചില മാറ്റങ്ങൾ സംഭവിക്കാനിടയുണ്ട്. വിള്ളലുകൾക്കിടയിൽ കളിമണ്ണിലെ ജലാംശം വർധിക്കുകയും അവ തമ്മിലുള്ള ഉരസിലിന് ശക്തി കുറയുകയും ചെയ്യുന്നതാണ് പ്രധാന മാറ്റം. ഇങ്ങനെ സംഭവിക്കുന്നതോടെ ജലമേഖലയ്ക്കടുത്തുള്ള പരിസ്ഥിതി അസ്വസ്ഥമാകുന്നു. തുടർന്നുണ്ടാകുന്ന ചില സ്വാഭാവിക ക്രമീകരണ പ്രക്രിയയിലൂടെയാണ് ഇത്തരം ചെറു കമ്പനങ്ങൾ ഉണ്ടാവുന്നത്. 1988ലെ ഇടുക്കി ഭൂചലനം മുതൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഈ പ്രതിഭാസം കേരളത്തിൽ കണ്ടുവരാറുണ്ട്. 
ഭാരതപ്പുഴ നദീതടം ഉൾപ്പെടെ കേരളത്തിലെ എല്ലാ നദീതടങ്ങളോടുചേർന്നും ഭൂമിയുടെ പുറന്തോട്ടിലെ പാറയടുക്കുകളിൽ ധാരാളമായി ഭൂവിള്ളലുകൾ  ഉണ്ട്. ഈ അടുക്കുകൾ മർദംകൊണ്ട‌്  പരസ്പരം തെന്നിമാറുമ്പോഴാണ് ചെറു ചലനങ്ങൾ ഉണ്ടാകുന്നത‌്. മർദ മൂലം ഭൂവിള്ളലുകൾ സജീവമാകുമ്പോൾ ആദ്യഘട്ടത്തിൽ പാറകൾ വികസിക്കും. പിന്നീട് ചെങ്കൽപ്പാറകളിൽനിന്നും ഭൂമിക്കടിയിലുള്ള കളിമണ്ണിൽ നിന്നും ജലകണങ്ങൾ പുറന്തള്ളും. ഇതുമൂലമുണ്ടാകുന്ന കിണറുകളിലെ തിരയിളക്കം കേരളത്തിൽ കണ്ടുവരുന്ന മറ്റൊരു പ്രതിഭാസമാണ്. രണ്ടാംഘട്ടത്തിൽ പാറകളിലെ സുഷിരങ്ങൾ വലുതായി നേരിയ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നു. ഇതിലേക്ക് വെള്ളം താഴാൻ തുടങ്ങും. ഈ ഘട്ടത്തിലാണ് കിണറുകൾ അപ്രത്യക്ഷമാകുന്നത്. ഭൂവിള്ളലുകൾ ശൂന്യമായ സ്ഥലങ്ങളായതിനാൽ കിണറുകളിലെ വെള്ളത്തെ താഴോട്ടു വലിക്കുന്നു. ഈ മൂന്നാംഘട്ടത്തിൽ വിള്ളലുകൾ വലുതാകുകയും നേരിയ ചലനങ്ങൾ ഉണ്ടാകുകയും ചെയ്യും. 
ഭാരതപ്പുഴ തീരങ്ങളിൽ കിണറുകളിൽ തിരയിളക്കം കാണുന്നതോ കിണറിടിച്ചിൽ സംഭവിക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ മുൻകരുതൽ കൈക്കൊള്ളണമെന്ന് കോർ കമ്മിറ്റി അഭിപ്രായപ്പെട്ടു. അതേസമയം ചെറു ചലനങ്ങളെ അവഗണിക്കാതിരക്കുകയും കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കാൻ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ ഇടപെടൽ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് കോർ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഭാരതപ്പുഴ കോർകമ്മറ്റി അംഗങ്ങളായ  ഹരിതകേരള മിഷൻ ജില്ലാ കോ‐ഓഡിനേറ്റർ വൈ കല്യാണകൃഷ‌്ണൻ, ഭാരതപ്പുഴ പ്രോജക്ട‌് കൺവീനർ ഐ എം സതീശൻ, ജില്ലാ പഞ്ചായത്തംഗം സന്ധ്യ, പഞ്ചായത്ത‌് അംഗം കൃഷ‌്ണകുമാർ എന്നിവർ ഭൂചലനമുണ്ടായ പ്രദേശങ്ങൾ  സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top