24 August Saturday

വീട്ടമ്മയെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ പ്രതി അറസ‌്റ്റ‌ിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019
വടക്കഞ്ചേരി 
കിഴക്കഞ്ചേരിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.  വെട്ടിക്കൽക്കുളമ്പ് കൊടുമ്പാല ചേക്കയിൽ വീട്ടിൽ വർ​ഗീസിന്റെ ഭാര്യ സിസിലി (66) യെ കൊലപ്പെടുത്തിയ കേസിൽ   ലവണപ്പാടം പാറക്കളം കോളനി അമ്പലത്തിങ്കൽ വീട്ടിൽ ബിജുവി (40) നെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. 
വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞ‌് 24 മണിക്കൂറിനകമാണ‌് അറസ്റ്റ്. ഒറ്റയ‌്ക്ക് താമസിക്കുന്ന സിസിലി സമീപത്തെ തോട്ടത്തിൽ ജോലിക്ക‌് പോകുന്നതിനിടെ ബിജു ബലാത്സംഗം ചെയ‌്ത‌് കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ‌് സംഭവം. നടന്നുവരികയായിരുന്ന സിസിലിയെ കടന്നുപിടിച്ച ബിജു വഴിയിൽനിന്ന‌് 60 മീറ്ററോളം അകലെയുള്ള കുറ്റിക്കാട്ടിലേക്ക്   വലിച്ചിഴച്ച് കൊണ്ടുപോയി. അവശയായ സിസിലിയെ ലൈംഗികമായി ഉപയോഗിച്ചതായി പ്രതി പൊലീസിന‌് മൊഴി നൽകി. ബലാത്സംഗശേഷം സംഭവം പുറത്തറിയുമോ എന്ന ഭയത്തിൽ സിസിലിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സിസിലിയുടെ മൊബൈൽ ഫോണിലെ സിം കാർഡും ബാറ്ററിയും ഊരി സമീപത്തെ കുറ്റിക്കാട്ടിലേക്ക‌് എറിഞ്ഞു. 
ചൊവ്വാഴ്ചയാണ് ബന്ധുക്കൾ മൃതദേഹം കണ്ടത്. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷമാണ് കൊലപാതകമാണെന്ന് തെളിയുന്നത്. 
ആലത്തൂർ ഡിവൈഎസ‌്പി കെ എം ദേവസ്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച 12 അംഗ സംഘം നടത്തിയ അന്വേഷണത്തിലാണ‌് പ്രതി പിടിയിലായത‌്. ഇരുപത്തിരണ്ടോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. വൻ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
പ്രധാന വാർത്തകൾ
 Top