17 September Tuesday

മലമ്പുഴയിൽ സന്ദർശകപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

മലമ്പുഴ ഡാമിൽ തിങ്കളാഴ്‌ച അനുഭവപ്പെട്ട തിരക്ക്‌ ഫോട്ടോ: ശരത്‌ കൽപ്പാത്തി

മലമ്പുഴ
ഓണാവധി തുടങ്ങിയതോടെ മലമ്പുഴയിലേക്ക്‌ സന്ദർശകരുടെ പ്രവാഹം. സാധാരണ ആഗസ്‌ത്‌ 15ന് തിരക്ക്‌ തുടങ്ങുമെങ്കിലും ഇത്തവണ ഓണംവരെ കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞവർഷം മഴ കനത്തു പെയ്തെങ്കിലും ആഗസ്‌ത്‌ ഒന്നിന് ഡാം തുറന്നതോടെ സന്ദർശകത്തിരക്ക്‌ വർധിച്ചിരുന്നു. ഇത്തവണ ശനിയാഴ്‌ച മുതലാണ്‌ തിരക്ക് ആരംഭിച്ചത്‌. 
സന്ദർശകരെ വരവേൽക്കാൻ ജലസേചനവകുപ്പും തയ്യാറെടുപ്പ് തുടങ്ങി. ഉദ്യാനത്തിലെ പുല്ലും പാഴ്‌ച്ചെടികളും വെട്ടി, പുതിയ പൂച്ചെടികൾ നിരത്തി ഭംഗിയാക്കി. ഉദ്യാന പ്രവേശന കവാടം, കാളിയമർദനം, യക്ഷിപ്പാർക്കുകൾ എന്നിവിടങ്ങൾ വർണവിളക്കിനാൽ അലങ്കരിച്ചു. ഷട്ടറിലൂടെ ഒഴുക്കുന്ന വെള്ളം വിവിധ വർണങ്ങളിൽ കാണുന്ന വിധത്തിൽ അണക്കെട്ടിനുമുകളിൽ കളർലാമ്പ്‌ സ്ഥാപിച്ചു. ഇത്തവണത്തെ പ്രധാന ആകർഷണം ‘യക്ഷി’തന്നെയാകും. പ്രതിമ സ്ഥാപിച്ചശേഷം കാനായി കുഞ്ഞിരാമൻ നേരിട്ടെത്തി വീണ്ടും സിമന്റ്മിശ്രിതംകൊണ്ട്‌ മിനുക്കുപ്പണി നടത്തി, നിറം നൽകിയത്‌ ഇക്കൊല്ലമാണ്‌. നിറഞ്ഞ അണക്കെട്ടും ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിട്ടതും സന്ദർശകർക്ക്‌ മനംകുളിർപ്പിക്കുന്ന കാഴ്‌ച്ചയൊരുക്കും. 
സ്നേക് പാർക്ക്, റോക്ക് ഗാർഡൻ, ഫിഷ് അക്വേറിയം, റോപ്‌വേ എന്നിവയും വ്യോനത്തിനുപുറമേ കാണാനുണ്ട്‌. എന്നാൽ ഇത്തവണ റിസർവോയറിന് സമീപത്തുകൂടി തോണിക്കടവ് മുതൽ തെക്കേ മലമ്പുഴവരെയും ആനക്കല്ല് റോഡിലൂടെയുമുള്ള യാത്രയ്‌ക്ക് നിയന്ത്രണമുണ്ടാകും. ഓണത്തെയും തുടർന്നുള്ള സീസണുംകണ്ട് കച്ചവടക്കാരും സജീവമായി. ഇടയ്‌ക്ക്‌ പെയ്യുന്ന കനത്ത മഴയാണ് പ്രതിസന്ധി.
പ്രധാന വാർത്തകൾ
 Top