31 March Tuesday

‘ഇവിടെ ഞങ്ങൾ സന്തുഷ്ടരാണ്’

അശോകൻ രാജീവംUpdated: Monday Feb 17, 2020

തേങ്കുറുശിയിലെ തുന്നൽ പരിശീലന ക്ലാസ്‌

കുഴൽമന്ദം
സ്വയംപര്യാപ്‌തതയുടെ പാതയിലാണ്‌ തേങ്കുറുശിയിലെ ഓരോ സ്‌ത്രീയും.  പ്രളയത്തിൽ കൈമെയ് മറന്ന് എല്ലാവരും സഹായിക്കാൻ ഓടിനടന്നപ്പോൾ തുടർന്നും ഈ ശക്തി വേണമെന്ന ചിന്തയിലേക്കാണ്‌ അവരെത്തിയത്‌. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ശാന്തകുമാരിയുടേയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ഇന്ദിരയുടേയും നേതൃത്വത്തിൽ കുടുംബശ്രീ വനിതകളുടെ  യോഗം ചേർന്നു. വനിതകൾക്കായി  തയ്യൽ പരിശീലന ക്ലാസ്‌ ആണ്‌ ആദ്യം ആരംഭിച്ചത്‌. 
നിരാലംബരും ഭർത്താവ് നഷ്ടപ്പെട്ടവരുമായ ഒരുപാട് വനിതകൾ   പങ്കാളികളായി. കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി ചെയർപേഴ്‌സൺ രജനിയുടെ നേതൃത്വത്തിൽ ആദ്യം 40 യുവതികളെ തെരഞ്ഞെടുത്ത് ആധുനിക തയ്യൽ പരിശീലനം നൽകി. ആറുമാസത്തെ പരിശീലനത്തിനുശേഷം ഇവരെ 10പേർവീതം തിരിച്ച് ഓരോ യൂണിറ്റുകളാക്കി. ജില്ലാ പഞ്ചായത്തിന്റെ ടെക്‌സ്‌റ്റൈൽസ്‌ ആൻഡ്‌ ഗാർമെന്റ്സ് പദ്ധതി പ്രകാരം ഒരു യൂണിറ്റിന് അഞ്ച്‌ ലക്ഷം രൂപാ നിരക്കിൽ ബാങ്ക് വഴി വായ്പയും കൊടുത്തു. 
2019ൽ തേങ്കുറുശിയിലെ വിവിധ കോണുകളിൽ ശ്രീദീപം, ശ്രീദുർഗ, ഭഗവതി, ജാസ്മിൻ എന്നീ പേരുകളിൽ ആരംഭിച്ച നാല് സ്വതന്ത്ര തയ്യൽ യൂണിറ്റുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ശാന്തകുമാരി ജനുവരി 13ന് ഉദ്ഘാടനം ചെയ്തു. 
നാട്ടിലെ തയ്യൽ ജോലികൾക്കുപുറമെ കൊടുവായൂർ, പൊള്ളാച്ചി, കോയമ്പത്തൂർ മാർക്കറ്റുകളിലെ തുണിക്കടകളിലേക്കുള്ള ജോലികളും ചെയ്യുന്നു. സമ്പാദ്യം  ഹുണ്ടികയിൽ സ്വരൂപിച്ച് മാസാവസാനം  എണ്ണിയെടുത്ത് വായ്‌പാതിരിച്ചടവും കഴിഞ്ഞ്‌ ബാക്കി തുക തുല്യമായി വീതിച്ചെടുക്കും. പരിശീലക സുന്ദരിയുടെ നേതൃത്വത്തിൽ അടുത്തഘട്ട തയ്യൽ പരിശീലനം നൽകാനുള്ള തയ്യാറെടുപ്പിലാണെന്ന്‌ സിഡിഎസ് ചെയർപേഴ്സൺ രജനി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top