03 December Friday
ഡീസല്‍ വിലവര്‍ധന

തെരുവുകളിൽ പ്രതിഷേധാഗ്നി

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021
പാലക്കാട്
ഡീസൽവില വർധനയ്‌ക്കെതിരെ ഡിവൈഎഫ്ഐ യൂണിറ്റ് കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. വണ്ടാഴിയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്ഘാടനം ചെയ്തു. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജിഞ്ചു ജോസ് ഉദ്ഘാടനം ചെയ്തു. കെ വിപിൻദാസ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ശിവദാസ്, കെ കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്ത് ഡീസൽവില ഞായറാഴ്ച 100 കടന്നതോടെയാണ് ഡിവൈഎഫ്ഐ ജില്ലയിലാകെ പ്രതിഷേധം സംഘടിപ്പിച്ചത്. 
 
 
അട്ടപ്പാടിയില്‍ 99.72 
ജില്ലയും നൂറിലേക്ക്
പാലക്കാട്
പെട്രോളിനുപിന്നാലെ ഡീസൽവിലയും സംസ്ഥാനത്ത് സെഞ്ച്വറിയിലേക്ക്‌. ജില്ലയിലും 100 രൂപയ്‌ക്കടുത്താണ്‌ ഡീസൽ വില. അട്ടപ്പാടിയിൽ 99.72 രൂപയാണ് വില. ചെർപ്പുളശേരി, മുണ്ടൂർ, പാലക്കാട്‌, ശ്രീകൃഷ്ണപുരം, ചിറ്റൂർ എന്നിവിടങ്ങളിലും ഡീസൽ വില 99 കടന്നു. ഈ ആഴ്ചതന്നെ ഡീസൽവില 100 കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുണ്ടൂർ 99.12, ശ്രീകൃഷ്ണപുരം 99.07, പാലക്കാട് 99.11, ചിറ്റൂര്‍ 99.07, ആലത്തൂർ 98.87, വാളയാർ 98.89, കുഴൽമന്ദം 98.87, പട്ടാമ്പി 98.97, കൂറ്റനാട് 98.99, ചെർപ്പുളശേരി 98.86 എന്നിങ്ങനെയാണ് ഞായറാഴ്ചയിലെ ഡീസൽ വില. ഇന്ധനം പമ്പുകളിൽ എത്തിക്കുന്ന ചെലവുകൂടി കണക്കാക്കിയാണ് കമ്പനികൾ വില നിശ്ചയിക്കുന്നത്. അതിനാൽ ജില്ലയിൽ തന്നെ പലവിലയാണ്. 
ഇന്ധന വില ഒരു അന്തവുമില്ലാതെ ഉയരുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങൾ. കേന്ദ്രം ഈ പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് എല്ലാ വിഭാ​ഗം ജനങ്ങളും ആവശ്യപ്പെടുന്നു. ഇന്ധനവില വർധനയോടൊപ്പം എല്ലാ മേഖലകളിലും വിലക്കയറ്റത്തിനും വഴിവയ്ക്കുകയാണ്. പച്ചക്കറിവിലയും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ പെട്രോള്‍ വില 105 കടന്നു.
 
ജീവിക്കാൻ 
അനുവദിക്കില്ലേ...?
ഒരുതരത്തിലും ജനങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം. വരുമാനത്തിൽ മഹാഭൂരിഭാ​ഗവും ഡീസൽ അടിക്കാൻ മാത്രം മാറ്റി വയ്ക്കുന്നു. എന്ത് ചെയ്യണമെന്നറിയില്ല. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന ആളുകളെ പരമാവധി ബുദ്ധിമുട്ടിക്കാനാണ് ശ്രമം. സാധാരണക്കാർ എങ്ങനെയാണ് ജീവിക്കുക..?
കെ രാധാകൃഷ്ണൻ
(ഡ്രൈവർ)
 
ജനം നട്ടം തിരിയുന്നു
ഡീസലും പെട്രോളിനും വിലകൂടുന്നത് എല്ലാ മേഖലകളെയും ബാധിക്കും. നിർമ്മാണ മേഖലയിലും കുടുംബ ബജറ്റിലും വലിയ മാറ്റമുണ്ടാകും. ഇതിനെതിരെ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞിരിക്കുകയാണ് ആളുകൾ. വില അൽപ്പമെങ്കിലും കുറച്ച് ജനങ്ങളോട് നീതി കാണിക്കണം.
എസ് നിധിൻ
(വിദ്യാർഥി, കഞ്ചിക്കോട്)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top