പാലക്കാട്
‘പാട്ടും വാർത്തയും കേൾക്കണം, ഒരു റേഡിയോ തരപ്പെടുത്തിത്തരുമോ സാറേ’ ഓലമേഞ്ഞ ഒറ്റമുറി കൂരയിൽ തളർന്ന ശരീരവുമായി ജീവിതം നയിക്കുന്ന കാശു(70)വിന്റെ കുഞ്ഞാഗ്രഹമാണിത്. ജില്ലാ ആശുപത്രി പാലിയേറ്റീവ് ഹോം കെയർ ടീമിനോടാണ് മനസ്സിലെ ആഗ്രഹം കാശു പങ്കിട്ടത്. തെക്കേ മലമ്പുഴയിൽ അണക്കെട്ടിനക്കരെ പാറക്കളത്ത് വൃഷ്‌ടിപ്രദേശത്ത് കുടിലിനുമുന്നിൽ പാലിയേറ്റീവ് സംഘമെത്തുമ്പോൾ പാതിവായിച്ച ദേശാഭിമാനി പത്രം കൈയിലുണ്ട്. വെറുതെ മറിച്ചുപോകുകയല്ല അറിഞ്ഞ് വായിക്കും. മുടക്കമില്ലാത്ത പെൻഷനും ചികിത്സയും നൽകുന്ന സർക്കാരിന്റെ ക്ഷേമകാര്യങ്ങളെക്കുറിച്ച് വാചാലനാകും. ഏഴാംതരംവരെ പഠിച്ച കാശുവിന് ഇംഗ്ലീഷ് വായിക്കാനും സംസാരിക്കാനും അറിയാമെന്നതും അത്ഭുതപ്പെടുത്തി.
രണ്ടുവർഷംമുമ്പാണ് കിടപ്പിലായത്. പാലിയേറ്റീവിന്റെ പരിചരണത്തിൽ ഇന്ന് വടിയൂന്നി എണീറ്റിരിക്കാം. ഇടയ്‌ക്കിടെ എത്തുന്ന ജില്ലാ ആശുപത്രിയുടെയും മലമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും പാലിയേറ്റീവ് ടീം നൽകുന്ന മരുന്നുകളും ഭക്ഷണക്കിറ്റും വലിയ സാന്ത്വനമാണ്. പഞ്ചായത്തിൽനിന്നുള്ള ആശ്രയ കിറ്റും മുടങ്ങാതെയുണ്ട്. വൃഷ്‌ടിപ്രദേശങ്ങളിൽ വീണുകിടക്കുന്ന കശുവണ്ടിയും കാഞ്ഞിരക്കുരുവും ഭാര്യ തങ്കമണി പെറുക്കിയെടുത്ത് വിൽക്കുന്നതുമാത്രമാണ് ഏകവരുമാനം.
പാലിയേറ്റീവ് ടീം അംഗങ്ങളായ ഡോ. സുജിത്തും നഴ്സിങ് ഓഫീസർ വി ആർ മനോജും മലമ്പുഴയിലെ പാലിയേറ്റീവ് കമ്യൂണിറ്റി നഴ്സ് പ്രസന്ന സുരേഷും ഡ്രൈവർ ബ്രിജേഷും അടുത്തവരവിൽ ഉറപ്പായും റേഡിയോ നൽകാമെന്നേറ്റിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..