01 December Tuesday

പതിനാലുകാരനെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ വിട്ടയച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

 

കൊച്ചി
മലമ്പുഴ ഡാമിൽ പതിനാലുകാരനെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി മരണംവരെ തടവിന് ശിക്ഷിച്ച മലമ്പുഴയിലെ ഡാം വാച്ചർ അനിൽമോൻ തോമസിനെയാണ് ജസ്റ്റിസുമാരായ എ ഹരിപ്രസാദ്, എൻ അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വെറുതെവിട്ടത്. കുറ്റകൃത്യവുമായി അനിൽമോൻ തോമസിനെ ബന്ധിപ്പിക്കാനാകുന്ന തെളിവുകളില്ലെന്ന് വിലയിരുത്തിയാണ് നടപടി. 
പാലക്കാട് മാങ്കുറിശിയിലെ പതിനാലുകാരനെ മലമ്പുഴ ജലസംഭരണിക്ക് സമീപം 2006 മെയ് 12നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിന്നീട്‌ സിബിഐ കേസ് ഏറ്റെടുത്തു. 2010ൽ അനിൽമോൻ തോമസിനെ അറസ്റ്റ് ചെയ്തു. 
മദ്യം നൽകി ബോധംകെടുത്തി ലൈംഗിക ബന്ധത്തിന് വിധേയനാക്കിയശേഷം തലയ്‌ക്കടിച്ച് റിസർവോയറിൽ തള്ളി എന്നാണ് കേസ്. തടവ് ശിക്ഷയ്ക്ക് പുറമേ  80,000 രൂപ പിഴയും സിബിഐ കോടതി വിധിച്ചിരുന്നു. 
പരോൾ അനുവദിക്കരുതെന്നും ഉത്തരവിട്ടു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. 
നേരത്തേ മറ്റൊരു പീഡന കേസിൽ താൻ ആരോപണ വിധേയനായെങ്കിലും കോടതി വെറുതെ വിട്ടെന്നും സിബിഐ കള്ളക്കേസിൽ കുടുക്കിയെന്നുമാണ് അനിൽമോൻ തോമസ് വാദിച്ചത്. 
അവ്യക്തമായ കാര്യങ്ങൾ പറഞ്ഞാണ് ശിക്ഷിച്ചതെന്നും ഇയാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി വിധി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top