25 May Monday
പ്രളയ അതിജീവനം

കുടുംബശ്രീ 5.5 കോടി നൽകും

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
 
പാലക്കാട്‌
പ്രളയ ബാധിതരുടെ അതിജീവനത്തിനായി വിവിധ പദ്ധതികളിലൂടെ കുടുംബശ്രീ വഴി ജില്ലയിൽ വിതരണം ചെയ്യുന്നത്‌ അഞ്ചരക്കോടി രൂപ. 2018, 2019 വർഷങ്ങളിൽ സംസ്ഥാനം നേരിട്ട പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഉപജീവനോപാധികൾ പുനഃസ്ഥാപിക്കാനും ഏർപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അനുവദിച്ച തുക വിതരണം അവസാന ഘട്ടത്തിൽ. പ്രത്യേക ജീവനോപാധി പാക്കേജ്, ആർകെഡിപി (റിസർജന്റ്‌ കേരള ഡെവലപ്മെന്റ് പ്രോഗ്രാം), ആർകെഎൽഎസ് എന്നീ പദ്ധതികൾ മുഖേനയാണ് ജില്ലയിൽ അഞ്ചരക്കോടിയിലേറെ തുക വിതരണം ചെയ്യുന്നത്. പ്രത്യേക ജീവനോപാധി പാക്കേജ് വഴി ലഭ്യമായ 2.22 കോടിയിൽ പ്രളയത്തിൽ നാശനഷ്ടങ്ങൾ  നേരിടേണ്ടി വന്ന സൂക്ഷ്മ സംരംഭക മേഖലക്ക് 5.9 ലക്ഷം രൂപ,  കാർഷിക മേഖലക്ക് 46.65 ലക്ഷം രൂപ, മൃഗസംരക്ഷണ മേഖലക്ക് 68.43 ലക്ഷം, പ്രളയബധിതരായ യുവതീ യുവാക്കൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്നതിന് കുടുംബശ്രീ ആവിഷ്‌കരിച്ച ‘എറൈസ്' പദ്ധതിക്കായി  38.29 ലക്ഷം, ടെക്നോളജി ഫണ്ടിലേക്കായി 4.79 ലക്ഷം, പ്രളയത്തിൽ ഉൽപ്പന്നങ്ങൾ നശിച്ച സംരംഭകർക്ക് നഷ്ടപരിഹാരമായി 46.72 ലക്ഷം എന്നിങ്ങിനെയാണ് വകയിരുത്തിയത്. 
കൂടാതെ, കമ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ടായി (സിഇഎഫ്) 1.44 കോടി, വൾനറബിലിറ്റി റിഡക്ഷൻ ഫണ്ടായി (വിആർഎഫ്) 47 ലക്ഷം, കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾ നികത്താൻ 120 സംഘകൃഷി ഗ്രൂപ്പുകൾക്ക് ക്രൈസിസ് മാനേജ്മെന്റ് ഫണ്ടായി(സിഎംഎഫ്) 22.18 ലക്ഷം എന്നിങ്ങനെ ആർകെഡിപി പദ്ധതി വഴി 2.48 കോടി എന്നിങ്ങനെ  വിതരണം ചെയ്യും. പ്രളയത്തിൽ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങൾ വീണ്ടെടുക്കാൻ നടപ്പാക്കുന്ന ആർകെഎൽഎസ് പദ്ധതിയുടെ ഭാഗമായി വായ്പ ലഭ്യമാക്കിയവർക്കുള്ള പലിശ സബ്‌സിഡി ആദ്യ ഗഡു തുകയായ 1.20 കോടി രൂപ  604 അയൽകൂട്ടങ്ങളിലെ 1707 പ്രളയ ബാധിതർക്കായി വിതരണം ചെയ്യും.
പ്രധാന വാർത്തകൾ
 Top