26 August Monday

നിർത്തിയിട്ട ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

 ആലത്തൂർ

സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ ലോറിയിടിച്ച്  ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക‌്. കിഴക്കഞ്ചേരി തെണ്ടംകുടം ശിവാനന്ദന്റെ  മകൻ പ്രവീൺ(28)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തെണ്ടംകുടം നാകുഅപ്പന്റെ മകൻ സുജിത്ത്(28)ന‌് പരിക്കേറ്റു. ലോറി ഡ്രൈവർ മുണ്ടൂർ വഴുക്കപ്പാറ വീട്ടിക്കാവ് പറമ്പ് മുഹമ്മദ് കാസിം(46)നെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. 
വ്യാഴാഴ‌്ച പകൽ ഒന്നിന‌ായിരുന്നു അപകടം. ആലത്തൂരിൽനിന്ന‌് വടക്കഞ്ചേരിയിലേക്ക് പോകാൻ സ്വാതി ജങ‌്ഷനിലെ സിഗ്നലിൽ നിർത്തിയിട്ട ബൈക്കിൽ ഒലവക്കോട് എഫ്സിഐ ഗോഡൗണിൽനിന്നും വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. 
ഇടിച്ച ശേഷം 200 മീറ്റർ ദൂരം ബൈക്കിനെ വലിച്ചിഴച്ച ശേഷം വെയർഹൗസിങ‌് ഗോഡൗണിനു സമീപത്താണ‌് നിന്നത‌്. രണ്ടുപേരെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രവീൺ മരിച്ചു. 
പരിക്കേറ്റയാളെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ട്. സ്വാതി ജങ്ഷനിലെ വെയർഹൗസിങ‌് ഗോഡൗണിലേക്ക്  ജങ‌്ഷൻ കഴിഞ്ഞുള്ള വാനൂർ സിഗ്നൽ മുറിച്ചുകടന്നുവേണം എത്താൻ. അമിതവേഗത്തിൽ വന്ന ലോറിയുടെ ബ്രേക്ക് പോയതാണ് അപകടകാരണമെന്ന് ഡ്രൈവർ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
 പ്രവാസികളായ ഇരുവരും ഒന്നരമാസം മുമ്പാണ് നാട്ടിലെത്തിയത്. ഒരു മാസം മുമ്പ‌് വാങ്ങിയ റോയൽ എൻഫീൽഡ് ബുള്ളറ്റുമായി വാനൂരിലെ സുജിത്തിന്റെ ജ്യേഷ‌്ഠന്റെ മകനെ വീട്ടിൽക്കൊണ്ടുവിട്ടശേഷം സ്വാതി ജങ‌്ഷനിലെ ഷോറൂമിലെത്തി അറ്റകുറ്റപ്പണി നടത്തി മടങ്ങുന്നതിനിടെയാണ് അപകടം.
 മൃതദേഹം ആലത്തൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അമ്മ: സജിത. സഹോദരങ്ങൾ: പ്രദീപ്, പ്രിയ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top