15 October Tuesday
ജില്ലാ ആശുപത്രിയിൽ

ക്യാൻസർ ചികിത്സയ്‌ക്ക്‌ പ്രത്യേക വാർഡ്‌

വേണു കെ ആലത്തൂർUpdated: Tuesday Aug 27, 2019
പാലക്കാട്‌
ജില്ലാ ആശുപത്രിയിൽ ഓങ്കോളജി വാർഡ്‌ ഒരുങ്ങുന്നു. ജില്ലയിൽ ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ക്യാൻസർ ലെവൽ ടു വികസനമായി മന്ത്രി കെ കെ ശൈലജയുടെ നിർദേശ പ്രകാരമാണ്‌ ജില്ലാ പഞ്ചായത്ത്‌ മുൻകൈയെടുത്ത്‌ വാർഡ്‌ നിർമിക്കുന്നത്‌.
 36 കോടി രൂപയാണ്‌ പദ്ധതിച്ചെലവ്‌. ഇറോം ഗ്രൂപ്പ്‌ സംഭാവനയായി പത്തു കോടി രൂപ വാഗ്‌ദാനം ചെയ്‌തു.  
ക്യാൻസർ ചികിത്സാസംവിധാനമൊരുക്കാൻ  കൊച്ചിൻ ക്യാൻസർ കെയർ സെന്റർ മേധാവി ഡോ. മോനി കുര്യാക്കോസിനെ നോഡൽ ഓഫീസറായി സർക്കാർ നിശ്‌ചയിച്ചു. 
അദ്ദേഹവുമായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ശാന്തകുമാരി, കലക്ടർ ഡി ബാലമുരളി, ആശുപത്രി സൂപ്രണ്ട്‌ ഡോ. രമാദേവി, ഇറോം ഗ്രൂപ്പ്‌ മേധാവി ഡോ. സിദ്ദിഖ്‌ അഹമ്മദ്‌ എന്നിവർ ഞായറാഴ്‌ച ചർച്ച ചെയ്യുകയും കെട്ടിടം നിർമിക്കുന്ന സ്ഥലം സന്ദർശിക്കുകയും ചെയ്‌തു. ആധുനിക സംവിധാനത്തോടെ ഇറോം ഗ്രൂപ്പ്‌ കെട്ടിടം നിർമിച്ചു നൽകും. ജില്ലാ ആശുപത്രിവളപ്പിലെ പഴയ ടി ബി വാർഡ്‌ നിൽക്കുന്ന സ്ഥലത്താണ്‌ ഓങ്കോളജി വിഭാഗം ഉയരുക. സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയുടെ സഹരണത്തോടെ ചികിത്സ ഉപകരണങ്ങൾ കണ്ടെത്തും. 
ജില്ലയിൽ ഒരിടത്തും ക്യാൻസർ ചികിത്സയ്‌ക്ക്‌ സംവിധാനമില്ല. ജില്ലാ ആശുപത്രിയിൽ റേഡിയേഷൻ സംവിധാനമില്ലാത്തിനാൽ രോഗികളിൽ  ഭൂരിഭാഗവും തിരുവനന്തപുരം ആർസിസിയിലേക്കാണ്‌ പോകുന്നത്‌. കിമോതെറാപ്പിസൗകര്യമുണ്ടെങ്കിലും രോഗികൾ കൂടുന്നതനുസരിച്ച്‌  സൗകര്യമില്ല. 
രോഗികളിൽ 50 ശതമാനംപേർക്ക്‌ റേഡിയേഷൻതൊറാപ്പി വേണം. സ്വകാര്യ ആശുപത്രികളിലും ക്യാൻസറിന്‌ റേഡിയേഷൻ ഇല്ല.  
ക്യാൻസർ ചികിത്സയ്‌ക്ക്‌ ആവശ്യമായ ലീനിയർ ആക്‌സിലേറ്റർ സംവിധാനത്തോടെയുള്ള കെട്ടിടമാണ്‌ ആവശ്യം. അത്യാധുനിക സൗകര്യമുള്ള കെട്ടിടം ഉയർന്നാൽ ആർസിസിയിലേക്കു പോകാതെ ജില്ലാ ആശുപത്രിയിൽത്തന്നെ ക്യാൻസർ ചികിത്സിക്കാനാകുമെന്ന്‌ ജില്ലാ ആശുപത്രി സൂപ്രണ്ട്‌ ഡേ. രമാദേവി പറഞ്ഞു. ഓങ്കോളജി വിഭാഗം യാഥാർഥ്യമാക്കാൻ നടപടി ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ശാന്തകുമാരി അറിയിച്ചു. ഒരുക്കിവയ്‌ക്കേണ്ട ചികിത്സാ ഉപകരണങ്ങളുടെ പട്ടിക ഡോ. മോനി കുര്യാക്കോസ്‌ തയ്യാറാക്കും.
പ്രധാന വാർത്തകൾ
 Top