22 January Saturday

അതിരുകടക്കുന്ന ലഹരി

എസ്‌ നന്ദകുമാര്‍Updated: Friday Jan 14, 2022

വാളയാർ

വാളയാർ അതിർത്തിവഴി ലഹരികടത്ത്‌ വർധിക്കുന്നു. കഞ്ചാവ്‌, എംഡിഎംഎ, ഹാഷിഷ്‌ ഓയിൽ എന്നിവയുള്‍പ്പെടെ കോടിക്കണക്കിനു രൂപ വിലവരുന്ന ലഹരിമരുന്നാണ് വാളയാറിലെ പരിശോധനയിൽ എക്‌സൈസ്‌ പിടികൂടിയത്‌. കഴിഞ്ഞ നാല്‌ മാസത്തിനിടെ 110 കിലോ കഞ്ചാവാണ്‌ ഇവിടെ പിടിച്ചത്‌. ഇതിനുപുറമെ, 11.5 കിലോ ഹാഷിഷ്‌ ഓയിൽ, 84 ഗ്രാം എംഡിഎംഎ, 20 ഗ്രാം നൈട്രോസ്‌പാം എന്നിവയും പിടികൂടി. 

നവംബർ ആറിന് പരിശോധനാസംഘത്തെ വെട്ടിച്ചുകടന്ന കാറിനെ പിന്തുടർന്നാണ്‌ 54 കിലോ കഞ്ചാവ്‌ പിടിച്ചത്‌. കേസില്‍ മലപ്പുറം സ്വദേശികളായ രണ്ട്‌പേരെ അറസ്റ്റ്‌ ചെയ്തു. ഒരാഴ്ചയ്‌ക്ക്‌ശേഷം എക്‌സൈസ്‌ ചെക്‌പോസ്റ്റിൽ ലഹരിമരുന്നുമായി യുവാവിനെ പിടികൂടി. ചോദ്യ ചെയ്യുന്നതിനിടെ യുവാവ്‌ കുപ്പിച്ചില്ല്‌ ഉപയോഗിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിക്കുകയും എക്‌സൈസ്‌ ഉദ്യോഗസ്ഥരെ സംഘത്തെ ആക്രമിക്കുകയും ചെയ്തു.

ഡിസംബർ 20ന് സ്വകാര്യബസിൽ കടത്തിയ നാലുകിലോ കഞ്ചാവുമായി രണ്ട്‌ അതിഥിത്തൊഴിലാളികളെ പിടികൂടി. അതേദിവസം ആന്ധ്രയിൽനിന്ന്‌ കടത്തിയ നാലുകിലോ കഞ്ചാവുമായി തൃശൂർ സ്വദേശിയും അറസ്റ്റിലായി. 

നാലുദിവസത്തെ ഇടവേളയിൽ ക്രിസ്‌മസ്‌–-പുതുവത്സര സ്‌പെഷ്യൽ ഡ്രൈവിനിടെ 25ലക്ഷംരൂപ വിലമതിക്കുന്ന എംഡിഎംഎയുമായി രണ്ടുപേര്‍ എക്‌സൈസ്‌–-പൊലീസ് സംഘത്തിന്റെ പിടിയിലായി. 

കഴിഞ്ഞയാഴ്ച രണ്ടു കേസുകളിലായി കെഎസ്‌ആർടിസി, തമിഴ്‌നാട്‌ ട്രാൻസ്‌പോർട്ട്‌ ബസുകളില്‍ കടത്തിയ 23 കിലോ കഞ്ചാവ്‌, രണ്ട്‌ദിവസംമുമ്പ്‌ 3.5 കോടി വില മതിക്കുന്ന ഹാഷിഷ്‌ ഓയിൽ, കഞ്ചാവ്‌ എന്നിവയും എക്‌സൈസ്‌ സംഘം വാളയാറില്‍ പിടികൂടി. 

ലഹരികടത്ത്‌ കേസിൽ കഴിഞ്ഞ നാലുമാസത്തിനിടെ പത്തിലധികംപേരെ അറസ്റ്റ്‌ ചെയ്തു. 

അതിർത്തിയിൽ യാത്രാ  നിയന്ത്രണം നീക്കിയതും ബസ്‌ സർവീസുകൾ പുനരാരംഭിച്ചതും ലഹരികടത്ത്‌ വർധിക്കാൻ കാരണമായി. രണ്ട്‌ മാസത്തിനിടെ വാളയാറിൽ എക്‌സൈസ്‌ സംഘം പിടിച്ച കേസുകളിൽ ഭൂരിഭാഗം ലഹരികടത്തും ബസുകളിലായിരുന്നു. 

വൻ തോതിൽ കഞ്ചാവ്‌ കൃഷി ചെയ്യുന്ന ആന്ധ്രപ്രദേശിൽ വിളവെടുപ്പ്‌കാലമാണെന്നും കുറഞ്ഞ വിലയ്‌ക്ക്‌ അവിടെ ലഭിക്കുന്ന കഞ്ചാവ് ഇവിടെയെത്തിച്ച് ചെറുകിട കച്ചവക്കാർക്ക്‌ വിതരണം ചെയ്യുന്ന സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും എക്‌സൈസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇനിയൊരു ലോക്ഡൗണ്‍ വരുമെന്ന ആശങ്കയും വൻ തോതിൽ ലഹരി ഒഴുകിയെത്താന്‍ കാരണമാണ്. അതിനാല്‍ അതിർത്തിപരിശോധന കർശനമാക്കുമെന്ന് പാലക്കാട്‌ അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമീഷണർ കെ രാകേഷ്‌ പറഞ്ഞു. 

 

തമിഴ്‌നാട്‌ സ്വദേശി അറസ്‌റ്റിൽ

ഈന്തപ്പഴ പാക്കറ്റിൽ കഞ്ചാവ് കടത്ത്‌

വാളയാർ

വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നടന്ന പരിശോധനയ്‌ക്കിടെ ഈന്തപ്പഴ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ എട്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു. കേസില്‍ തമിഴ്നാട് പുതുക്കോട്ട സ്വദേശി രവിചന്ദ്രൻ (49) അറസ്റ്റിലായി. 

വ്യാഴം പകൽ 12.30നാണ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ കെഎസ്ആർടിസി ബസില്‍ ഈന്തപ്പഴ പാക്കറ്റിലാക്കി ബാഗിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവാണ്‌ പിടിച്ചെടുത്തത്.

ആന്ധ്രയിൽനിന്ന്‌ വാങ്ങിയ കഞ്ചാവ് തിരുച്ചിറപ്പള്ളി വഴി കോഴിക്കോട് ഹാർബർ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണെന്ന്‌ പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മുമ്പും ഇയാൾ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസ് പറഞ്ഞു. പ്രിവ​ന്റീവ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, സി ഷിബുകുമാർ, ഗ്രേഡ് പ്രിവ​ന്റീവ് ഓഫീസർമാരായ പ്രവീൺ കെ വേണുഗോപാൽ, വി ദേവകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ടി എസ് അനിൽകുമാർ, എൻ രജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top