19 September Sunday
നേതൃയോഗങ്ങളിൽ രൂക്ഷ വിമർശം

ഇ ശ്രീധരനെ തോൽപ്പിച്ചതിൽ 
ബിജെപി നേതാക്കൾക്ക്‌ പങ്കെന്ന്

സ്വന്തം ലേഖകൻUpdated: Friday Jul 23, 2021
 
 
പാലക്കാട്‌
പാലക്കാട്‌ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്‌ ജയം ഉറപ്പിച്ചത്‌ ജില്ലാ നേതൃത്വം അറിഞ്ഞാണെന്ന്‌ ബിജെപിയുടെ വിവിധ യോഗങ്ങളിൽ മുതിർന്ന അംഗങ്ങൾ ആരോപിച്ചു. പാർടിക്ക്‌ അൽപം സ്വാധീനമുണ്ടെന്ന്‌ അവകാശപ്പെടുന്ന പാലക്കാട്ട്‌ ഇ ശ്രീധരനെ നിർത്തി തോൽപ്പിച്ചത്‌ നേതൃത്വമാണ്‌. മണ്ഡലത്തിൽ സ്വാധീനമുള്ള നേതാക്കളെ മറ്റിടങ്ങളിൽ സ്ഥാനാർഥിയാക്കി. മറ്റുള്ളവരെ വിവിധ ചാർജ്‌ നൽകി മണ്ഡലം മാറ്റി. ഇതോടെ പ്രവർത്തകർ ചിതറുകയും  കോൺഗ്രസിന്‌ നേരിയ മുൻതൂക്കം കിട്ടുകയും ചെയ്‌തുവെന്നും നേതാക്കൾ പറഞ്ഞു.  
സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി ജില്ലയിൽ നടക്കുന്ന യോഗങ്ങളിലാണ്‌  ജില്ലാ, മണ്ഡലം നേതൃത്വത്തിനെതിരെ അതിരൂക്ഷമായി ഭാരവാഹികൾ പ്രതികരിച്ചത്. പാലക്കാട്ട് നടന്ന സംസ്ഥാന കൗൺസിൽ, സമിതി അംഗങ്ങളുടെ യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌  ഇ കൃഷ്ണദാസിനെതിരെയും വിമർശമുയർന്നു. കൃഷ്ണദാസിന്റെ  അപ്രമാദിത്തം പാർടിക്ക്‌ തിരിച്ചടിയായെന്നും മെട്രോമാൻ ശ്രീധരന്റെ  പരാജയത്തിന് കാരണമായെന്നും മുൻ ജില്ലാ സെക്രട്ടറിയും കൗൺസിലറും വനിതാ നേതാവുമുൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി.  
സ്വന്തക്കാരെ മാത്രം വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികളാക്കാൻ ശ്രമിച്ചതാണ് പട്ടാമ്പിയിലും ഒറ്റപ്പാലത്തും ആലത്തൂരും വോട്ടു കുറഞ്ഞത്. ഒറ്റപ്പാലത്ത് അയ്യായിരത്തിലധികം വോട്ട്‌  കുറഞ്ഞു. ഷൊർണൂർ  നേതൃത്വത്തിനെതിരെ അഴിമതിയാരോപണവും കെടുകാര്യസ്ഥതയുമാണ് ഭാരവാഹികൾ ഉന്നയിച്ചത്. 
തെരഞ്ഞെടുപ്പ്‌  ഫണ്ട് തിരിമറി ഏറ്റവും കൂടുതൽ നടന്നത് ഷൊർണൂരിലാണ്. ബൂത്തുകളിൽ കൊടുക്കാൻ നിശ്ചയിച്ച ഫണ്ടിൽ ഭൂരിഭാഗവും നേതാക്കൾ മുക്കിയെന്നും പരാതി ഉയന്നു.  മുൻ  മണ്ഡലം പ്രസിഡന്റുമാരെ അടുപ്പിച്ചില്ല.  തെരഞ്ഞെടുപ്പ്‌ സമയത്ത് ആഡംബര ജീവിതം നയിക്കുകയും ഷൊർണൂരിൽ പ്രത്യേക താമസസൗകര്യം ഏർപ്പെടുത്തി നേതാക്കൻമാർ പാർടി തണലിൽ സുഖിക്കുകയായിരുന്നു . മണ്ഡലം പ്രസിഡന്റ്‌  തെരഞ്ഞെടുപ്പിന്‌ മുമ്പ് വാങ്ങിയ കാറിന്റെ ബാധ്യത തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ തീർത്തു. കോൺഗ്രസ് സ്ഥാനാർഥി മോശമായതുകൊണ്ടു മാത്രമാണ് ബിജെപിക്ക്‌   വോട്ട് കൂടിയതെന്നും മണ്ഡലം ഭാരവാഹി പറഞ്ഞു.  തൃത്താലയിലെ  യോഗം ചേരിതിരിഞ്ഞ് തല്ലിന്റെ വക്കോളമെത്തി. 
പണം തട്ടിപ്പിൽ 
അന്വേഷണ
കമീഷൻ വേണം
ചെർപ്പുളശേരി ഹിന്ദുസ്ഥാൻ ഡെവലപ്‌മെന്റ്‌  ബാങ്കിന്റ (ഹിന്ദു ബാങ്ക്‌) പേരിൽ നിക്ഷേപം വാങ്ങി  കബളിപ്പിക്കൽ, വടക്കഞ്ചേരിയിലെ ഓഹരിത്തട്ടിപ്പ്‌   എന്നിവയിൽ ആരോപണവിധേയർക്കെതിരെ നടപടിയെടുക്കാൻ  ജില്ലാ നേതൃത്വം  മടിക്കുന്നവെന്നും മുതിർന്ന നേതാക്കൾ. ഇരു തട്ടിപ്പിലും പാർടിക്ക്‌ വ്യക്തമായ പങ്കുള്ളതിനാൽ അന്വേഷണ കമിഷനെ വയ്‌ക്കണമെന്നും ജില്ലാതല യോഗത്തിലും മണ്ഡലം കമ്മിറ്റികളിലും ആവശ്യമുയർന്നു.  
ജില്ലയിലെ ഒരു മണ്ഡലത്തിലെ ജനറൽ സെക്രട്ടറിയുടെ വീട്ടിൽനിന്ന് വാറ്റുചാരായം എക്സൈസ് പിടിച്ചെടുത്തിട്ടും അയാളെ ഭാരവാഹിത്വത്തിൽനിന്ന് മാറ്റാനോ വിശദീകരണം ചോദിക്കാനോ പാർടി തയ്യാറായില്ല. മാത്രമല്ല അയാളെ സംരക്ഷിക്കുകയായിരുന്നുവെന്നും വിമർശമുയർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top