21 February Thursday
സ‌്റ്റൈൽമന്നനെ അടുത്തറിയാൻ കഴിഞ്ഞ നല്ല നാളുകളെ ഓർത്തെടുക്കുകയാണ‌് റെസ്റ്റ് ഹൗസ് സൂക്ഷിപ്പുകാരനായ ഉണ്ണി

പേട്ട നിറഞ്ഞോടുമ്പോൾ ‘മുത്തു’വിന്റെ ഓർമകളുമായി ഉണ്ണി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
ഒറ്റപ്പാലം
രജനീകാന്തിന്റെ പേട്ട തീയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ സ‌്റ്റൈൽമന്നനെ അടുത്തറിയാൻ കഴിഞ്ഞ നല്ല നാളുകളെ ഓർത്തെടുക്കുകയാണ‌് റെസ്റ്റ് ഹൗസ് സൂക്ഷിപ്പുകാരനായ ഉണ്ണി. തമിഴ‌്ചിത്രം ‘മുത്തു’വിന്റെ ചിത്രീകരണത്തിന് ഒറ്റപ്പാലം, ഷൊർണൂർ മേഖലയിലെത്തിയ രജനീകാന്ത് ഷൊർണൂർ പിഡബ്ല്യുഡി  റസ്റ്റ്ഹൗസിലെ അഞ്ചാംനമ്പർ മുറിയിലാണ് താമസിച്ചത്. ആ പത്തുനാൾ ഉണ്ണിയുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയതും മറക്കാനാവാത്തതുമായ സുവർണദിനങ്ങളാണ്.
രണ്ടുപതിറ്റാണ്ടുമുമ്പാണ് സിനിമാചിത്രീകരണത്തിന് രജനീകാന്ത് ഇവിടെയെത്തിയത്. റസ‌്റ്റ‌്ഹൗസിലെ മുറിക്ക‌് മുന്നിൽ ഉണ്ണി മടിച്ചു നിന്നപ്പോൾ  "വണക്കം സാർ.. വാങ്കോ എന്ന‌് പറഞ്ഞാണ‌് അകത്തേക്ക‌് വിളിച്ചത‌്. ജീവനക്കാരനാണെന്നും എന്താവശ്യത്തിനും വിളിക്കാമെന്നും അറിയിച്ചപ്പോൾ തോളിൽ തട്ടിയായിരുന്നു രജനിയുടെ പ്രതികരണം. രജനീകാന്തിന്റെ സ്പർശം നൽകിയ രോമാഞ്ചം ഇപ്പോഴും വിട്ടുപോയിട്ടില്ല. 
ഒറ്റപ്പാലത്ത് അനങ്ങൻമലയുടെ താഴ‌്‌വരയിലായിരുന്നു ‘മുത്തു’വിന്റെ ഷൂട്ടിങ‌് ഏറെയും. ചിത്രീകരണം കഴിഞ്ഞ് രാത്രിയോടെ രജനി റെസ്റ്റ്ഹൗസിലെത്തും. മുറിയിലേക്ക് കയറുന്നതിനുമുമ്പ‌് ഉണ്ണീ എന്നു അൽപ്പം നീട്ടി വിളിക്കും. അദ്ദേഹത്തിനുള്ള ഭക്ഷണം സെറ്റിൽ നിന്നാണ‌് എത്തിച്ചിരുന്നത്. തനിക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ രജനി ഉണ്ണിയെ ക്ഷണിക്കും. മടിച്ചു നിന്നാൽ നിർബന്ധിക്കും.
ഷൊർണൂർ നഗരത്തിലെ മുഴുവൻ യാചകരെയും കൂട്ടിക്കൊണ്ടുവന്ന‌് ഓരോരുത്തർക്കും 300രൂപയും ഭക്ഷണവും വസ്ത്രവും നൽകി. ആ പത്തു ദിവസവും അദ്ദേഹത്തിന്റെ കരുണ തെരുവിന്റെ മക്കൾ അനുഭവിച്ചറിഞ്ഞു. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെ സംബന്ധിച്ച അഭ്യൂഹം അന്നുമുതലേ സജീവമായിരുന്നു. അന്ന‌് രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയത് റെസ‌്റ്റ‌് ഹൗസിനു മുന്നിൽവച്ചാണ്. മലയാളം, തമിഴ് മാധ്യമങ്ങളിൽ ഇത് വലിയ വാർത്തയായിരുന്നു. ‘പേട്ട’ സിനിമയുടെ വിജയദിനങ്ങളിൽ സന്തോഷത്തോടെ രജനീകാന്തിന്റെ സ്വഭാവത്തെക്കുറിച്ച‌് വാതോരാതെ പറയുകയാണ‌് ഉണ്ണി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top