23 April Tuesday
റബർ എസ്റ്റേറ്റുകളിൽ ടാപ്പിങ‌് നിർത്തി

ഭീതിയൊഴിയാതെ മലയോരവാസികൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കിഴക്കഞ്ചേരി പനംകുറ്റിയിൽ കാട്ടാന നശിപ്പിച്ച വാഴത്തോട്ടം

വടക്കഞ്ചേരി

പുലി, കരടി, കാട്ടാന... ഭീതിയോടെ മലയോര ജനത, കാർഷിക മേഖലയ്ക്ക് വൻനഷ്ടം. റബർ എസ്റ്റേറ്റുകളിൽ ടാപ്പിങ‌് നിർത്തി. ഉൾക്കാടുകളിലെ വന്യമൃഗങ്ങൾ വീട്ടുമുറ്റത്തും കൃഷിസ്ഥലത്തും എത്തിയതോടെ ഭീതിയോടെയാണ് മംഗലംഡാമിലേയും, കിഴക്കഞ്ചേരിയിലേയും നാട്ടുകാർ. പ്രദേശങ്ങളിൽ പുലി ശല്യം രൂക്ഷമാണ്. മുൻവർഷങ്ങളിൽ ഇത്തരത്തിൽ വന്യമൃഗങ്ങൾ ഇറങ്ങാറില്ലെന്ന‌് നാട്ടുകാർ പറയുന്നു. മംഗലംഡാം മലയോര മേഖലയിൽ പുലിയുടെ ശല്യമാണ് വ്യാപകമായുള്ളത‌്.  വളർത്തുനായ്‌ക്കളെയും ആടുകളെയും കൊന്നുതിന്നുന്നത് പതിവാണ‌്. 
പുലിപ്പേടിയെത്തുടർന്ന് നാട്ടുകാർ രാത്രി പുറത്തിറങ്ങാറില്ല. അതിരാവിലെയുള്ള ടാപ്പിങ‌് നിർത്തിവച്ചു. നേരം വെളുത്തശേഷം ടാപ്പിങ്ങിന് പോയാൽ മതിയെന്നാണ് വനം വകുപ്പ് അധികൃതരുടെ നിർദേശം. ഈ സമയം ടാപ്പിങ‌് നടത്തിയാൽ പാൽ കുറവാണ‌് കിട്ടുന്നതെന്നും ഇത‌് നഷ്ടത്തിനിടയാക്കുന്നതായും കർഷകർ പറയുന്നു. ഭൂരിഭാഗം തോട്ടങ്ങളിലും ടാപ്പിങ‌് നിർത്തി. സെപ്തംബർ 24-ന് മംഗലംഡാം ഓടംതോട്ടിൽ പുലി കെണിയിൽപ്പെട്ട് ചത്തിരുന്നു. 
കിഴക്കഞ്ചേരി കൊന്നക്കൽക്കടവിൽ വളർത്തുനായയെ പുലി കടിച്ചുകൊന്നത് സിസിടിവിയിൽ പതിഞ്ഞതും ജനങ്ങളിൽ ആശങ്കയ‌്ക്കിടയാക്കി. പുലിയെക്കൂടാതെ കോട്ടേക്കുളത്ത് കരടിയും ഇറങ്ങുന്നുണ്ട്‌. ഒടുകിൻ ചുവട് ദീപ്തി എസ്റ്റേറ്റിലാണ് കരടി ഇറങ്ങിയത്. 
ഒന്നര മാസമായി കിഴക്കഞ്ചേരി പനംകുറ്റി, കണച്ചിപ്പരുത, കൈതക്കൽ ഉറവ, പോത്തുചാടി എന്നിവിടങ്ങളിൽ കാട്ടാനയിറങ്ങി ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ മണിയൻകിണർ നാരായണന്റെ മകൻ മോഹനൻ (45) ന് പരിക്കേറ്റു. ടാപ്പിങ‌് തൊഴിലാളിയായ മോഹനൻ അത്ഭുതകരമായാണ‌് കാട്ടാനയിൽനിന്ന‌് രക്ഷപ്പെട്ടത്. കാട്ടുപന്നി, മാൻ, മയിൽ, കുരങ്ങ‌് എന്നിവ ഇറങ്ങുന്നതും പതിവാണ‌്. 
ഏക്കർ കണക്കിന് കൃഷിയാണ് ഇവ നശിപ്പിക്കുന്നത്. 
വടക്കഞ്ചേരി വള്ളിയോട് കരിപ്പാലി പ്രദേശത്ത് മാൻ കൂട്ടവുമിറങ്ങുന്നുണ്ട‌്. ശനിയാഴ്ച രാവിലെ കരിപ്പാലിയിൽ വാഹനമിടിച്ച് മാൻ ചത്തിരുന്നു. വേനൽച്ചൂട് കനക്കുന്നതോടെ കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങും. 
ചൂട് കൂടുമ്പോൾ വനത്തിനുള്ളിൽ തീറ്റയും വെള്ളവും കുറയുന്നതാണ് നാട്ടിൻ പുറങ്ങളിലേക്ക് തീറ്റ തേടി മൃഗങ്ങൾ ഇറങ്ങാൻ കാരണം. കാട്ടുമൃഗങ്ങളുടെ ശല്യം പരിഹരിക്കാൻ നടപടിയെടുക്കണമെന്നാണ‌്  നാട്ടുകാരുടെ ആവശ്യം.
പ്രധാന വാർത്തകൾ
 Top