28 November Saturday
ഒപ്പിട്ടത്‌ പ്രവാസിയുടെ പേരിലെന്നും പരാതി

കോൺഗ്രസ്‌ സ്ഥാനാർഥികൾക്ക്‌ വ്യാജനിർദേശകർ

സ്വന്തം ലേഖകൻUpdated: Sunday Nov 22, 2020

 

ചിറ്റൂർ
ചിറ്റൂർ –- തത്തമംഗലം നഗരസഭയിലെ  മൂന്ന്‌ വാർഡുകളിൽ യൂത്ത്‌ കോൺഗ്രസുകാർ നൽകിയ നാമനിർദേശപത്രികയിൽ വ്യാജ ഒപ്പെന്ന്‌ പരാതി. ദുബായിലുള്ള ആളുടേതുൾപ്പെടെ ഒപ്പ്‌ വ്യാജമായി ഇട്ടെന്ന പരാതിയുമായി എത്തിയതും‌ കോൺഗ്രസുകാർ തന്നെ‌. 
വാർഡ്‌ 21 കോളേജ്,  24 തുമ്പിച്ചിറ, 28 ഗ്രാമം എന്നിവയിലെ‌ സ്ഥാനാർഥികൾക്കെതിരെയാണ്‌ പരാതി. ഫെബ്രുവരിമുതൽ ദുബായിലുള്ള തത്തമംഗലം സ്വദേശി ശ്രീറാമിന്റേതാണ്‌ വ്യാജമായി ഇട്ട ഒപ്പുകളിൽ ഒന്ന്‌. 
28 –-ാം വാർഡിൽ മുൻ ചെയർമാൻ കെ മധുവിനെതിരെ പത്രിക നൽകിയ യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌‌ ഗോപകുമാർ‌ കൃത്രിമം കാണിച്ചതായാണ്‌ പരാതി‌. സ്ഥാനാർഥിയെ നിർദേശിക്കുന്നയാളുടെ സ്ഥാനത്താണ്‌ വ്യാജ ഒപ്പ്‌. ഒപ്പ്‌ തന്റേതല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും‌ ശ്രീറാം ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു. എൻആർഐ സെൽ മുഖേന ചിറ്റൂർ പൊലീസിലും പരാതി നൽകി.  
യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി എൻ ജിതേഷ്, സേവാദൾ സംസ്ഥാന ജോയിന്റ് സെക്രട്ടറി രതീഷ് ബാബു എന്നിവർ സമർപ്പിച്ച പത്രികയിലും കൃത്രിമം നടന്നതായി പരാതിയുണ്ട്‌. ഇരുവരെയും പിന്താങ്ങിയ സജീഷ്, ഷാജഹാൻ എന്നിവരുടെ ഒപ്പും വ്യാജമാണെന്ന്‌ കോൺഗ്രസ്‌ പരാതിയിൽ പറയുന്നു‌. 
വ്യാജരേഖ ചമച്ചതിന് സ്ഥാനാർഥികൾക്കെതിരെ ചിറ്റൂർ–-തത്തമംഗലം നഗരസഭ തെരഞ്ഞെടുപ്പ്‌ വരണാധികാരിക്കും ചിറ്റൂർ പൊലീസിലും  കോൺഗ്രസിലെ ഒരുവിഭാഗം പരാതി നൽകി. 
സൂക്ഷ്മപരിശോധനയിൽ പരാതി ഉയരാത്തതിനാൽ പത്രിക സ്വീകരിച്ചു. സ്ഥാനാർഥിത്വം അംഗീകരിച്ച ശേഷമുള്ള പരാതിയിൽ നടപടിയെടുക്കാൻ തനിക്ക്‌ അധികാരമില്ലെന്നും തെരഞ്ഞെടുപ്പ് കമീഷനെ സമീപിയ്ക്കാമെന്നും റിട്ടേണിങ്ങ് ഓഫീസർ പി കൃഷ്ണൻ പറഞ്ഞു. പത്രിക പിൻവലിച്ചില്ലെങ്കിൽ ഈ സ്ഥാനാർഥികൾ മത്സരരംഗത്ത്‌ ഉണ്ടാകും. 
ചിറ്റൂരിൽ കോൺഗ്രസിലെ തമ്മിലടി ഇതോടെ കൂടുതൽ രൂക്ഷമായി. മുൻ എംഎൽഎ കെ അച്യുതന്റെ കുടുംബവാഴ്‌ച അവസാനിപ്പിക്കണമെന്നും യുവാക്കൾക്ക്‌ സീറ്റ്‌ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ യൂത്ത്‌ കോൺഗ്രസുകാർ നഗരസഭയിലെ എട്ട്‌ വാർഡിൽ പത്രിക നൽകിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top