01 October Saturday
സര്‍ക്കാര്‍ ഓഫീസുകള്‍ പതിവ് പോലെ പ്രവര്‍ത്തിച്ചു

ഹര്‍ത്താലില്‍ അക്രമം

സ്വന്തം ലേഖകൻUpdated: Saturday Sep 24, 2022

ഹർത്താൽ ദിനത്തിൽ പൊലീസ് സംരക്ഷണത്തോടെ പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് യാത്ര നടത്തുന്ന കെഎസ്ആർടിസി ബസുകൾ

 
പാലക്കാട്
പോപ്പുലർഫ്രണ്ട് ഓഫ്‌ ഇന്ത്യ ആഹ്വാനം ചെയ്‌ത ഹർത്താലിൽ ജില്ലയിൽ പലയിടത്തും അക്രമം. കൊടുവായൂരിൽ ഹർത്താൽ അനുകൂലികൾ മീൻകട തല്ലിത്തകർത്തു. മീനും നശിപ്പിച്ചു. ലെക്കിടിയിൽ ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു. എടപ്പാളിൽനിന്ന് പൊള്ളാച്ചി കരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയെയാണ് അക്രമിച്ചത്‌. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 
വിവിധയിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രകടനം നടത്തി. കൂറ്റനാടും ചെർപ്പുളശേരിയിലും പ്രകടനത്തിനിടെ കടകൾ അടപ്പിച്ചു. ​ഗതാ​ഗത തടസ്സമുണ്ടാക്കിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും 21 പേരെ പൊലീസ് അറസ്റ്റ്ചെയ്‌തു. വിവിധ സ്റ്റേഷനുകളിലായി 19 കേസ്‌ രജിസ്റ്റർ ചെയ്തു. അക്രമങ്ങൾ ഒഴിവാക്കാനായി 22 പേരെ കരുതൽ തടങ്കലിലാക്കി. 
വടക്കഞ്ചേരി, പുതുനഗരം, കൊല്ലങ്കോട്, ചിറ്റൂർ സ്റ്റേഷനുകളിൽ ഓരോ കേസുവീതവും ഒറ്റപ്പാലം, ഹേമാംബിക നഗർ എന്നിവിടങ്ങളിൽ രണ്ടുവീതവും കേസെടുത്തു. ചാലിശേരിയിൽ മൂന്ന്, ടൗൺ നോർത്തിൽ എട്ട് എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കേസുകൾ. 
രാവിലെയും വൈകിട്ടും കെഎസ്ആർടിസി സർവീസ് നടത്തി. ജില്ലയിൽ മാത്രം 25 സർവീസുകളാണ് നടത്തിയത്. മറ്റ് ജില്ലയിൽ നിന്നെത്തിയ സർവീസുകളടക്കം ആകെ 115 ട്രിപ്പുകൾ ജില്ലയിൽ നിന്നുണ്ടായി. പാലക്കാട്‌ –-കോയമ്പത്തൂർ, പാലക്കാട്‌-–- പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിൽ പതിവുപോലെ കെഎസ്‌ആർടിസി സർവീസ്‌ നടത്തി. 
മണ്ണാർക്കാട് ഡിപ്പോയിൽ നിന്ന്‌ അഞ്ച്‌ സർവീസ്‌ മാത്രമാണ്‌ നടത്തിയത്‌. സ്വകാര്യ ബസുകൾ ഓടിയില്ല. സ്വകാര്യവാഹനങ്ങളും ടാക്സികളും അത്യാവശ്യത്തിന് നിരത്തിലുണ്ടായിരുന്നു. 
സർക്കാർ ഓഫീസുകളെല്ലാം തുറന്ന് പ്രവർത്തിച്ചു. 80 ശതമാനത്തോളം ജീവനക്കാർ ജോലിക്കെത്തി. കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും ഭൂരിഭാ​ഗം ജീവനക്കാരും ജോലിക്കെത്തിയിരുന്നു. സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും പ്രവർത്തിച്ചു.
ഹർത്താൽ കഞ്ചിക്കോട്‌ വ്യവസായ മേഖലയെ ബാധിച്ചില്ല. ഭൂരിഭാഗം വ്യവസായ സ്ഥാപനങ്ങളും പതിവ്‌ പോലെ പ്രവർത്തിച്ചു. ജീവനക്കാർ ഇരുചക്ര വാഹനങ്ങളിൽ ഉൾപ്പെടെ കമ്പനികളിൽ എത്തി. ജില്ലയിൽ പലയിടത്തും കടകൾ തുറന്നു.
ചരക്ക് ലോറികള്‍ക്ക് നേരെയുള്ള അക്രമം അപലപനീയം
പാലക്കാട്
ഹർത്താലിന്റെ മറവിൽ ചരക്ക് ലോറികൾക്ക് നേരെയുള്ള അക്രമങ്ങൾ അപലപനീയമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ കേരള സംസ്ഥാന കമ്മിറ്റി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാ​ഹനങ്ങളെ അടക്കം കേരളത്തിൽ അക്രമിച്ചു. ഇത് ചരക്ക് ​ഗതാ​ഗതത്തെ ബാധിക്കും. 
കല്ലേറും മറ്റ് അക്രമങ്ങളും ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സംസ്ഥാന പ്രസിഡന്റ് എ അബ്ദുൾ നാസർ, ജനറൽ സെക്രട്ടറി എം നന്ദകുമാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top