20 October Tuesday
സംസ്ഥാന സർക്കാരിന്‌ ഐക്യദാർഢ്യം

കെഎസ്‌കെടിയു അഭിവാദ്യസംഗമം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്‌ പിന്തുണയറിയിച്ച്‌ കർഷകത്തൊഴിലാളികൾ അഭിവാദ്യസംഗമം സംഘടിപ്പിച്ചു. കെഎസ്‌കെടിയുവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ രണ്ടായിരത്തിലധികം കേന്ദ്രത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ആയിരങ്ങൾ അണിനിരന്നു. കർഷകത്തൊഴിലാളി ക്ഷേമനിധി നിലനിർത്താൻ ഓർഡിനൻസ്‌ ഇറക്കുകയും അധിവർഷാനുകൂല്യം നൽകാൻ പണം അനുവദിക്കുകയും ചെയ്‌ത സംസ്ഥാന സർക്കാരിന്‌ അഭിവാദ്യം അറിയിച്ചായിരുന്നു സംഗമങ്ങൾ. 
തിരുവനന്തപുരം മേട്ടുക്കടയിൽ നടന്ന സംഗമം  സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു.
പാലക്കാട്‌ ജില്ലയിലെമ്പാടും സായാഹ്ന സദസ്‌‌ നടത്തി. മുഴുവൻ വില്ലേജ്‌ കേന്ദ്രങ്ങളിലും വെള്ളിയാഴ്‌ച വൈകിട്ട്‌ നാലുമുതൽ ആറുവരെയായിരുന്നു പരിപാടി. ‌  
ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ കൊല്ലങ്കോട്‌ നെന്മേനിയിലും പ്രസിഡന്റ്‌ ടി എൻ കണ്ടമുത്തൻ പാലക്കാട്‌ വെണ്ണക്കരയിലും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി മമ്മിക്കുട്ടി ആനക്കരയിലും കെ കോമളകുമാരി മുണ്ടൂരിലും എം  ഉണ്ണീൻ തെങ്കരയിലും വി കെ ജയപ്രകാശ് ശ്രീകൃഷ്ണപുരത്തും സദസ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ഭാരവാഹികളായ വി കെ ചന്ദ്രൻ തൃത്താല, എം ടി ജയപ്രകാശ് മണ്ണൂർ, വി ചെന്താമരാക്ഷൻ ചിറ്റിലഞ്ചേരി എന്നിവിടങ്ങളിലും ഉദ്‌ഘാടനം ചെയ്‌തു. 
കർഷകത്തൊഴിലാളി പെൻഷൻ 600-ൽനിന്ന് 1,400 ആയി ഉയർത്തി. 800 രൂപയാണ് ഈ സർക്കാർ കാലയളവിൽ ഉയർത്തിയത്. വീണ്ടും 100 രൂപ കൂട്ടുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. കോവിഡ്‌ കാലത്ത് എല്ലാ ക്ഷേമനിധി അംഗങ്ങൾക്കും 1,000 രൂപ വീതം നൽകി. 88 ലക്ഷം കുടുംബങ്ങൾക്ക് കിറ്റ് നൽകി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ ഇത്തരം പ്രവർത്തനം തുടരുകയാണ്‌. ഇതിനെയെല്ലാം ജനങ്ങളിൽനിന്ന്‌ മറച്ചുവയ്‌ക്കാൻ പുകമറ സൃഷ്ടിച്ചും നുണപ്രചരിപ്പിച്ചും അട്ടിമറിക്കാനാണ്‌ ബിജെപിക്കൊപ്പം ചേർന്ന്‌ കോൺഗ്രസും ശ്രമിക്കുന്നത്‌. ഇതിനെതിരെയാണ്‌ സർക്കാരിന്‌ ഐക്യദാർഢ്യം അറിയിച്ച്‌ കർഷകത്തൊഴിലാളികൾ രംഗത്തിറങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top