20 October Wednesday
നഷ്ടപരിഹാരത്തിന്‌ കണക്കെടുപ്പ് തുടങ്ങി

മഴ: 153.6 ഹെക്‌ടര്‍ 
നെല്‍ക്കൃഷി നശിച്ചു

സ്വന്തം ലേഖകൻUpdated: Thursday Oct 14, 2021

യന്ത്രക്കൊയ്‌ത്ത്‌ നടത്തിയ പാടത്തെ വൈക്കോൽ മഴയൊഴിഞ്ഞ നേരം എടുത്തു മാറ്റുന്നു. കൊല്ലങ്കോട്‌ നിന്നുള്ള കാഴ്‌ച

 
 
പാലക്കാട്
മഴയും കാറ്റും രണ്ട് ദിവസത്തിനുള്ളിൽ കർഷകർക്കുണ്ടാക്കിയത് തീരാ ദുരിതമാണ്. നെല്ലും വാഴയും തെങ്ങുമെല്ലാം കനത്ത മഴയിൽ നശിച്ചു. രണ്ട് ദിവസത്തെ മഴയിൽ ജില്ലയിൽ 153.6 ഹെക്‌ടർ നെൽക്കൃഷി നശിച്ചു. കർഷകരുടെ ഏക പ്രതീക്ഷ  ഇനി നഷ്ടപരിഹാരത്തിലാണ്.
നഷ്ടപരിഹാരം വേ​ഗത്തിലാക്കാൻ കൃഷിവകുപ്പ് കണക്കെടുപ്പ് ആരംഭിച്ചു.
കർഷകർക്കുണ്ടായ നഷ്ടം, നൽകേണ്ട തുക എന്നിവയെക്കുറിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കാർഷി‍കോൽപ്പാദന കമീഷണർ, കൃഷി സെക്രട്ടറി, കൃഷി ഡയറക്‌ടർ എന്നിവർക്ക്‌ മന്ത്രി പി പ്രസാദ് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി വേഗത്തിലായത്. 
 
നഷ്ടപരിഹാരത്തിന് 
എന്ത് ചെയ്യണം..?
കൃഷി നാശമുണ്ടായാൽ  ഉടൻ കൃഷി ഓഫീസറെ അറിയിക്കണം. ഒപ്പം കൃഷി വകുപ്പിന്റെ എയിംസ് (അ​ഗ്രികൾച്ചറൽ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്‌റ്റം) പോർട്ടലിലും രജിസ്‌റ്റർ ചെയ്യണം. കൃഷിയുടെ ചിത്രവും ഭൂമിയും നികുതി രസീതും അപ്‍ലോ‍ഡ് ചെയ്യണം. മുമ്പ്‌ രജിസ്‌റ്റർ ചെയ്തവർ കൃഷി നാശത്തിന്റെ ചിത്രം മാത്രം അപ്‍ലോ‍ഡ് ചെയ്താൽ മതി. തുടർന്ന്  കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിക്കും. വലിയ കൃഷി നാശമാണെങ്കിൽ ബ്ലോക്ക്‌തലത്തിലും ജില്ലാതലത്തിലുമുള്ള കൃഷി വകുപ്പ്‌ സംഘം പരിശോധന നടത്തും. റിപ്പോർട്ട്  കൃഷി വകുപ്പിന് കൈമാറും. അംഗീകരിച്ചാൽ  തുക കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക്‌ എത്തും.  
 
ഒരു ഹെക്‌ടർ നെല്ലിന് 13,500 രൂപ
ഒരു ഹെക്‌ടർ നെല്ല് നശിച്ചാൽ 13,500 രൂപ നൽകാമെന്നാണ് സർക്കാർ കണക്ക്. കുല വന്ന വാഴ നശിച്ചാൽ 100 രൂപയും കുലയില്ലെങ്കിൽ 75 രൂപയും ലഭിക്കും. കായ്ക്കുന്ന തെങ്ങ് നശിച്ചാൽ 700 രൂപയും കായ്ക്കാത്ത തെങ്ങിന് 350 രൂപയും ലഭിക്കും. കവുങ്ങ് കായ്ച്ചതിന് 150 രൂപയും കായ്ക്കാത്തതിന് 100 രൂപയും  കൃഷി വകുപ്പ് നൽകും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top