22 February Friday
ഡയറക്ടർബോർഡ്‌ അംഗങ്ങൾക്ക‌് ബിജെപി നേതൃത്വവുമായി അടുത്ത ബന്ധം

കരാർ കമ്പനിയും അതോറിറ്റിയും ഒത്തുകളിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018
പാലക്കാട‌്
വടക്കഞ്ചേരി– മണ്ണുത്തി ദേശീയപാത കുണ്ടും കുഴികളുമായി ഗതാഗതം ദുസ്സഹമാകുമ്പോഴും  ദേശീയപാത അധികൃതരും കരാർ കമ്പനിയും ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തം. കരാർ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ബിജെപിയുടെ ഉന്നത നേതാക്കൾ അംഗങ്ങളാണെന്ന വിവരം പുറത്തുവന്നതോടെയാണ‌് ഈ ആരോപണത്തിൽ കഴമ്പുണ്ടെന്ന‌് ജനങ്ങൾ ശരിവയ‌്ക്കുന്നത‌്. 
കെഎംസി കമ്പനി ഹൈദരാബാദ‌് ആസ്ഥാനമായി 1970 ൽ രജിസ‌്റ്റർ ചെയ‌്തതാണ‌്.  ഇതിലെ ഡയറക്ടർബോർഡിൽ അംഗങ്ങളായവർക്ക‌് കേന്ദ്രത്തിലെ ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുണ്ട‌്. ഇന്ത്യയിലെ ദേശീയപാത നിർമാണത്തിലെ മുഖ്യകരാറുകാർ കെഎംസിയാണ‌്. നവീകരണം ഏറ്റെടുത്താൽ പൂർത്തിയാകുന്നതുവരെ നിലവിലുള്ള പാതയിൽ ഗതാഗതം തടസ്സമില്ലാതെ കൊണ്ടുപോകേണ്ടത‌് കരാർ കമ്പനിയുടെ ചുമതലയാണ‌്. നിർമാണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കുഴികൾ, കരാറിൽ പറഞ്ഞ സമയത്തിനകം പണി പൂർത്തിയായില്ലെങ്കിൽ അതിനുശേഷമുള്ള റോഡ‌് നവീകരണം എന്നിവയൊക്കെ കരാർ കമ്പനി ചെയ‌്തുകൊടുക്കേണ്ടതാണ‌്. എന്നാൽ കുതിരാൻ വഴിയുള്ള റോഡ‌് ഇത്രയധികം തകർന്നിട്ടും നന്നാക്കാൻ കമ്പനി അധികൃതർ ശ്രമിക്കുന്നില്ല. സംസ്ഥാന സർക്കാരിന‌് ഇതിൽ ഇടപെടാനും പരിമിതിയുണ്ട‌്. തകർന്ന റോഡുകൾ നന്നാക്കാനുള്ള ചുമതല കരാർ കമ്പനിക്കും മേൽനോട്ടം ദേശീയപാത അതോറിറ്റിക്കുമാണ‌്. എന്നാൽ കരാർ നൽകിയ ഭാഗത്ത‌് ദേശീയപാത അതോറിറ്റി പണം ചെലവഴിച്ച‌് റോഡ‌് നന്നാക്കില്ലെന്നാണ‌് ദേശീയപാത അധികൃതരുടെ വാദം. കരാർ കമ്പനിയെകൊണ്ട‌് ചെയ്യിക്കാൻ ദേശീയപാത അധികൃതർ സമ്മർദവും ചെലുത്തുന്നില്ല.
നവീകരണത്തിന‌് കരാർ നൽകിയ പാതയിൽ സംസ്ഥാന സർക്കാരിനും ഫണ്ട‌് ചെലവഴിക്കാൻ കഴിയില്ല. ഇത‌് അഴിമതിയായി ചിത്രീകരിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ പൂർത്തിയാക്കി കൈമാറേണ്ട ദേശീയപാത സമയം കഴിഞ്ഞ‌് ആറുമാസംപിന്നിട്ടിട്ടും 70 ശതമാനം പോലും പൂർത്തിയായില്ല. കുതിരാനിൽ ഒന്നാം  തുരങ്കം പൂർത്തിയായെങ്കിലും തുറന്നുകൊടുക്കാൻ ഇനിയും കടമ്പകൾ ഏറെയാണ‌്. 
മുംബൈ ആസ്ഥാനമായ പ്രഗതി എന്ന കൺസ‌്ട്രക‌്ഷൻ കമ്പനിയാണ‌് ഒരുകിലോമിറ്റർ ദൂരമുള്ള തുരങ്കപ്പാതയുടെ നിർമാണം ഏറ്റെടുത്തിരിക്കുന്നത‌്. ഇവരുടെ ജോലി പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതും കെഎംസി കമ്പനിയുടെ അനാസ്ഥമൂലമാണെന്നാണ‌് പ്രഗതി കമ്പനി അധികൃതർ പയുന്നത‌്. തുരങ്കം പൂർത്തിയാക്കാൻ 108 കോടി രൂപയ‌്ക്കാണ‌് കരാർ എടുത്തത‌്. എന്നാൽ തുക നൽകുന്നതിൽ വീഴ‌്ചവന്നതിനാൽ പലപ്പോഴും പണി നീണ്ടു. തൊഴിലാളികൾക്ക‌് കൂലി നൽകാത്തതിനാൽ പണിമുടക്കും നേരിടേണ്ടിവന്നു. ഇപ്പോഴാകട്ടെ തുരങ്കത്തിന‌് പുറത്തുള്ള റോഡുകളുടെ അരിക‌്ഭിത്തി അപകടകരമാം വിധം ഇടിയാനും തുടങ്ങി. ഇതോടെ തുരങ്കം തുറക്കുന്നത‌് നീണ്ടുപോകുകയാണ‌്. മാത്രമല്ല, റോഡ‌് നിർമാണത്തിൽ വൻതോതിൽ ക്രമക്കേടും നടന്നതായി ആരോപണമുയർന്നു. നിർമാണം പൂർത്തിയായ റോഡിന്റെ പല ഭാഗത്തും കുണ്ടും കുഴികളുമായി. നിർമാണത്തിലെ അശാസ‌്ത്രീയതയും നിലവാരത്തകർച്ചയും ഇതിനകം വാർത്തയായിരുന്നു. റോഡിന്റെ നിരപ്പ‌് വ്യത്യാസവും പലഭാഗത്തും അപകടത്തിന‌് കാരണമാകുന്നതിനാൽ വീണ്ടും പൊളിച്ച‌് ടാറിങ‌്നടത്തേണ്ടിവന്നു. താൽക്കാലികമായി കുഴിയടച്ച‌് തടിതപ്പുകയാണ‌് കമ്പനി. എന്നാൽ അടച്ച കുഴികൾ മഴയിൽ വീണ്ടും തുറക്കുന്നു. 
ക്വാറിവേസ‌്റ്റും മറ്റുമിട്ട‌് കുഴികൾ താൽക്കാലികമായി ദിവസങ്ങൾക്ക‌് മുമ്പാണ‌് അടച്ചത‌്. എന്നാൽ മഴയിൽ വീണ്ടും കുഴികളായി. വൻകുഴികളിൽ വാഹനങ്ങൾ കുടുങ്ങുന്നത‌് പതിവായിരിക്കുകയാണ‌്. കഴിഞ്ഞദിവസം രാവിലെയും രാത്രിയിലും ചെറിയതോതിൽ ഗതാഗതകുരുക്കുമുണ്ടായി. വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിൽ ദേശീയപാത വിഭാഗം ടാറിങ് നടത്തുമെന്ന‌് തൃശൂർ കലക്ടർക്ക‌് ഉറപ്പുനൽകിയിട്ടുണ്ട‌്. ഇതിനിടെ വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള പാതയിൽ നിർമാണം പൂർത്തിയാക്കിയ റോഡ‌്  പൊളിഞ്ഞത‌് യാത്രാദുരിതമായി. നിർമാണത്തിലെ അപാകമാണ‌് റോഡ‌് കുഴികളായതെന്നാണ‌് ആക്ഷേപം.
പ്രധാന വാർത്തകൾ
 Top