22 July Monday

കാട്ടാനക്കൂട്ടത്തെ തുരത്തി യന്തിരൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

കിഴക്കഞ്ചേരി കണച്ചിപ്പരുതയിൽ സ്ഥാപിച്ച എലിഫന്റ്‌ റിപലന്റ്

വടക്കഞ്ചേരി
കിഴക്കഞ്ചേരി കണച്ചിപ്പരുതയിൽ സ്ഥാപിച്ച എലിഫന്റ് റിപലന്റ് ഫലം കണ്ടുതുടങ്ങി. മലയോര മേഖലയിൽ നിരന്തരമുണ്ടാകുന്ന കാട്ടാനശല്യത്തെ നേരിടാൻ അടിയന്തര നടപടി എന്ന നിലയ്ക്കാണ് മലയോര മേഖലയിൽ ആധുനിക യന്ത്രസംവിധാനമായ എലിഫന്റ് റിപലന്റ് സ്ഥാപിച്ചത്. 
കെ ഡി പ്രസേനൻ എംഎൽഎ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ ‘നിറ’യുടെ ഭാഗമായാണ് യന്ത്രങ്ങൾ സ്ഥാപിച്ചത്. സോളാറിൽ പ്രവർത്തിക്കുന്ന എലിഫന്റ് റിപലന്റ‌് ഓണാക്കിയിട്ടാൽ കടുവയുടെയും കാട്ടു കടന്നലിന്റെയും ശബ്ദം ഉച്ചത്തിൽ പുറപ്പെടുവിക്കും. കാട്ടാനകൾക്ക് പേടിയുള്ള ഈ രണ്ട് ശബ്ദവും കേൾക്കുമ്പോൾ ഇവ ഓടുമെന്ന പ്രതീക്ഷയിലാണ് യന്ത്രം സ്ഥാപിച്ചത്. 
കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നിരന്തരമിറങ്ങിയ രജനീഷിന്റെ വാഴത്തോട്ടത്തിലാണ് ഇവ സ്ഥാപിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് യന്ത്രം സ്ഥാപിച്ചതെങ്കിലും അന്ന് ആനയിറങ്ങിയില്ല. ശനിയാഴ്ച രാത്രി ഒമ്പതോടെ കാട്ടാനക്കൂട്ടം കൃഷിയിടത്തിലെത്തി. യന്ത്രത്തിന്റെ അഞ്ഞൂറ് മീറ്റർ അകലെ എത്തിയപ്പോഴേക്കും ശബ്ദംകേട്ട് കാട്ടാനക്കൂട്ടം തിരികെ കാട്ടിലേക്ക് ഓടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി രജനീഷിന്റെ തോട്ടത്തിൽ കാട്ടാനയിറങ്ങിയതിനെത്തുടർന്ന് നാലായിരത്തോളം വാഴകളാണ് നശിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച യന്ത്രങ്ങൾ ഫലം കണ്ടുതുടങ്ങിയതോടെ വനംവകുപ്പിന്റെ അനുമതിയോടെ ഇവ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. 
കണച്ചിപ്പരുതയ‌്ക്കുപുറമെ പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. ഈ മേഖലയിൽ സൗരോർജ വേലിയുടെ നിർമാണവും ഇത്തരം യന്ത്രങ്ങളും സ്ഥാപിച്ചാൽ കാട്ടാനകളുടെ ആക്രമണത്തിൽനിന്ന‌് രക്ഷനേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രധാന വാർത്തകൾ
 Top