26 May Sunday

വോട്ടിന‌് മുന്നേ ജയിച്ച‌് കണിക്കൊന്ന

ശരത‌് കൽപ്പാത്തിUpdated: Sunday Apr 14, 2019
പാലക്കാട് 
തെരഞ്ഞെടുപ്പ‌് ചൂടെത്തിയതോടെ അന്തരീക്ഷത്തിലെ ചൂടെല്ലാം പാലക്കാട്ടുകാർ മറക്കുന്നു. വിഷുവിനു കണിത്താലത്തിലെത്തിയിരുന്ന കൊന്ന പാർലമെന്റ് തെരഞ്ഞെടുപ്പോടെ കൂടുതൽ ജനകീയമായി. കൊടിയുടെ നിറമോ, രാഷ്ട്രീയമോ നോക്കാതെ ഇഷ്ട സ്ഥാനാർഥികളെ ഗ്രാമഗ്രാമാന്തരങ്ങളിൽ കണിക്കൊന്ന നൽകിയാണ‌് സ്വീകരിക്കുന്നത്.  
തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമാവും ഇത്രയേറെ കണിക്കൊന്നകൾ സ്ഥാനാർഥികൾക്ക് സമ്മാനിക്കുന്നത്. വെള്ളരിയും പഴവർഗങ്ങളുമടങ്ങിയ കണിത്താലവും നൽകുന്നു.  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളാണ‌് കണിക്കൊന്ന നൽകി സ്വീകരിക്കുന്നതിലും മുന്നിട്ട‌് നിൽക്കുന്നത‌്. ഇത്തവണ ഡിസംബർ അവസാന വാരത്തോടെ   കണിക്കൊന്ന പൂത്തുതുടങ്ങി.  വർധിക്കുന്ന ചൂടിനെ അടയാളപ്പെടുത്തിയാണ് കൊന്നപൂക്കുന്നത‌്. മാർച്ച‌് അവസാനമായതോടെ കൊഴിയലുമാരംഭിച്ചു. മണ്ണിലെ ജലാംശം കുറയുമ്പോൾ കൊന്ന പൂവിടുമെന്ന് സമീപകാല പഠനങ്ങൾ പറയുന്നു. പ്രളയശേഷം ഭൂഗർഭജലത്തിന്റെ അളവ് വലിയതോതിൽ കുറഞ്ഞതും നേരത്തേ പൂവിടുന്നതിന‌് കാരണമായിട്ടുണ്ട്. ഇത്ര നേരത്തെ പൂവിട്ടതായി ഓർക്കുന്നില്ലെന്നാണ് പഴമക്കാരുടെ പക്ഷം. വേനലിൽ സ്വർണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് പുരാണങ്ങളിലെന്ന് പ്രായമായവർ പറയുന്നു. 
വേനൽക്കൃഷിയുടെ ആഘോഷം കൂടിയാണ് വിഷു. കണിവെള്ളരിയും കൊന്നയെപോലെ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ആവശ്യക്കാർ ഇത്തവണ കുറവാണെന്നു കച്ചവടക്കാർ പറയുന്നു. കേരളത്തിൽ വെള്ളരി കൃഷി പൊതുവെ കുറയുകയാണ്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് കണിവെള്ളരി കൂടുതലായും കേരളത്തിലേക്കെത്തുന്നത്. 
 മണ്ണാർക്കാടും ചെർപ്പുളശേരിയിലും വടക്കഞ്ചേരിയിലും കൃഷിയുണ്ട്. കിലോയ്ക്ക് പതിനഞ്ച‌് രൂപ മുതൽ ഇരുപത്തഞ്ച‌് രൂപവരെയാണ് വിപണിയിലെ ശനിയാഴ്ച്ചത്തെ വില. കഴിഞ്ഞ വിഷുവിനു നൂറ്റിപ്പത്തു രൂപവരെയായിരുന്നു വില. പുതിയകാലത്ത് ഇൻസ്റ്റന്റ് വിഷുക്കണിയിലേക്ക് മലയാളികൾ മാറിയതോടെ വില കുത്തനെയിടിഞ്ഞു. ഫാൻസി സ്റ്റോറുകളിൽ പ്ലാസ്റ്റിക് കണിക്കൊന്നയും പഴങ്ങളുടെയും പച്ചക്കറികളുടെയും പ്ലാസ്റ്റിക് മോഡലുകൾ വിൽപ്പനയ്‌ക്കെത്തിയതോടെ വിഷുവിനെ ആശ്രയിച്ചുള്ള കൃഷിയും പിറകോട്ടടിച്ചു. 
പ്രധാന വാർത്തകൾ
 Top