29 May Sunday
എ കെ ബാലൻ ആരോഗ്യമന്ത്രിയെ വിളിച്ചു

ജില്ലാ ആശുപത്രിയിൽ മികച്ച 
സൗകര്യമൊരുക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

 

 
പാലക്കാട്‌
ജില്ലാ ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാനും പരിസര ശുചീകരണം ഉറപ്പാക്കാനും ആരോഗ്യമന്ത്രിയുടെ നിർദേശം. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ വിളിച്ചതിനെതുടർന്നാണ്‌ നടപടി. 
കോവിഡ്‌ ബാധിച്ച്‌ രണ്ടുദിവസം ജില്ലാ ആശുപത്രിയിൽ കിടന്ന എ കെ ബാലൻ അവിടത്തെ സ്ഥിതിഗതികൾ നേരിട്ട്‌ ബോധ്യപ്പെട്ടതിനാലാണ്‌ പ്രശ്‌നം പരിഹരിക്കാൻ ആരോഗ്യമന്ത്രിയുമായി സംസാരിച്ചത്‌. കഴിഞ്ഞ വർഷം കോവിഡ്‌ ബാധിതനായി ജില്ലാ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഉണ്ടായിരുന്ന സൗകര്യങ്ങളിൽ കുറവ്‌ അനുഭവപ്പെട്ടതോടെയാണ്‌ കാര്യമന്വേഷിച്ചത്‌. 
ജില്ലാ മെഡിക്കൽ ഓഫീസർ അവധിയിലാണ്‌. ആശുപത്രിക്ക്‌ സൂപ്രണ്ടില്ല. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറും കോവിഡ്‌ ബാധിച്ച്‌ അവധിയിലാണ്‌. 30 ശതമാനം ജീവനക്കാർ കോവിഡ്‌ ബാധിതരാണ്‌. കേന്ദ്ര സർക്കാർ കോവിഡ്‌ ബ്രിഗേഡിനുള്ള വേതനം നിർത്തിയതോടെ അവരുടെ സേവനവും ലഭിക്കാതായി. 
ശുചീകരണ തൊഴിലാളികളുടെ അഭാവവും പരിസരശുചീകരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഇക്കാര്യം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെയും വിളിച്ചു. ശുചീകരണ തൊഴിലാളികളെ നിയമിക്കാനും നടപടിയായി. 
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യമന്ത്രി ഇടപെട്ടതോടെ ജില്ലാ മെഡിക്കൽ ഓഫീസറെയും  ജില്ലാ ആശുപത്രി സൂപ്രണ്ടിനെയും നിയമിക്കാൻ നടപടിയായി. നാൽപ്പതോളം ജീവനക്കാരെ ഉടൻ നിയമിക്കുമെന്ന്‌ ആരോഗ്യമന്ത്രി ഉറപ്പ്‌ നൽകി. അതിവ്യാപനം കണക്കിലെടുത്ത്‌ കുടുതൽ ജാഗ്രതയോടെ കൂട്ടായി പ്രവർത്തിക്കേണ്ട കാലഘട്ടമാണെന്ന്‌ എ കെ ബാലൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top