29 July Thursday
ബിവറേജസ്‌ ഔട്ട്‌ലെറ്റുകൾക്കുമുന്നിൽ നീണ്ടനിര

നിരത്തുകൾ നിറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ പാലക്കാട് വലിയങ്ങാടിയിലെ വാഹനത്തിരക്ക്

പാലക്കാട്‌
ലോക്‌ഡൗൺ മാനദണ്ഡങ്ങളിലെ ഇളവിൽ‌ സർക്കാർ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും പ്രവർത്തിച്ചുതുടങ്ങിയതോടെ റോഡിൽ വാഹനങ്ങളുടെ തിരക്കായി. കെഎസ്‌ആർടിസി കൂടുതൽ സർവീസ്‌ നടത്തി. യാത്രക്കാരുടെ തിരക്ക്‌ പരിശോധിച്ചായിരിക്കും വരുംദിവസങ്ങളിൽ കൂടുതൽ സർവീസ്‌ നടത്തുക. സ്വകാര്യബസുകൾ ഓടിയില്ല. ബിവറേജസ്‌ കോർപറേഷൻ ഔട്ട്‌ലറ്റുകൾക്കും ബാറുകൾക്കുമൊക്കെ മുന്നിൽ മദ്യം വാങ്ങാൻ രാവിലെ മുതൽ ജനങ്ങൾ വരിനിന്നു. ഇളവുകളുടെ പേരിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ പൊലീസ്‌ കർശന പരിശോധന തുടരുന്നു.
ദിവസങ്ങളായി അടച്ചിട്ടിരുന്ന കടകളിൽ വൃത്തിയാക്കിയ ശേഷമാണ്‌ കച്ചവടം പുനരാരംഭിച്ചത്‌. ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ സൗകര്യമില്ല. പാഴ്‌സൽ സർവീസ്‌ മാത്രമാണ്‌ ഉണ്ടായത്‌. ജനജീവിതം കൂടുതൽ ചലിച്ചു തുടങ്ങിയതോടെ കച്ചവടവും വർധിക്കുമെന്ന പ്രതീക്ഷയിലാണ്‌ വ്യാപാരികൾ. 
ജില്ലയിൽ കപ്പൂർ, പുതുശേരി  പഞ്ചായത്തുകളിൽ കോവിഡ്‌ സ്ഥിരീകരണനിരക്ക്‌ എട്ടു ശതമാനത്തിൽ താഴെയാണുള്ളത്‌. ഈ പഞ്ചായത്തുകളിൽ ജനജീവിതം സാധാരണനിലയിലേക്ക്‌ മടങ്ങുന്നു. മൂന്ന്‌ തദ്ദേശസ്ഥാപനങ്ങളിൽ മുപ്പൂട്ട്‌ ഏർപ്പെടുത്തി. ഈ പഞ്ചായത്തുകളിൽനിന്ന്‌ പുറത്തേക്കും അകത്തേക്കും യാത്ര ചെയ്യാൻ കർശന നിയന്ത്രണമുണ്ട്‌. ആശുപത്രി, മരണം, വിവാഹം തുടങ്ങി അടിയന്തര ആവശ്യങ്ങൾക്ക്‌മാത്രമേ യാത്ര അനുവദിക്കൂ.   
കാർഷികമേഖലയും വ്യവസായമേഖലയും കൂടുതൽ സജീവമായി.  ബാങ്കുകളുടെ പ്രവർത്തനം ലോക്‌ഡൗൺ സമയത്തേതുപോലെത്തന്നെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ്‌. അക്ഷയകേന്ദ്രങ്ങള്‍ പ്രവർത്തിച്ചു തുടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top