12 November Tuesday
വ്യാഴാഴ്ച വൈകിട്ട്‌ 4 വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു

കുതിരാനിൽ ദുരിതപ്പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

കുതിരാനിൽ വെള്ളിയാഴ്‌ചയുണ്ടായ ഗതാഗതക്കുരുക്ക്‌

വടക്കഞ്ചേരി 

വടക്കഞ്ചേരി–- മണ്ണുത്തി ദേശീയപാതയിൽ ഗതാഗത കുരുക്ക് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ കുതിരാനിലെ കുഴികൾ വീണ്ടും തകർന്നു. ഇതാണ്‌ കുരുക്കിന് പ്രധാന കാരണം. വ്യാഴാഴ്ച വൈകിട്ട്‌ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇരുമ്പ്പാലം കഴിഞ്ഞുള്ള കയറ്റത്തിലാണ് അപകടമുണ്ടായത്.
 റോഡിലെ കുഴിയിൽപ്പെട്ട് കെഎസ്ആർടിസി ബസ്‌ കേടായി. ഇതിനു പുറകിൽ ലോറിയും ലോറിക്കുപിറകിൽ കാറും കാറിനു പിറകിൽ പിക്കപ്പ് വാനും ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കുരുക്ക് വെള്ളിയാഴ്ച രാവിലെവരെ തുടർന്നു. വെള്ളിയാഴ്ച വൈകിട്ടും കുതിരാനിൽ വാഹനങ്ങൾ  ഇഴഞ്ഞുനീങ്ങുകയാണ്. 
കുഴികൾ അടക്കുന്നതിനുവേണ്ടി കെഎൻആർസി ഒരു ദിവസം പണി നടത്തിയെങ്കിലും പിന്നീട് നിലച്ചു. നിലവിലെ കരാർകമ്പനിയായ കെഎംസിയെ ഒഴിവാക്കിയാണ് വടക്കഞ്ചേരി - വാളയാർ ദേശീയപാത കരാറെടുത്ത കെഎൻആർസിയെ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ കെഎൻആർസിയും കുഴി അടയ്‌ക്കുന്നതിൽ അലംഭാവം കാണിക്കുകയാണ്‌. 
വടക്കഞ്ചേരി മേഖലയിൽ ചെറിയ തോതിൽ കുഴികൾ അടച്ചെങ്കിലും തുടർന്നില്ല.
പ്രധാന വാർത്തകൾ
 Top