15 October Tuesday
ക്ഷേത്ര വരുമാനത്തിൽ തിരിമറി

യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
 
പാലക്കാട്‌
ക്ഷേത്രവരുമാനം ബാങ്കിൽ അടയ്‌ക്കാതെ തിരിമറി നടത്തിയ യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെ സസ്പെൻഡ്‌ ചെയ്തു. കണ്ണാടി കൊറ്റുകുളങ്ങര ഭഗവതിക്ഷേത്രത്തിലെ വഴിപാട്‌ കൗണ്ടർ ക്ലാർക്കും യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയുമായ എസ്‌ വിജീഷിനെയാണ്‌ സസ്പെൻഡ്‌ ചെയ്തത്‌. വഴിപാട്‌ കൗണ്ടർ മുഖേന ലഭിച്ച 72,762രൂപയിൽ 22,510രൂപമാത്രം ബാങ്കിൽ നിക്ഷേപിച്ചത്‌ ശ്രദ്ധയിൽപ്പെട്ടപ്പോൾ വിശദീകരണം ചോദിച്ചതിന്‌ മറുപടിയുണ്ടായില്ല. ഇതേ തുടർന്നാണ്‌ ക്ഷേത്രം എക്‌സിക്യുട്ടീവ്‌ ഓഫീസർ വിജീഷിനെ ജോലിയിൽനിന്ന്‌ അന്വേഷണവിധേയമായി  സസ്‌പെൻഡ്‌ ചെയ്‌തത്‌. 
നോട്ടീസ്‌ നൽകിയ ശേഷം തുക ഘട്ടംഘട്ടമായി ബാങ്കിൽ അടച്ചുതീർത്തുവെങ്കിലും കൃത്യസമയത്ത്‌ അടയ്‌ക്കാത്തതിന്റെ കാരണം ബോധിപ്പിച്ചില്ല. തുടർന്ന്‌, എക്‌സിക്യുട്ടീവ്‌ ഓഫീസർ എ വി അശോകനാണ്‌ സസ്പെൻഡ്‌ ചെയ്തത്‌. 
ഇയാൾക്കെതിരെ അനധികൃതമായി അവധിയെടുത്തതിനും കാരണം കാണിക്കൽ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. മലബാർ ദേവസ്വം ബോർഡിന്‌ കീഴിലുള്ളതാണ്‌ കണ്ണാടി കൊറ്റുകുളങ്ങര ഭഗവതിക്ഷേത്രം. നിലവിൽ ‘ഡി’ ഗ്രേഡിലുള്ള ക്ഷേത്രത്തിൽ ശമ്പളവർധന ആവശ്യപ്പെട്ട്‌ അവധിയെടുത്തതിനാണ്‌ കാരണംകാണിക്കൽ നോട്ടീസ്‌ നൽകിയത്‌. എന്നാൽ ബന്ധുവിന്‌ അസുഖമായതിനാലാണ്‌ അവധിയെടുത്തതെന്നും അടുത്തിടെ അയാൾ മരണപ്പെട്ടെന്നുമാണ്‌ വിജീഷ്‌ മറുപടി നൽകിയത്‌. ഇക്കാര്യം ബോർഡ്‌ അംഗീകരിച്ചിട്ടുണ്ട്‌.   
ക്ഷേത്രത്തിലെ വഴിപാട് തുകയിൽനിന്ന്‌ 46,252രൂപ ബാങ്കിൽ അടയ്‌ക്കാൻ വൈകിയതിന്‌  മറുപടി നൽകിയിട്ടില്ല.  ഇതു സംബന്ധിച്ച്‌ മലബാർ ദേവസ്വം ബോഡ്‌ തീരുമാനമെടുക്കുമെന്നും എക്‌സിക്യുട്ടീവ്‌ ഓഫീസർ എ വി അശോകൻ അറിയിച്ചു. ക്ഷേത്രത്തിൽ  മറ്റെന്തെങ്കിലും  സാമ്പത്തിക ക്രമക്കേട്‌ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന്‌ അധികൃതർ അറിയിച്ചു.  രമ്യ ഹരിദാസ്‌ എംപിക്ക്‌ കാർ വാങ്ങാൻ പണപ്പിരിവ്‌ നടത്തിയതിനും നേതൃത്വം നൽകിയിട്ടുണ്ട്‌.  
പ്രധാന വാർത്തകൾ
 Top