എം നാരായണൻ നഗർ (ശ്രീകൃഷ്‌ണപുരം)
കേന്ദ്ര സർക്കാരിന്റെ ദ്രോഹനയങ്ങൾക്കെതിരെ പ്രതികരിക്കാൻ തങ്ങൾക്ക് ഭയം തീരെയില്ലെന്ന് പ്രഖ്യാപിച്ച് പുതിയ പോരാട്ടങ്ങൾക്ക് വഴി തുറക്കുകയാണ് ഇന്ത്യയിലെ കർഷകരെന്ന് അഖിലേന്ത്യാ കിസാൻസഭ ജോയിന്റ് സെക്രട്ടറി ഡോ. വിജു കൃഷ്‌ണൻ പറഞ്ഞു. ശ്രീകൃഷ്‌ണപുരത്ത് കേരള കർഷക സംഘം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം.
ഭയമേതുമില്ലാതെ കർഷകർ പോരാട്ടം തുടരും. കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച ഐതിഹാസിക കർഷക സമരചരിത്രം മുന്നിലുണ്ട്. കർഷകക്കൊള്ളയ്‌ക്ക് കോർപറേറ്റുകൾക്ക് വഴിയൊരുക്കാൻ കൊണ്ടുവന്ന കരിനിയമങ്ങൾ പിൻവലിപ്പിക്കാനായത് വലിയ നേട്ടമാണ്. ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികം താങ്ങുവില നൽകണമെന്ന ആവശ്യത്തിനുവേണ്ടി സമരം തുടരും. മോദിയുടെ ജനദ്രോഹ നയങ്ങൾക്കെതിരായ പുതിയ സമരങ്ങൾക്ക് ഡൽഹിയിൽ നടന്ന മസ്‌ദൂർ കിസാൻ സംഘർഷ് മഹാ അധിനിവേശ് പരിപാടിയിൽ രൂപംകൊടുത്തിട്ടുണ്ട്.
കർഷകരും തൊഴിലാളി യൂണിയനുകളുമെല്ലാം പങ്കെടുത്ത യോഗത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് മാർച്ചിലോ ഏപ്രിലിലോ പാർലമെന്റ് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബദൽ നയങ്ങൾക്കുവേണ്ടിയാണ് സമരം. വലിയ രാഷ്‌ട്രീയ മാറ്റത്തിന് ഇത് വഴിയൊരുക്കുമെന്നാണ് വിശ്വാസം. ഇന്ത്യൻ കർഷകരുടെയും തൊഴിലാളിയുടെയും അവരുടെ കുട്ടികളുടെയുമൊക്കെ ഭാവി ഇല്ലാതാക്കുന്ന നയങ്ങളാണ് കേന്ദ്രത്തിന്റേത്. കർഷകരുടെ കടം എഴുതിത്തള്ളുകയോ സഹായിക്കുകയോ ചെയ്യാത്ത കേന്ദ്രം കോർപറേറ്റുകളുടെ 11 ലക്ഷം കോടിയിലേറെ കടം എഴുതിത്തള്ളി. എട്ടു വർഷത്തിനിടെ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം കർഷകർ മരിച്ചുവെന്നാണ് സർക്കാർ കണക്ക്. എന്നാൽ ഇതിലും ഏറെയാണ് മരണസംഖ്യ. കർഷകരുടെയും സ്‌ത്രീകളുടെയും രക്ഷയ്‌ക്ക് എന്ന പേരിൽ മോദി അധികാരത്തിലേറി. എന്നാൽ മോദി ഭരണത്തിൽ വിലക്കയറ്റം രൂക്ഷമായി. സ്ത്രീകൾക്കുനേരെയുള്ള അതിക്രമം മുൻ കാലങ്ങളേക്കാർ ഇരട്ടിയായി–- വിജു കൃഷ്‌ണൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..