13 June Sunday
കോവിഡ്‌ മൂന്നാം വരവ്‌ മുന്നിൽക്കണ്ട്‌ നീക്കം

പിടിച്ചുകെട്ടാൻ സർവസന്നാഹം

ശരത്‌ കൽപ്പാത്തിUpdated: Monday May 10, 2021

ജില്ലാ ആശുപത്രയിൽ നിന്നുള്ള മരുന്നും മറ്റ് സാധനങ്ങളും 
മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു

  പാലക്കാട്

കോവിഡിനെ പിടിച്ചുകെട്ടാൻ ആരോഗ്യവകുപ്പും ജില്ലാ ഭരണസംവിധാനവും സജ്ജം. വരാനിരിക്കുന്ന  മൂന്നാം തരംഗം മുന്നിൽക്കണ്ടുള്ള നടപടി ആരംഭിച്ചു. ജില്ലാ ആശുപത്രിയിലെ കാർഡിയോളജി, ഓങ്കോളജി, നെഫ്രോളജി, മാനസികാരോഗ്യം എന്നീ വിഭാഗങ്ങൾക്ക് പുറമെയുള്ള ഒപികൾ തിങ്കളാഴ്ച  മുതൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്  പ്രവർത്തിക്കുക. 
ജില്ലാ ആശുപത്രിയിൽ നിന്നുള്ള സാധനങ്ങളും മരുന്നുകളും മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. സർക്കാർ ആശുപത്രികളിൽ 4,171 കിടക്കയുണ്ട്‌. കോവിഡ് ചികിത്സയിലുള്ളവർ രണ്ടായിരത്തോളമാണ്‌. സ്വകാര്യ മേഖലയിൽ 1,317 കിടക്കകളുണ്ട്. 794 രോഗികളുണ്ട്‌. 294 ഓക്സിജൻ കിടക്കളുള്ളതിൽ 234 എണ്ണം നിറഞ്ഞു. 119 ഐസിയു കിടക്കകളിൽ 110ലും രോഗിയുണ്ട്. സ്വകാര്യ ആശുപത്രികളും ഇക്കാര്യത്തിൽ സമാനമാണ്. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള നടപടി ജില്ലാ ഭരണകേന്ദ്രം സ്വീകരിക്കുന്നുണ്ട്. 
ഞായറാഴ്ച മന്ത്രി എ കെ ബാലൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരുക്കങ്ങൾ വിലയിരുത്തി. കലക്ടർ മൃൺമയി ജോഷി ശശാങ്ക്, സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, ഡിഎംഒ കെ പി റീത്ത, മെഡിക്കൽ കോളേജ് ഡയറക്ടർ എം എസ് പത്മനാഭൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് കെ രമാദേവി എന്നിവർ യോഗത്തിൽ പങ്കെടുത്തു. വാർഡുകളും ഒപികളും മന്ത്രി സന്ദർശിച്ചു.
മൂന്നുനിലകളിൽ 
9 ഒപികൾ 
മെഡിക്കൽ കോളേജിലെ മൂന്നു നിലയിലായി ഒമ്പത് ഒപികൾ പ്രവർത്തിക്കും. ഒപി ടിക്കറ്റ് എടുക്കാൻ പ്രത്യേക സൗകര്യമുണ്ട്. ഇരിക്കാനുള്ള സൗകര്യവും കുടിവെള്ളവും സജ്ജമാണ്. രണ്ട് ജനറൽ വാർഡ്‌ പ്രവർത്തിക്കും. അത്യാഹിതവിഭാഗം ജില്ലാ ആശുപത്രിയിൽ തന്നെയാണ്‌. ലാബ് താൽക്കാലികമായി ജില്ലാ ആശുപത്രിയിലായിരിക്കും. 
മെഡിക്കൽ കോളേജിൽ ലബോറട്ടറി സൗകര്യം ഒരുമാസത്തിനകം തയ്യാറാവും. നിലവിൽ പോർട്ടബിൾ എക്സ്റേ യൂണിറ്റ്, ഇസിജി യൂണിറ്റ് എന്നിവ മെഡിക്കൽ കോളേജിലുണ്ട്. കൂടുതൽ മെഷിനുകൾ ഉടൻ എത്തും. സിടി സ്കാൻ ജില്ലാ ആശുപത്രിയിലാണ്‌. ഉടൻ ഇവിടെ അതിനുള്ള സൗകര്യവും ആരംഭിക്കും.
ആദ്യഘട്ടത്തിൽ 
100 കിടക്ക
പരിശോധനകൾക്ക് ശേഷം കിടത്തി ചികിത്സ ആവശ്യമെങ്കിൽ 100 കിടക്കകൾ ഒരുക്കി. 40 സ്ത്രീകളെയും 60 പുരുഷന്മാരെയും ഉൾക്കൊള്ളാവുന്ന തരത്തിലാണ് കിടക്ക സജീകരിച്ചത്. 6 കിടക്കയുള്ള ഐസിയു വാർഡ് അടിയന്തരമായി തയ്യാറാക്കി. കൂടുതൽ കിടക്കകളുമായി ഐസിയു ഒരുമാസത്തിനകം മെഡിക്കൽ കോളേജിൽ പൂർണതോതിൽ പ്രവർത്തിക്കും. രോഗികൾക്ക് ഗതാഗത സൗകര്യത്തിനായി ജില്ലാ ആശുപത്രിയെയും മെഡിക്കൽ കോളേജിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 108 ആംബുലൻസുകളുടെ സേവനം ഉറപ്പാക്കും. രോഗികൾക്കുള്ള ഭക്ഷണത്തിന് രണ്ട് കുടുംബശ്രീ യൂണിറ്റുകളെ ഉപയോഗപ്പെടുത്തും. ആവശ്യമായ മരുന്നുകൾ ഉറപ്പുവരുത്തും. 
ഓപ്പറേഷൻ താലൂക്ക് ആശുപത്രികളിൽ
ഓപ്പറേഷനുകൾ ഒറ്റപ്പാലം, ആലത്തൂർ താലൂക്ക് ആശുപത്രികളിൽ നടത്തും. ഒഫ്താൽമോളജി, ഇഎൻടി, ജനറൽ സർജറി, ഓർത്തോ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാണ്‌ പ്രവർത്തിക്കുക. ഓപ്പറേഷൻ തിയറ്ററിനാവശ്യമായ സൗകര്യങ്ങൾ മെഡിക്കൽ കോളേജിലുണ്ട്. 
പൂർണതോതിൽ സജ്ജമാക്കാൻ മൂന്നുമാസമെടുക്കും. ചെറിയ സർജറികൾ ഇവിടെ ചെയ്യും. കോവിഡിനായി ജില്ലാ ആശുപത്രി പൂർണമായി വിട്ടുനൽകേണ്ടതിനാലാണ് ഈ നടപടി. രോഗികൾക്ക് അസൗകര്യം വരാത്ത രീതിയിലാകും സജീകരിക്കുക. 
പിടിച്ചുകെട്ടണം 
രണ്ടാം തരംഗത്തെ 
കോവിഡിന്റെ ഒന്നാം തരംഗത്തെ പിടിച്ചുനിർത്താൻ ജില്ലയിലെ സംവിധാനങ്ങൾക്കായി. ഏറ്റവും ഉയർന്ന കേസ് 677 ആയിരുന്നു. 2020 ഒക്ടോബറിലായിരുന്നു ഇത്. 
എന്നാൽ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.58 ശതമാനമായി. ചികിത്സയിലുള്ളവരുടെ എണ്ണം 25,000 കടന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top