23 January Wednesday
ഗാന്ധി സ‌്മരണയിൽ

രക്തസാക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
പാലക്കാ‌ട‌്
സഹന സമരപാതയിലൂടെ ജീവിതം നയിച്ച‌ മഹാത്മാവിന്റെ ഓർമകൾ പുതുക്കി രക്തസാക്ഷ്യത്തിന‌് തുടക്കം. ഗാന്ധിജിയുടെ 150–-ാം ജന്മവാർഷികത്തിന്റേയും 70–-ാം രക‌്തസാക്ഷിത്വ വാർഷികത്തിന്റേയും ഭാഗമായാണ‌് അകത്തേത്തറ ശബരി ആശ്രമത്തിൽ പരിപാടി സംഘടിപ്പിച്ചത‌്. 
ആറുദിവസം നീളുന്ന "രക്തസാക്ഷ്യം'  ഭരണപരിഷ‌്കരണ കമീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗീയതയെ ഗാന്ധിജി ഉയർത്തിക്കാട്ടിയ മതനിരപേക്ഷതയിലൂടെ നേരിടണമെന്ന‌് വി എസ‌് പറഞ്ഞു. പാവങ്ങളെ കുടിയൊഴിപ്പിച്ച‌് 3000 കോടി ചെലവിൽ പട്ടേലിനെ അനുസ‌്മരിച്ചതുപോലെ ഗാന്ധിജിയെ അനുസ‌്മരിക്കാത്തതിൽ ആശ്വാസമുണ്ടെന്ന‌ും അദ്ദേഹം പറഞ്ഞു. മന്ത്രി എ കെ ബാലൻ അധ്യക്ഷനായി.
 ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ ശാന്തകുമാരി, സാംസ‌്ക‌ാരിക ഉന്നതസമിതി സെക്രട്ടറി പ്രഭാകരൻ പഴശി, ഉപസമിതി കൺവീനർ പി എ ഗോകുൽദാസ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ ടി ആർ സദാശിവൻ നായർ, ലീഗ‌് ജില്ലാ പ്രസിഡന്റ‌് കളത്തിൽ അബ‌്ദുള്ള, ഹരിജൻ സേവക‌് സമാജ‌് ചെയർമാൻ എൻ ഗോപാലകൃഷ‌്ണൻ നായർ, മലമ്പുഴ പഞ്ചായത്ത‌് പ്രസിഡന്റ‌് ഇന്ദിര രാമചന്ദ്രൻ, വൈസ‌് പ്രസിഡന്റ‌് കാഞ്ചന സുദേവൻ, അകത്തേത്തറ പഞ്ചായത്ത‌് പ്രസിഡന്റ‌് ഡി സദാശിവൻ എന്നിവർ സംസാരിച്ചു. കലക്ടർ ഡി ബാലമുരളി സ്വാഗതവും സംഘാടക സമിതി കൺവീനർ ടി ആർ അജയൻ നന്ദിയും പറഞ്ഞു. പ്രൊഫ. വി മധുസൂദനൻ നായർ രചിച്ച 'ഗാന്ധി' എന്ന കവിത ജ്യോതി ഭായ് പരിയാടത്ത് ആലപിച്ചു.  ഡോ. പ്രഭാകരൻ പഴശി പരിപ്രേക്ഷ്യം അവതരിപ്പിച്ചു. 
വ്യാഴാഴ‌്ച വൈകിട്ട് നാലിന് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽനിന്ന‌് കായികതാരങ്ങൾ പങ്കെടുത്ത ദീപശിഖാ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ശാന്തകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. ആശ്രമത്തിൽ   പഞ്ചായത്ത് പ്രസിഡന്റ് ഡി സദാശിവൻ റാലി സ്വീകരിച്ചു. സ്റ്റാളുകളുടെ പ്രദർശനോദ്ഘാടനം  മന്ത്രി എ കെ ബാലൻ നിർവഹിച്ചു. കലാപരിപാടികൾ സംഗീതനാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ ഉദ‌്ഘാടനം ചെയ‌്തു.  ഇന്ത്യൻ വില്ലേജ് നൃത്തോത്സവത്തിൽ രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള 48 കലാകാരന്മാർ നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. ഭാരത് ഭവൻ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ വില്ലേജ് നൃത്തോൽസവം അരങ്ങിലെത്തിയത്.സാംസ‌്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, ഇൻഫർമേഷൻ ആൻഡ‌് പബ്ലിക് റിലേഷൻസ്, പുരാരേഖ പുരാവസ്തു വകുപ്പ്, സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി, ഫോക‌് ലോർ അക്കാദമി, ഭാരത് ഭവൻ, കുടുംബശ്രീ മിഷൻ, ചലച്ചിത്ര അക്കാദമി, കേരള ബുക്ക് മാർക്ക്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന സർവവിജ്ഞാനകോശം, വാസ്തുവിദ്യാഗുരുകുലം, ഒ വി വിജയൻ സ്മാരക സമിതി, ലെക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി, ശബരി ആശ്രമം എന്നിവയുമായി സഹകരിച്ചാണ് ‘രക്തസാക്ഷ്യം 2019' സംഘടിപ്പിക്കുന്നത്. 15ന‌് സമാപിക്കും.
പ്രധാന വാർത്തകൾ
 Top