28 February Sunday

ജനഹൃദയത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖല എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് 
ചെര്‍പ്പുളശേരിയില്‍ നല്‍കിയ സ്വീകരണം

പാലക്കാട്‌

സ്വീകരണ കേന്ദ്രങ്ങളിൽ കാത്തിരുന്ന റോസാപ്പൂക്കൾക്കും ആർപ്പുവിളികൾക്കും ഒരർഥമേയുള്ളൂ. എൽഡിഎഫ്‌ ഭരണത്തിന്‌ തുടർച്ചയുണ്ടാകണം. നന്മയുടെ പൂക്കാലം തുടരണമെന്ന്‌ നാട്‌ അത്രമേൽ ആഗ്രഹിക്കുന്നു. 
സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ "വികസന മുന്നേറ്റ ജാഥ'കടന്നുപോകുന്ന വഴികളിലെ സ്‌നേഹാഭിവാദ്യത്തിൽ നിറയുന്നത്‌ ജനമനസ്സാണ്‌‌. നവോത്ഥാനത്തിന്റെ ജ്വലിക്കുന്ന ചരിത്രമുള്ള വള്ളുവനാടിന്റെ ഹൃദയത്തിലൂടെ കടന്ന്‌ പാലക്കാട്‌ കോട്ടമൈതാനത്താണ്‌‌ ചൊവ്വാഴ്‌ച ജാഥ സമാപിച്ചത്‌. ജില്ലയുടെ ചരിത്രത്തിൽ എഴുതിചേർക്കാവുന്ന ജനകീയ മുന്നേറ്റമായി ജാഥ മാറി. 
കുഭമാസത്തിലെ പൊള്ളുന്ന ചൂടിനെ കൂസാതെ ആയിരങ്ങളാണ്‌ ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും ഒഴുകിയെത്തിയത്‌. മുത്തുക്കുടകളും നാസിക്‌ഡോലും വാദ്യമേളങ്ങളും വെടിക്കെട്ടുമെല്ലാം വരവേൽപ്പിന്‌ ഉത്സവച്ഛായ പകർന്നു. വിവിധ കലാരൂപങ്ങളും അണിനിരന്നു. പതാക കെട്ടിയ ഇരുചക്ര വാഹനങ്ങൾ റാലിയായി ഒപ്പം ചേർന്നു. പൈലറ്റ്‌ വാഹനം എത്തുംമുമ്പേ സ്വീകരണകേന്ദ്രം ജനസാഗരമായി. തുറന്ന ജീപ്പിലാണ്‌ ജാഥാ ക്യാപ്‌റ്റനെ‌ ആനയിച്ചത്‌.  നാടിന്റെ വികസനത്തിലൂന്നിയുള്ള നേതാക്കളുടെ വാക്കുകൾക്ക്‌ ജനം കാതോർത്തു. 
തിങ്കളാഴ്‌ച ജില്ലയിൽ പ്രവേശിച്ച ജാഥ ചൊവ്വാഴ്‌ച രാവിലെ കൂറ്റനാട്‌ നിന്നാണ്‌ പ്രയാണം തുടങ്ങിയത്‌. തുടർന്ന്‌, ചെർപ്പുളശേരി, ഒറ്റപ്പാലം, മണ്ണാർക്കാട്‌ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പാലക്കാട്‌ കോട്ടമൈതാനത്ത്‌ സമാപിച്ചു. പാലക്കാട്‌, മലമ്പുഴ മണ്ഡലങ്ങൾ ചേർന്നാണ്‌ പാലക്കാട്ട്‌ സ്വീകരണമൊരുക്കിയത്‌. 
കൂറ്റനാട്‌ സ്വീകരണ യോഗത്തിൽ പി ടി ഹംസ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി എൻ മോഹനൻ സ്വാഗതം പറഞ്ഞു. ചെർപ്പുളശേരിയിൽ സംഘാടകസമിതി ചെയർമാൻ ഒ കെ സെയ്‌തലവി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ ബി സുഭാഷ്‌ സ്വാഗതം പറഞ്ഞു. പി കെ ശശി എംഎൽഎ പങ്കെടുത്തു. ഒറ്റപ്പാലത്ത്‌ പി ഉണ്ണി എംഎൽഎ അധ്യക്ഷനായി. കോൺഗ്രസ്‌(എസ്‌) ജില്ലാ പ്രസിഡന്റ്‌ എ ശിവപ്രകാശ്‌ സ്വാഗതവും സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം ഹംസ നന്ദിയും പറഞ്ഞു. മണ്ണാർക്കാട് ജോസ് ബേബി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി  യു ടി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.
പാലക്കാട്‌ കോട്ടമൈതാനത്ത്‌ സിപിഐ എം പുതുശ്ശേരി  ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് സംസാരിച്ചു. സിപിഐ എം പാലക്കാട് ഏരിയ ആക്ടിങ് സെക്രട്ടറി കെ കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റൻ എ വിജയരാഘവനുപുറമെ ജാഥ അംഗങ്ങളായ കെ പി രാജേന്ദ്രൻ (സിപിഐ), പി സതീദേവി (സിപിഐ എം), പി ടി ജോസ്‌ (കെസിഎം), കെ ലോഹ്യ (ജെഡിഎസ്‌), പി കെ രാജൻ (എൻസിപി), ബാബു ഗോപിനാഥ്‌ (കോൺഗ്രസ്‌ എസ്‌), കെ പി മോഹനൻ (എൽജെഡി), ജോസ്‌ ചെമ്പേരി (കെസിബി), കാസിം ഇരിക്കൂർ (ഐഎൻഎൽ), ബിനോയ്‌ ജോസഫ്‌ (കേരള കോൺഗ്രസ്‌ സ്‌കറിയ), എ ജെ ജോസഫ്‌ (ജനാധിപത്യ കേരള കോൺഗ്രസ്‌) എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, എൽഡിഎഫ്‌ ജില്ലാ കൺവീനർ വി ചാമുണ്ണി, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രൻ എന്നിവർ ജാഥയെ അനുഗമിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top