17 January Sunday
നഗരസഭാ വികസനം

തലയെടുപ്പോടെ ഒറ്റപ്പാലം

എം സനോജ്‌Updated: Friday Nov 27, 2020

എൽഡിഎഫ്‌ ഭരണസമിതി നേതൃത്വത്തിൽ നവീകരിച്ച ഒറ്റപ്പാലം ബസ് സ്റ്റാൻഡ്‌

 

 
 ഒറ്റപ്പാലം
എൽഡിഎഫ് ഭരണത്തിൽ മനംനിറഞ്ഞ്‌ ഒറ്റപ്പാലം ജനത. കക്ഷിരാഷ്ടീയം നോക്കാതെ നഗരസഭയിലെ 36 വാർഡുകളിലും വികസനം എത്തിച്ചാണ് എൽഡിഎഫ്‌ ഭരണസമിതി സ്ഥാനമൊഴിഞ്ഞത്‌. ബസ് സ്റ്റാൻഡ്‌, സമഗ്ര ശുദ്ധജലപദ്ധതി, താലൂക്ക്‌ ആശുപത്രി വികസനം, നഗരസഭാ മന്ദിരം, റോഡുകൾ, ആയുർവേദ ആശുപത്രി വികസനം, ക്ലീൻ ഒറ്റപ്പാലം, ലൈഫ് ഭവന പദ്ധതി, വിദ്യാലയങ്ങളുടെ വികസനം, എസ് സി, എസ്ടി വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം, കുട്ടികളുടെ പാർക്ക്, തൊഴിലുറപ്പ് പദ്ധതി, ആധുനിക സൗകര്യങ്ങളോടെയുള്ള അങ്കണവാടി നിർമാണം എന്നിങ്ങനെ നിരവധി രംഗത്ത്‌ വേറിട്ട വികസനം നടപ്പാക്കി. 
20 കോടി ചെലവിൽ ഒറ്റപ്പാലത്ത് ബസ് സ്റ്റാൻഡ്‌ പണി പൂർത്തിയാക്കി. 300 ബസ്സുകൾക്കും 60 ഓട്ടോറിക്ഷകൾക്കും സുഗമമായ സഞ്ചാരത്തിന്‌ സ്‌റ്റാൻഡ്‌ സഹായകമാണ്‌. 112 കടമുറികളും ബസ് സ്റ്റാൻഡിലുണ്ട്. മീറ്റ്ന തടയണയുടെ നിർമാണവും ശുദ്ധജല വിതരണ ശൃംഖല വിപുലീകരണവും പൂർത്തിയാക്കി. നഗരസഭാ ഓഫീസിന് ഒന്നര കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചു. താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിച്ചു. നഗരസഭ ഫണ്ട് ഉപയോഗിച്ച് അവശ്യമരുന്ന് ലഭ്യമാക്കി.
കേന്ദ്രീകൃത ഓക്സിജൻ പ്ലാന്റ് 29 ലക്ഷം രൂപ‌,  ലിഫ്റ്റ്, മറ്റു ഉപകരണങ്ങൾ നന്നാക്കൽ –- 26 ലക്ഷം, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി –- 18 ലക്ഷം, ക്യാന്റീൻ കെട്ടിടം –- 9.5 ലക്ഷം, പുതിയ പരിശോധനാ ഉപകരണങ്ങൾ –- 40 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചു. താലൂക്ക്‌ ആശുപത്രിയിൽ കണ്ണ്‌ ഓപ്പറേഷൻ വാർഡ് നവീകരിച്ചു. മോർച്ചറി പരിസരം ഇന്റർലോക്ക് പാകി വൃത്തിയാക്കി. പാർക്കിങ് സൗകര്യമേർപ്പെടുത്തി. ക്യാൻസർ പരിശോധന –- കീമോതെറാപ്പി യൂണിറ്റുകളാരംഭിച്ചു. ആവശ്യമായ മരുന്നുകൾ നഗരസഭയാണ് വാങ്ങി നൽകുന്നത്. 
നഗരസഭ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് കണ്ണിയംപുറം ഗവ. ആയുർവേദ ആശുപത്രിയിൽ പേ വാർഡ് നിർമിച്ചു. 120 ലക്ഷം രൂപയുടെ മരുന്ന്‌ നൽകി. മീറ്റ്നയിലെ ഹോമിയോ ആശുപത്രി കെട്ടിടം പുനർനിർമിച്ചു. 
എട്ടുലക്ഷം രൂപയുടെ മരുന്നുകൾ നൽകി. ‘ശുചിത്വ നഗരം സുന്ദര നഗരം’ എന്ന മുദ്രാവാക്യവുമായി ‘ക്ലീൻ ഒറ്റപ്പാലം’ പദ്ധതി നടപ്പാക്കി. 54 അംഗ ഹരിതകർമസേന രൂപീകരിച്ച് വീടുതോറും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. പിഎംഎവൈ, ലൈഫ് പദ്ധതികൾ ഉപയോഗപ്പെടുത്തി 1600 പാവപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം എത്തിച്ചു.
 500ലധികം വീടുകൾ പൂർത്തിയാക്കി. 
മുടങ്ങിക്കിടന്ന 52 വീടുകളുടെ പണി പൂർത്തിയാക്കി. നാലുലക്ഷം രൂപയുടെ ധനസഹായത്തിൽ രണ്ടു ലക്ഷം നൽകുന്നത് നഗരസഭയാണ്. സ്ഥലമില്ലാത്ത 1707 പേർക്ക് സ്ഥലവും വീടും നൽകും. പട്ടികജാതി വീടുകളുടെ അറ്റകുറ്റപ്പണിക്ക്‌ 350 ലക്ഷം രൂപ വിതരണം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ 12 അങ്കണവാടികൾ പുനർനിർമിച്ചു. 
ഒരുകോടി രൂപയാണ് ചെലവ്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു.  ഈസ്റ്റ് ഗവ. സ്കൂളിന്റെ  അറ്റകുറ്റപ്പണികൾക്ക്‌ 22 ലക്ഷം രൂപ ചെലവഴിച്ചു. ഗവ. ബധിരമൂക സ്കൂളിൽ കെട്ടിടം പണിതു. 6,850 ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ എത്തിക്കുന്നു. ലൈബ്രറി, കുടുംബശ്രീ വികസനങ്ങൾ നടപ്പാക്കി. 
നാടിന്റെ വികസനത്തെ എതിർത്തും കൗൺസിൽ യോഗം തടസപ്പെടുത്തിയതുമാണ് പ്രതിപക്ഷാംഗങ്ങൾ അഞ്ചുവർഷം കഴിച്ചുകൂട്ടിയത്‌. 
എന്നാൽ പക്ഷപാതരഹിതമായും നീതിനിഷ്ഠമായും വികസനമുന്നേറ്റത്തിന്  നേതൃത്വം നൽകിയ ചാരിതാർഥ്യത്തോടെയാണ്‌ അഞ്ചുവർഷം പൂർത്തിയാക്കിയതെന്ന്‌ ചെയർമാൻ എൻ എം നാരായണൻ നമ്പൂതിരി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top