04 July Saturday

മാത്തൂരിന്‌ പഴംപഫ്സ് ആണ്‌ രുചി

അശോകൻ രാജീവംUpdated: Wednesday Jan 15, 2020
കുഴൽമന്ദം
ബാലാജി ബേക്കറിയിലെ പഴംപഫ്‌സിന്റെ രുചിയറിയാത്ത മാത്തൂരുകാർ ഇല്ല. മുട്ടപ്പഫ്സും വെജിറ്റബിൾ പഫ്സും മാത്രം കഴിച്ച്‌ ശീലിച്ചവർ പുതുരുചി തേടിയെത്തുന്നത്‌ ശശിയുടെ ബേക്കറിയിലെ പഴംപഫ്‌സിൽ. 26 വർഷം ചെന്നൈയിലെയും സേലത്തെയും  ഊട്ടിയിലെയുമൊക്കെ ബേക്കറികളിൽനിന്ന് പണി പഠിച്ചശേഷമാണ് കോട്ടായി പുളിനെല്ലി സ്വദേശി ശശി മാത്തൂർ ചുങ്കമന്ദത്ത് ‘ബാലാജി ബേക്കറി’ തുടങ്ങിയത്‌. 
ഇവിടത്തെ സ്‌പെഷ്യൽ സ്വാദ്‌ കേട്ടറിഞ്ഞെത്തുന്നവർക്കുമുന്നിൽ ശശി രുചിക്കൂട്ടിന്റെ രഹസ്യവും വിളമ്പും. മിക്കവരും സാദാ കടലമാവുകൊണ്ട് പലഹാരം ഉണ്ടാക്കുമ്പോൾ ശശി ഉപയോഗിക്കുന്നത് പൊട്ടുകടലമാവും അരിപ്പൊടിയും മസാല കൂട്ടുകളുമാണ്. പാചകത്തിന്‌ ശുദ്ധമായ വെളിച്ചെണ്ണയാണ്‌ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്‌.
മൈസൂർ പാക്ക്, ലഡു, ജിലേബി എന്നിവ നല്ല ഗുണമേന്മയോടെ വിലക്കുറവിൽ ശശിയുടെ ബേക്കറിയിൽനിന്നു ലഭിക്കും. 
ഒറ്റയടിക്ക് അരലക്ഷംരൂപയുടെ ഓർഡറുകളേ എടുക്കാൻ നിർവാഹമുള്ളൂവെന്ന് ശശി വരുന്നവരോട് വിനയത്തോടെ പറയും.
ശശിയടക്കം മൂന്ന്‌ സഹോദരന്മാരും ഇതേ ബിസിനസാണ്‌ ചെയ്യുന്നത്‌. മറ്റ്‌ രണ്ടു പേരും തമിഴ്നാട്ടിൽത്തന്നെ ആറ്‌ കടകൾ സ്വന്തമായി നടത്തുമ്പോൾ ശശി ചുങ്കമന്ദത്തും കോട്ടായി ജങ്‌ഷനിലും ബേക്കറി നടത്തുന്നു. 
പ്രാഥമിക വിദ്യാഭ്യാസംമാത്രം കൈമുതലാക്കി ഈ രംഗത്ത്‌ വിജയഗാഥ രചിക്കുന്ന ശശിക്കു കീഴിൽ എട്ടുപേർ ജോലി ചെയ്യുന്നു. ക്യാഷ് കൗണ്ടറിൽ ചിലപ്പോൾ ഇളയമകൻ അരുൺകുമാർ സഹായിക്കും. 
സുനിതയാണ്‌ ഭാര്യ. മൂത്ത മകൻ അനൂപ് കഞ്ചിക്കോട് വി വി കോളേജിലും രണ്ടാമത്തെ മകൻ അരുൺകുമാറും മകൾ ശ്രീലക്ഷ്മിയും കോട്ടായി ഹയർ സെക്കൻഡറി സ്‌കൂളിലും പഠിക്കുന്നു.  
അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ ഭാരമില്ലാത്ത ശശി എന്ന നാൽപ്പത്തിയാറുകാരന് ജീവിതം ഇപ്പോൾ മധുരതരമാണ്‌. ഇതുവരെ ഉയർച്ചയുടെ അടിസ്ഥാനഘടകം കലർപ്പില്ലാത്ത ആത്മാർഥതയും രുചിഭേദങ്ങളുടെ സമ്പന്നതയുമാണ്‌. 
കാലത്തും വൈകിട്ടും ചായയ്ക്കൊപ്പം ഓട്ടുപൊക്കവട, തട്ടുവട, പപ്പടവട, റൗണ്ട് മുറുക്ക്, അരിമുറുക്ക്, പൊട്ടുകടല മുറുക്ക് തുടങ്ങിയ സ്‌നാക്‌സുകളും വെജിറ്റബിൾ സമൂസ, നേന്ത്രപ്പഴം പഫ്സ്, പഴം പുഡ്ഡിങ്സ് തുടങ്ങിയ പലഹാരങ്ങളും രുചിയോടെ കഴിക്കാം.കുഴൽമന്ദംകുഴൽമന്ദം
പ്രധാന വാർത്തകൾ
 Top