ഒറ്റപ്പാലം> സമ്മാനം ലഭിച്ച ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിൽപ്പനക്കാരെ കബളിപ്പിച്ചു പണം തട്ടുന്ന സംഘം വ്യാപകം. ഒറ്റപ്പാലം, ഷൊർണൂർ പ്രദേശങ്ങളിലാണ് തട്ടിപ്പ് കൂടുതൽ. വൃദ്ധരായ കാൽനട ലോട്ടറിവിൽപ്പനക്കാരാണ് തട്ടിപ്പിന് ഇരയാകുന്നത്. കഴിഞ്ഞ ദിവസം ഷൊർണൂർ സ്വദേശി ചന്ദ്രശേഖരന്(69) 1,000 രൂപ നഷ്ടമായി.
മെയ് ഒമ്പതിന്റെ വിൻ വിൻ ലോട്ടറി (w667)യുടെ 1000 രൂപ സമ്മാനം അടിച്ച wo 215425 നമ്പർ ടിക്കറ്റിന്റെ കളർ പകർപ്പ് എടുത്താണ് ചന്ദ്രശേഖരനെ പറ്റിച്ചത്. ഒറ്റനോട്ടത്തിൽ യഥാർഥ ലോട്ടറിയെന്ന് തോന്നിപ്പിക്കുന്നതാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ടിക്കറ്റിന്റെ പുറകുവശത്ത് മാതലോട്ടറി ഏജൻസീസ് ആലുവ എന്ന സീലുമുണ്ട്. സീൽ ഉൾപ്പെടെ കണ്ടപ്പോൾ തെറ്റിദ്ധരിച്ചതാണെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. ഒറ്റപ്പാലം ലക്ഷ്മി ലോട്ടറിസിൽ എത്തിയപ്പോഴാണ് കള്ള ടിക്കറ്റാണെന്ന് മനസ്സിലായത്. ഹെൽമെറ്റും മാസ്കും ഉപയോഗിച്ചാണ് ഇയാൾ ടിക്കറ്റ് മാറ്റാൻ വന്നതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
ഒറ്റപ്പാലത്തും ഷൊർണൂരിലുമായി ഇങ്ങനെ നൽകി ലോട്ടറി വിൽപ്പനക്കാർ പറ്റിക്കപ്പെട്ടു. ലോട്ടറിയിൽ നമ്പർ തിരുത്തിയും ഇത്തരം തട്ടിപ്പുണ്ട്. ഇത്തരം ലോബികളെ കണ്ടത്താൻ നടപടിയെടുക്കണമെന്നാണ് ലോട്ടറിവിൽപ്പനക്കാരുടെ ആവശ്യം. യഥാർഥ ടിക്കറ്റിന്റെ ഒപ്പിട്ട ഭാഗത്ത് ഗ്രേസ് കളറും കെഎസ്എൽ എന്ന് എഴുതിയിട്ടുമുണ്ടാവും. എന്നാൽ ഫോട്ടോസ്റ്റാറ്റ് എടുത്ത ടിക്കറ്റിന്റെ ഭാഗത്ത് ഒപ്പ് കറുത്ത കളറും കെഎസ്എൽ എന്ന് എഴുത്ത് പതിഞ്ഞിട്ടുമുണ്ടാവില്ലെന്ന് ഏജൻസികൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..