16 February Saturday

ഹരിശ്രീയിലെ കലൈഞ‌്ജർ

ജി അലേഷ്യസ‌്Updated: Monday Feb 11, 2019

കൃഷ‌്ണകുമാർ തന്റെ ബാർബർ ഷോപ്പിൽ

ആലത്തൂർ 
മുടി വെട്ടൽ  കൃഷ‌്ണകുമാറിന‌് ഒരു കവിതയെഴുത്താണ‌്;  ഓരോ മുഖവും സുന്ദരമാക്കാനുള്ള അപാരമായ കലാവൈഭവം. മുടിവെട്ട്കടയിലെ  കറങ്ങുന്ന കസേരയിൽ ജീവിതം കണ്ടെത്തിയപ്പോഴും കലയുടെ ആകാശം കൃഷ‌്ണകുമാർ സ്വപ്നം കണ്ടു. കാവശേരിയിലെ ഹരിശ്രീ ഹെയർ ഡ്രസ്സസിലെ കണ്ണാടിയിൽ തന്റെ കഥയും കഥാപാത്രങ്ങളും തെളിഞ്ഞു. നാടകം, സിനിമ, കഥ, തിരക്കഥ, അഭിനയം, അണിയറ പ്രവർത്തകൻ എന്നീ മേഖലയിലേക്ക‌് ഉയരാൻ കാവശേരി കോട്ടപ്പറമ്പിൽ കൃഷ്ണകുമാറിന‌് ആത്മവിശ്വാസമായിരുന്നു കൈമുതൽ. അഭ്രപാളിയിലെ വെള്ളിവെളിച്ചത്തിലേക്ക‌് നടന്നുകയറിയ കൃഷ‌്ണകുമാർ വ്യത്യസ്ഥൻ തന്നെ. 
മുത്തച്ഛൻ കിട്ടയുടെ പുരാണനാടകങ്ങൾ കണ്ടു വളർന്ന കൃഷ്ണകുമാർ പത്താംവയസ്സിൽ നാട്ടിലെ കലാസമിതിയിലൂടെ അരങ്ങിലെത്തി. അഭിനയത്തോടൊപ്പം രംഗസജ്ജീകരണവും അവതരണരീതിയും സ്വന്തമാക്കി. 13–-ാംവയസ്സിൽ വേനലവധിയിൽ സ‌്കൂളിലെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലിരുന്ന് കഥയെഴുത്ത‌് തുടങ്ങി. 60ലധികം ചെറുകഥ എഴുതി, പിന്നീട് തിരക്കഥയും. കാത്തിരിപ്പിനൊടുവിൽ ദൃശ്യ ആർട്സ് കൃഷ‌്ണകുമാറിന്റെ നാടകം അരങ്ങിലെത്തിച്ചു. 34 നാടകത്തിൽ 22എണ്ണം അരങ്ങിലെത്തി. അഖില കേരള നാടകമത്സരത്തിൽ നിഷേധി, യാചന, ഗദ്ദിക, മൂന്നാംയാമം എന്നീ നാടകങ്ങൾക്ക് മികച്ച അവതരണം, നാടകം, നടി, നടൻ എന്നീ പുരസ‌്കാരങ്ങളും ലഭിച്ചു. 18 നാടകം സംവിധാനം ചെയ്തു. 
പ്രവാസ ലോകത്തെത്തിയെങ്കിലും കലയോടുള്ള താൽപ്പര്യത്തെതുടർന്ന‌് നാട്ടിലെത്തി. സിനിമാമോഹവുമായി ചെന്നൈയിലെത്തിയെങ്കിലും വിജയിക്കാനായില്ല. തിരികെ നാട്ടിലെത്തി ദാസ് വടക്കഞ്ചേരിയുടെ ഗുണപാഠം എന്ന ടെലിഫിലിമിന് തിരക്കഥയെഴുതി. ഹ്രസ്വം എന്ന ടെലിഫിലിമിൽ തിരക്കഥയെഴുതി അഭിനയിച്ചു. പി ആർ കൃഷ്ണയുടെ ‘ഇനിയും എത്ര ദൂരം’ എന്ന സിനിമയുടെ തിരക്കഥ, സംഭാഷണവും ഒരുക്കി.
തന്റെ കുടുംബപശ‌്ചാത്തലമുള്ള  ‘കോട്ടപ്പറമ്പിൽ വീടും കോമളവല്ലിയും’ എന്ന ഹാസ്യചിത്രത്തിന‌് കഥയും തിരക്കഥയും പൂർത്തിയാക്കി സംവിധായകനെ കാത്തിരിക്കുകയാണ‌് കൃഷ‌്ണകുമാർ.  ‘സാവിത്രി അന്തർജ്ജനം ഐപിഎസ് അഥവാ സന്ധ്യ’ എന്ന സിനിമാതിരക്കഥയുടെ തയ്യാറെടുപ്പിലുമാണ‌്. ജോലി കഴിഞ്ഞ് രാത്രിയാണ‌് എഴുത്ത‌്. അമല പോൾ നായികയായ സിന്ധു സമവെളി, അയ്യപ്പചരിതം, ഇനിയും എത്ര ദൂരം എന്നീ സിനിമകളിലും അഭിനയിച്ച ഇദ്ദേഹം സഹസംവിധായകനായും ലൊക്കേഷൻ മാനേജരായും പ്രവർത്തിച്ചു. തൊഴിലിനൊപ്പം കലയും മുന്നോട്ടുകൊണ്ടുപോകുമ്പോഴും കലയെ വാണിജ്യവൽക്കരിക്കാൻ ഒരുക്കമല്ലെന്ന് ആണയിടുന്നു.
കാവശേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ്നേതാവ് കെ കെ രാജുവിന്റെ മകനാണ‌്. മല്ലികയാണ‌് ഭാര്യ. പഞ്ചവാദ്യകലാകാരൻ ശരവണൻ, ഗായിക ശരണ്യ എന്നിവർ മക്കളാണ‌്.
 
പ്രധാന വാർത്തകൾ
 Top