31 October Saturday
അതിവർഷം വിനയായി

7 ദിവസം 7 കോടിയുടെ നാശം

സ്വന്തം ലേഖികUpdated: Wednesday Sep 23, 2020
പാലക്കാട്‌
ഒരാഴ്‌ചയ്‌ക്കിടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ 477 ഹെക്ടറിൽ കൃഷി നശിച്ചു. ഏഴു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. നശിച്ചതിൽ 472 ഹെക്ടറും നെൽകൃഷി.  ബാക്കി വാഴകൃഷിയും. 4,000 കുലച്ച വാഴകളും 2,000 കുലയ്‌ക്കാത്ത വാഴയും നശിച്ചു. അട്ടപ്പാടി, മണ്ണാർക്കാട്‌ മേഖലകളിലാണ്‌ വാഴകൃഷി നശിച്ചത്‌. 2,040 കർഷകരെ വിളനാശം ബാധിച്ചു‌. 
ജില്ലയിൽ എല്ലായിടത്തും നെൽകൃഷി വ്യാപകമായി നശിച്ചു. ആലത്തൂർ, നെന്മാറ,  കുഴൽമന്ദം, ചിറ്റൂർ പ്രദേശങ്ങളിലാണ്‌ കൂടുതൽ നഷ്ടം‌. ആലത്തൂരിൽ മാത്രം 132 ഹെക്ടർ നെൽകൃഷി നശിച്ചു. നെന്മാറയിൽ 109 ഹെക്ടർ, കുഴൽമന്ദം 54 ഹെക്ടർ ചിറ്റൂരിൽ 42 ഹെക്ടർ എന്നിങ്ങനെയാണ്‌ നാശം. നിരവധി പാടങ്ങളിൽ വെള്ളം ഇറങ്ങിയിട്ടില്ല. വെള്ളം ഇറങ്ങിയാൽ കുറച്ച്‌ വീണ്ടെടുക്കാനാകും. എന്നാൽ വെള്ളം കെട്ടിനിന്നാൽ നാശത്തിന്റെ തോത്‌‌ കൂടുമെന്ന്‌ കൃഷി വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ പി ആർ ഷീല പറഞ്ഞു. 
ജൂൺ ഒന്നുമുതൽ ഇതുവരെ ജില്ലയിൽ 54 കോടിയുടെ കൃഷിനാശമുണ്ടായി. 3109 ഹെക്ടറിലെ കൃഷി നശിച്ചു. ജില്ലയിൽ മുപ്പത്തിഎട്ടായിരത്തോളം ഹെക്ടർ സ്ഥലത്താണ് ഇത്തവണ ഒന്നാംവിള നെൽകൃഷി ഇറക്കിയത്‌. ആദ്യം മുതൽ അനുകൂല കാലാവസ്ഥയായതിനാൽ നല്ല വിളവ്‌ ലഭിച്ചിട്ടുണ്ട്‌. കാലം തെറ്റിവന്ന മഴ കർഷകരുടെ പ്രതീക്ഷകളെ തകർത്തെറിഞ്ഞ്‌ വൻ നാശം വിതച്ചു. 
കൊയ്യാറായ നെൽച്ചെടി നിലംപതിച്ചത്‌ കർഷകർക്ക്‌ വലിയ നഷ്ടമാണുണ്ടാക്കിയത്‌. ഈ പാടങ്ങളിൽ യന്ത്രമിറക്കി കൊയ്യാനുമാകില്ല. തൊഴിലാളികളെ ഉപയോഗിച്ച്‌ കൊയ്‌താലും പകുതിയിലേറെ നെൽമണികളും നഷ്ടമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top