22 October Tuesday
11.51 കോടി വിൽപ്പന

ഓണം പൊടിപാറി

സി അർച്ചനUpdated: Sunday Sep 15, 2019
പാലക്കാട്‌
കൺസ്യൂമർഫെഡും സഹകരണവകുപ്പും നടത്തിയ ഓണച്ചന്തക‌ളിൽ റെക്കോർഡ്‌ വിൽപ്പന. പത്തുദിവസം 246 ഓണച്ചന്തകളാണ് സഹകരണസംഘംവഴി പ്രവർത്തിച്ചത്. കൺസ്യൂമർ ഫെഡിന്റെ 15 ത്രിവേണി സൂപ്പർമാർക്കറ്റുകളും പത്ത്ദിവസം ഓണച്ചന്തകളായി പ്രവർത്തിച്ചു. ഇവ രണ്ടിലും 11.51 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ്‌ വിറ്റുതീർന്നത്‌. 
കഴിഞ്ഞ വർഷത്തെക്കാൾ 86 ലക്ഷംരൂപയുടെ അധികവിൽപ്പനയുണ്ടായി. പൊതുവിപണിയിലെ വിലയേക്കാൾ കുറഞ്ഞ വിലയിൽ അരി അടക്കം 13 ഇനങ്ങളാണ്‌ സബ്‌സിഡിനിരക്കിൽ നൽകിയത്. സബ്‌സിഡിനിരക്കിൽ സഹകരണ ഓണച്ചന്തകളിൽ 8.10 കോടി രൂപയും ത്രിവേണി മാർക്കറ്റിൽ 35.78 ലക്ഷംരൂപയുമാണ്‌ വിറ്റുവരവ്‌. 
നോൺ സബ്‌സിഡി നിരക്കിൽ ഓണച്ചന്തകളിൽ 2.45 കോടി രൂപയ്‌ക്കും ത്രിവേണി മാർക്കറ്റിൽ 61.27 ലക്ഷംരൂപയുടെയും വിൽപ്പനയുണ്ടായി. സഹകരണസംഘങ്ങളിലെ ഓണച്ചന്തവഴി 10.55 കോടി രൂപയാണ്‌ വിറ്റുവരവ്‌. ത്രിവേണി വഴി 3.66 കോടി രൂപയും. ഓണച്ചന്തകളിലും ത്രിവേണികളിലും സബ്‌സിഡി നിരക്കിൽ ലഭ്യമാക്കിയ ഉൽപ്പന്നങ്ങൾ 8.45 കോടി രൂപ വിറ്റുവരവുണ്ടാക്കി. 
നോൺസബ്‌സിഡി നിരക്കിൽ 3.05 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വിറ്റു പോയി. സഹകരണസംഘങ്ങളിലേക്കയച്ച ചരക്ക്‌ മുഴുവൻ വിറ്റഴിച്ചതായി കൺസ്യൂമർഫെഡ്‌ പാലക്കാട്‌ റീജണൽ മാനേജർ വി ശുഭ പറഞ്ഞു.
വിപുലമായി നടത്തിയ ഓണച്ചന്തകളിൽ വൻ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കിയത്‌ ഓണക്കാലത്ത്‌ പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിച്ചു.  പൊതുവിപണിയിലെ കൃത്രിമ വിലക്കയറ്റം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ ജനങ്ങൾക്ക്‌ ആശ്വാസമായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top