21 October Wednesday
രാജി ആവശ്യമേറുന്നു

വി കെ ശ്രീകണ്‌ഠനെതിരെ പടയൊരുക്കം

വേണു കെ ആലത്തൂർUpdated: Saturday Sep 19, 2020
പാലക്കാട്‌
എംപിയായി തെരഞ്ഞെടുക്കപ്പെട്ട്‌ ഒന്നരവർഷം കഴിഞ്ഞിട്ടും പാലക്കാട്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയാത്ത വി കെ ശ്രീകണ്‌ഠനെതിരെ പാർടിയിൽ പടയൊരുക്കം. 
തൃശൂർ ഡിസിസി പ്രസിഡന്റായിരുന്ന ടി എൻ പ്രതാപൻ, കോഴിക്കോട്‌ ഡിസിസി പ്രസിഡന്റ്‌ ടി സിദ്ദിഖ്‌‌ എന്നിവർ രാജിവച്ചിട്ടും പാലക്കാട്ട്‌ മാത്രം രാജിയില്ലാത്തതാണ്‌ അമർഷം രൂക്ഷമാക്കുന്നത്‌. ശ്രീകണ്‌ഠൻ പാർലമെന്റ്‌ സമ്മേളനത്തിന്‌ പോകുമ്പോൾ ഡിസിസി ഓഫീസ്‌ നാഥനില്ലാക്കളരിയാണെന്ന്‌ ജില്ലാ നേതാക്കളും അണികളും ആരോപിക്കുന്നു. തദ്ദേശ സ്ഥാപന‌ തെരഞ്ഞെടുപ്പ്‌, നിയമസഭാ തെരഞ്ഞെടുപ്പ്‌ എന്നിവ അടുത്തുവരുന്ന സാഹചര്യത്തിൽ ഡിസിസിയെ നയിക്കാൻ പ്രാപ്‌തനായ ഒരാൾ വേണമെന്ന്‌ മുതിർന്ന നേതാക്കളും ആവശ്യപ്പെടുന്നു. 
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാര്യ കെ എ തുളസിയെ കോങ്ങാട്ടിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ്‌ ശ്രീകണ്‌ഠനെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ സൂചന നൽകുന്നു. ഇതു‌ നടക്കണമെങ്കിൽ പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരണം. ഐ ഗ്രൂപ്പുകാരനായ ശ്രീകണ്‌ഠൻ രാജിവയ്‌ക്കേണ്ട എന്ന നിലപാടാണ്‌ രമേശ് ‌ചെന്നിത്തലയ്‌ക്കുള്ളത്‌. രാജിവച്ചാൽ ഗ്രൂപ്പ്‌ സമവാക്യം മാറും. 
കെ സി വേണുഗോപാലിന്റെ പ്രതിനിധിയായ എ തങ്കപ്പനാണ്‌ പ്രസിഡന്റാകാൻ ചരടുവലിക്കുന്നത്‌. അങ്ങനെവന്നാൽ പാലക്കാട്‌ ജില്ല ഐ ഗ്രൂപ്പിന്‌ നഷ്ടമാകും. ഇത്‌ ചെന്നിത്തലയ്ക്ക്‌ വലിയ തിരിച്ചടിയാകും. പ്രസിഡന്റ്‌ മാറിയില്ലെങ്കിൽ അതിനെതിരെ പരസ്യമായി രംഗത്തുവരാൻ മറുവിഭാഗം തയ്യാറെടുക്കുകയാണ്‌. 
കെപിസിസി പുനഃസംഘടനയിൽ അതൃപ്‌തി അറിയിച്ച്‌ മുതിർന്ന നേതാക്കൾ ഇതിനകം രംഗത്തുവന്നു. യുഡിഎഫ്‌ ജില്ലാ ചെയർമാൻ എ രാമസ്വാമി കഴിഞ്ഞദിവസം രാജിവച്ചിരുന്നു. മുൻ ഡിസിസി പ്രസിഡന്റ്‌ സി വി ബാലചന്ദ്രനെ പരിഗണിച്ചില്ല എന്ന കാരണത്താൽ തൃത്താലയിൽ അഞ്ച്‌ മണ്ഡലം പ്രസിഡന്റുമാർ രാജിസന്നദ്ധത അറിയിച്ചു. എ തങ്കപ്പനെ ഡിസിസി പ്രസിഡന്റാക്കി ആ ഒഴിവിൽ ബാലചന്ദ്രനെ കെപിസിസി സെക്രട്ടറിയാക്കാനും നീക്കമുണ്ട്‌. കെ അച്യുതൻ, എ വി ഗോപിനാഥ്‌ എന്നിവരേയും തഴഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തുമെന്ന് വി എസ്‌ വിജയരാഘവന്‌ ഉറപ്പ്‌ നൽകിയിരുന്നു. അതിലും തീരുമാനമായില്ല. 
ആര്യാടൻ മുഹമ്മദ്‌, വക്കം പുരുഷോത്തമൻ, കെ വി തോമസ്‌, വി എസ്‌ വിജയരാഘവൻ എന്നിവരാണ്‌ രാഷ്ട്രീയ കാര്യസമിതിയിൽ ഉൾപ്പെടാൻ സാധ്യത. എന്നാൽ ആർക്കും ഉറപ്പില്ല. ഇതും കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top