22 June Tuesday

പാൽവരവ് ഒന്നര ലക്ഷം ലിറ്റർ 
കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021
 പാലക്കാട്
കോവിഡ് രണ്ടാംതരംഗത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണില്‍ കേരളത്തിലേക്ക് വരുന്ന പാലിന്റെ അളവ് കുത്തനെ കുറഞ്ഞു. 
പ്രതിദിനം മൂന്നര ലക്ഷം ലിറ്ററിലധികം പാല്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നിരുന്നത് രണ്ടു ലക്ഷമായി കുറഞ്ഞു. 14 ടാങ്കറുകൾ ഉൾപ്പെടെ 46 വാഹനങ്ങൾ ദിവസവും പാലുമായി എത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ എട്ട് ടാങ്കർ ഉൾപ്പെടെ 36 വാഹനങ്ങളായി. ഹോട്ടലുകൾ, കടകൾ എന്നിവ പ്രവർത്തിക്കാതായതോടെയാണ് പാൽ വരവ് കുറഞ്ഞത്. 
തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പാൽ എത്തുന്നത്. ഇവിടങ്ങളിലെ കോവിഡ് വർധന പാൽഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ശരാശരി ഒരുലക്ഷം ലിറ്ററിലും താഴെയാണ് പാൽ വന്നത്. രണ്ടാംതരംഗത്തില്‍ തീവ്രബാധിതമേഖലകൾ കൂടുകയും ചായക്കടകൾ ഉൾപ്പെടെ അടഞ്ഞുകിടക്കുകയും ചെയ്തതോടെ പാലിന്റെ ആവശ്യവും കുറഞ്ഞു. വിവാഹവും മറ്റു ചടങ്ങുകളും ഇല്ലാതായതോടെ പായസം, ഐസ്‌ക്രീം, ഷേക്ക് പോലുള്ള പാല്‍ അടിസ്ഥാന ഉൽപ്പന്നങ്ങളുടെ ആവശ്യവും കുറഞ്ഞു. 
തിങ്കളാഴ്ച മാത്രം 25,000 ലിറ്റർ പാലാണ് കുറഞ്ഞത്. വരും ദിവസങ്ങളിൽ  വീണ്ടും കുറയാനാണ് സാധ്യതയെന്ന്‌ ക്ഷീരവികസന വകുപ്പ്‌ അധികൃതർ പറഞ്ഞു. എങ്കിലും പാൽ പരിശോധന തുടരുന്നുണ്ട്. മീനാക്ഷീപുരം, വാളയാർ, ഗോപാലപുരം എന്നിവിടങ്ങളിൽ ക്ഷീരവികസന വകുപ്പിന്റെ മൊബൈൽ ലാബ് പരിശോധന നടത്തുന്നുണ്ട്. മീനാക്ഷീപുരം അതിർത്തിയിലെ പാൽ പരിശോധനാകേന്ദ്രം 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. ലോക്ക്‌ഡൗൺ മറയാക്കി മായംകലർന്ന പാൽ കൊണ്ടുവരുന്നത് തടയാനും ഗുണനിലവാരം ഉറപ്പാക്കാനുമാണ് പരിശോധന. ലോക്ക്ഡൗണ്‍ സമയത്ത് ഗുണനിലവാരമില്ലാത്ത പാൽ കണ്ടെത്തിയിട്ടില്ല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top