19 October Saturday
കുതിരാനിൽ അപകടം

10 മണിക്കൂർ ഗതാഗതം നിലച്ചു

ശിവദാസ്‌ തച്ചക്കോട്‌Updated: Saturday Jun 15, 2019
വടക്കഞ്ചേരി
വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിൽ കുതിരാന് സമീപം ഇരുമ്പുപാലത്ത് ലോറികൾ കൂട്ടിയിടിച്ച‌് പത്ത് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ 1.30നായിരുന്നു അപകടം‌. അപകടത്തിൽ നാലുപേർക്ക‌് പരിക്കേറ്റു. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി തമിഴ് ശെൽവൻ(36), ഹരിയാന സ്വദേശി അബീജ്, മറ്റ് രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിലൂടെ വെള്ളിയാഴ്ച പകൽ 11.30ഓടെയാണ‌് ഗതാഗതം പുനഃസ്ഥാപിക്കാനായത്. തമിഴ്നാട്ടിൽനിന്ന‌് എറണാകുളത്തേക്ക‌് കംപ്യൂട്ടർ സാമഗ്രികൾ കയറ്റി പോകുകയായിരുന്ന ലോറിയും പാലക്കാട്ടേക്ക് ടയർ കയറ്റി വരികയായിരുന്ന കണ്ടെയ്നർ ലോറിയുമാണ‌് കൂട്ടിയിടിച്ചത‌്. അപകടത്തിൽ മറിഞ്ഞ കണ്ടെയ്നർ ലോറി പാലത്തിന്റെ കൈവരിയിൽ തട്ടി നിന്നതിനാൽ പുഴയിലേക്ക് മറിഞ്ഞില്ല. 
അപകടം നടന്നത‌് ഇരുമ്പുപാലത്തിലായതിനാൽ വാഹനങ്ങൾക്ക‌് ഇരുവശങ്ങളിലേയ്ക്കും പോകാൻ കഴിഞ്ഞില്ല. വാഹനങ്ങളുടെ നിര നീണ്ടതിനാൽ താൽക്കാലികമായി തുരങ്കത്തിലൂടെ വാഹനങ്ങളെ കടത്തിവിട്ടു. അപകടഭീഷണിയെത്തുടർന്ന് ദേശീയപാത അതോറിറ്റിയും കരാർകമ്പനിയും തുരങ്കത്തിലൂടെ ഗതാഗതത്തിന‌് അനുമതി നൽകിയിരുന്നില്ല. എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന‌് വാഹനങ്ങളെ കടത്തിവിടാൻ തീരുമാനിക്കുകയായിരുന്നു. പുലർച്ചെ 3.30 മുതൽ രാവിലെ 8.30വരെയും പിന്നീട് അപകടത്തിൽപ്പെട്ട വാഹനങ്ങളെ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്ന സമയത്ത് രാവിലെ 10.30 മുതൽ പകൽ 11.30 വരെയുമാണ‌് വാഹനങ്ങളെ കടത്തിവിട്ടത‌്. 
കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ തുരങ്കമുഖത്തിലൂടെയാണ‌് വാഹനങ്ങൾ കടന്നുപോയത്. 90 ശതമാനം പണി പൂർത്തിയാക്കിയ  ആദ്യതുരങ്കത്തിലൂടെ വാഹനങ്ങൾ കടന്നുപോയെങ്കിലും മറ്റ് സുരക്ഷാക്രമീകരണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. തുരങ്കത്തിനുള്ളിലെ ഇരുട്ടും ചളിയും യാത്ര ദുസ്സഹമാക്കി. ഇരുചക്രവാഹനങ്ങളിൽ ചിലത് ചളിയിൽ തെന്നിവീണു. ഈ സമയം നേരിയ മഴയേ ഉണ്ടായിരുന്നുവെന്നതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല. കാലവർഷം ആരംഭിക്കുമ്പോൾത്തന്നെ ദേശീയപാത കുതിരാനിലൂടെ യാത്ര ദുർഘടമായിരിക്കുകയാണ്. മഴ കനത്താൽ യാത്രക്കാർ കൂടുതൽ ബുദ്ധിമുട്ടും. 
കുതിരാനിൽ ഗതാഗതം തടസ്സപ്പെട്ടതോടെ പാലക്കാടുനിന്ന‌് തൃശൂരിലേക്ക‌് പോകേണ്ട സ്വകാര്യബസുകൾ ഒറ്റപ്പാലംവഴിയാണ‌് ഓടിയത‌്. ചിലത‌് റദ്ദാക്കി. തൃശൂരിൽനിന്ന‌് വരേണ്ട കെഎസ‌്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ എളനാട‌്, ചേലക്കര വഴിയും പാലക്കാട്ടേക്ക‌് പോയി.
പ്രധാന വാർത്തകൾ
 Top