22 September Sunday

എസ്‌ബിഐ ശാഖ പൂട്ടൽ തൊഴിലവസരം ഇല്ലാതാകും

സ്വന്തം ലേഖികUpdated: Wednesday Aug 21, 2019

 

 
പാലക്കാട്‌
ഒന്നിനുപിറകേ ഒന്നായി സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ശാഖകൾ പൂട്ടുമ്പോൾ ഇല്ലാതാകുന്നത്‌ പുതിയ തൊഴിലവസരം. നിലവിലെ തൊഴിൽ നഷ്ടമാകുമോയെന്ന ഭീതി ജീവനക്കാർക്കുമുണ്ട്‌. ജില്ലയിൽ ഇതിനകം അഞ്ച്‌ ശാഖ പൂട്ടി. ഇനിയും രണ്ടെണ്ണം പൂട്ടാനാണ്‌ തീരുമാനം. ഇതോടെ ജില്ലയിൽ നിരവധി തൊഴിലവസരമാണ്‌ നഷ്ടമാകുന്നത്‌. രാജ്യത്താകെ അമ്പതിനായിരത്തോളം തൊഴിലവസരം ഇല്ലാതാവും.  പൂട്ടുന്ന ബ്രാഞ്ചുകളിലെ ജീവനക്കാരെ ഒഴിവുള്ള ഇടങ്ങളിലേക്ക്‌ മാറ്റി നിയമിക്കുമ്പോൾ പുതിയ  നിയമനം നടക്കില്ല.   
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ വൻകിടക്കാരുടേത്‌ മാത്രമായി ചുരുങ്ങാനും ഇത്‌ ഇടയാക്കും. ചെറിയ ബ്രാഞ്ചുകൾ നിർത്തുമ്പോൾ അക്കൗണ്ട്‌ ഉള്ളവരെ സമീപത്തെ മറ്റ്‌ ബാങ്കുകളിലേക്ക്‌ മാറ്റും. എന്നാൽ ഏറെ ദൂരം താണ്ടി ബാങ്കുകളിൽ എത്താൻ സാധാരണക്കാർ മടിക്കുകയും അടുത്തുള്ള മറ്റ്‌ ബാങ്കിൽ അക്കൗണ്ട്‌ തുറക്കുകയും ചെയ്യും. ഇത്‌ സ്വകാര്യ ബാങ്കുകൾക്കാണ്‌ കൂടുതൽ ഗുണമാവുക. ശാഖകൾ പൂട്ടുന്നതിനെതിരെ ബെഫി നേതൃത്വത്തിൽ പ്രക്ഷോഭം തുടരുകയാണെന്ന്‌ സംസ്ഥാന സെക്രട്ടറി സജി വർഗീസ്‌ പറഞ്ഞു.
സംസ്ഥാനത്താകെ 42 ശാഖ പൂട്ടാനാണ്‌ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ്‌ തീരുമാനിച്ചത്‌. ജില്ലയിൽ രണ്ടെണ്ണം ഉൾപ്പെടും. നേരത്തെ അഞ്ചെണ്ണം പൂട്ടി. ചന്ദ്രനഗർ റോഡിലെ എസ്‌എംഇ ബ്രാഞ്ച്‌, ഒലവക്കോട്‌–- മലമ്പുഴ റോഡ്‌ ശാഖകളാണ്‌ ഉടൻ പൂട്ടുക.  സെപ്‌തംബർ 16നകം ഇടപാട്‌ നിർത്തലാക്കും. എസ്‌എംഇ ബ്രാഞ്ചിലെ ഇടപാടുകാരെ മിഷൻ സ്‌കൂളിലെ ടി ബി റോഡ്‌ ശാഖയിലേക്കും മലമ്പുഴ റോഡ്‌ ശാഖയിലുള്ളവരെ ഒലവക്കോട്‌ ടൗൺ ബ്രാഞ്ചിലേക്കും ലയിപ്പിക്കും. എസ്‌ബിടി–-എസ്‌ബിഐ ലയനസമയം ശാഖകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കില്ലെന്ന്‌ ജീവനക്കാർക്ക്‌  നൽകിയ ഉറപ്പ്‌ കാറ്റിൽ പറത്തിയാണ്‌ നടപടികൾ. ചന്ദ്രനഗർ, കൽപ്പാത്തി, സുൽത്താൻപേട്ട, കൊല്ലങ്കോട്‌, കൊടുവായൂർ ശാഖകളാണ്‌ നേരത്തേ പൂട്ടിയത്‌. 
രണ്ടു ഘട്ടങ്ങളിലായി സംസ്ഥാനത്ത്‌ 2200 ഓളം ശാഖ പൂട്ടി. മൂന്നാംഘട്ടത്തിൽ 42 ബാങ്കുകൾ പൂട്ടും. ജനരോഷത്തെ തുടർന്ന്‌ ആദ്യഘട്ടം പൂട്ടൽ നടപടിയിൽനിന്ന്‌ ഒഴിവാക്കിയ ബാങ്കുകളാണ്‌ ഇപ്പോൾ പൂട്ടുന്നത്‌. പ്രളയ ബാധിത  മേഖലയിലെ ബാങ്കുകളും ഇതിൽ ഉൾപ്പെടുന്നു.
പ്രധാന വാർത്തകൾ
 Top