27 September Sunday
അട്ടപ്പാടിയിൽ വൈദ്യുതിയില്ലാതെ 5 ദിവസം

ദുരിതപ്പെയ്‌ത്ത്‌ തുടരുന്നു: ദുരിതാശ്വാസ ക്യാമ്പ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

 

പാലക്കാട്‌ 
ശക്തമായ മഴയിലും കാറ്റിലും മരംവീണ് മേൽക്കൂര തകർന്നതോടെ ദുരിതത്തിലായ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഷോളയൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോഴിക്കൂടത്തിന് അടുത്ത് ഇരട്ടപ്പാലത്ത് സുരേഷ്, സുധ, മണി എന്നിവരുടെ വീടുകളാണ് തകർന്നത്. ഇവരെ ഷോളയൂർ വില്ലേജ് അധികൃതർ വ്യാഴാഴ്‌ച രാത്രിയോടെ പ്രീ–-മെട്രിക് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. മൂന്ന് പുരുഷൻമാരും ആറ് സ്‌ത്രീകളും അഞ്ച് കുട്ടികളുമടക്കം 14പേരാണ് ക്യാമ്പിലുള്ളത്.
ശക്തമായി മഴ തുടരുന്നതിനാൽ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാൻ മുന്നൊരുക്കം സംബന്ധിച്ച് പരിശോധിക്കാൻ കേന്ദ്ര ദുരന്തനിവാരണ പ്രതികരണസേന അട്ടപ്പാടി സന്ദർശിച്ചു. 
ചുരത്തിൽ ഒമ്പതാംമൈലിൽ തകർന്ന് വീണ 33 കെ വി വൈദ്യുതി ടവർ പുനഃസ്ഥാപിക്കുന്ന സ്ഥലവും മുൻവർഷങ്ങളിൽ വൻതോതിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട ഭാഗങ്ങളും പരിശോധിച്ചു.
പുതൂരിൽ വരഗാർ കര കവിഞ്ഞതിനെത്തുടർന്ന് കുറുമ്പ മേഖലയിലെ മൂന്ന്‌ ഊരുകൾ ഒറ്റപ്പെട്ടു.  നീലഗിരി കാടുകളിൽ മഴ ശക്തയാർജിച്ചതാണ് കരകവിയാൻ കാരണം. അരളിക്കോണം ഊരിന് മറുഭാഗത്തെ ഇടവാണി, മേലെ ഭൂതയാർ, താഴെ ഭൂതയാർ ഊരുകളാണ് ഒറ്റപ്പെട്ടത്.    
വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല
അഞ്ച് ദിവസം പിന്നിട്ടിട്ടും ഇനിയും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. വെള്ളിയാഴ്ച രാത്രിയോടെ അഗളി സബ്‌ സ്റ്റേഷനിലേക്ക് വെദ്യുതി എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ. മറിഞ്ഞു വീണ 33 കെ വി വൈദ്യുതി ലൈനിന്റെ ടവറുകൾ നേരെയാക്കാൻ 32 ജീവനക്കാരാണ് അശ്രാന്തപരിശ്രമം നടത്തുന്നത്. വൈദ്യുതിയില്ലാതായതോടെ മോട്ടോറുകൾ പ്രവർത്തിപ്പിക്കാനാകാതെ കുടിവെള്ളം നിലച്ചു. ലൈഫ് പദ്ധതിയിൽ ഓൺലൈൻ അപേക്ഷ നൽകാൻ കഴിയാതെ നാട്ടുകാർ ദുരിതത്തിലായി. വിദ്യാർഥികളുടെ ഓൺലൈൻ പഠനം നിലച്ചു. ഫോണുകൾ ഭൂരിഭാഗവും നിശ്ചലമായി. അഗളിയിലെയും ഗൂളിക്കടവിലെയും എടിഎം കൗണ്ടറുകൾ വൈദ്യുതിയില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. ബാങ്കുകളിൽ ഇന്റർനെറ്റ്ബന്ധം നഷ്ടമായതോടെ ഇടപാടുകാരും പ്രതിസന്ധിയിലാണ്. ശനിയാഴ്ച മുതൽ മഴ ശക്തിപ്പെടുമെന്ന കാലാവസ്ഥ മുന്നറിയിപ്പിൽ ഭയന്നിരിക്കുകയാണ് അട്ടപ്പാടിക്കാർ.
ഭാരതപ്പുഴ 
കലി തുള്ളുന്നു
പട്ടാമ്പി
കനത്ത മഴയെത്തുടർന്ന്‌ രൗദ്രഭാവം പൂണ്ട്‌ ഭാരതപ്പുഴ. പട്ടാമ്പി ഭാഗത്ത്‌ പുഴയിൽ കുത്തൊഴുക്കാണ്‌ അനുഭവപ്പെടുന്നത്‌. പുഴയോരത്ത്‌ താമസിക്കുന്നവർ  ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 
പട്ടാമ്പി നമ്പ്രം, മുതുതല, പളളിപ്പുറം, തീരദേശറോഡ് എന്നിവിടങ്ങളിൽ പുഴയിൽനിന്ന്‌ വെളളം കയറുന്ന സാഹചര്യമുണ്ട്‌. വാളയാർ ഡാമിന്റെ ഷട്ടറുകൾ അടുത്ത ദിവസം തുറക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. മണ്ഡലത്തിൽ നിലവിൽ 51 വീട്‌ കാലവർഷക്കെടുതിൽ തകർന്നു. പട്ടാമ്പി താലൂക്ക് കൺട്രോൾ റൂം നമ്പർ 0466 –- 2214300
താഴ്‌ന്ന സ്ഥലങ്ങൾ വെള്ളത്തിൽ  
ശ്രീകൃഷ്ണപുരം 
കടമ്പഴിപ്പുറം മേഖലയിൽ മഴയിലും കാറ്റിലും കനത്ത നാശം. താഴ്ന്ന സ്ഥലങ്ങളും പാടശേഖരങ്ങളും വെള്ളത്തിനടിയിലായി. തോടുകൾ കരകവിഞ്ഞു. കടമ്പഴിപ്പുറം വേട്ടേക്കരയിൽ കിഴക്കേക്കര മീനാക്ഷിയുടെ കിണറും വീടിന്റെ ഒരു ഭാഗവും മഴയിൽ ഇടിഞ്ഞുവീണു. വേട്ടേക്കര ചോലേപ്പറമ്പിൽ രാമകൃഷ്ണൻ, മുണ്ടമ്പാടം രാമകൃഷ്ണൻ എന്നിവരുടെ വീടുകൾക്ക്‌ മുകളിൽ മരംവീണു. കോണിക്കഴി അമ്പാഴക്കടവിൽ ലക്ഷ്മിയുടെ ഓടിട്ട വീടും മഴയിൽ തകർന്നു. നീലാലയിൽ കല്ലുതൊടി ജോസിന്റെ വീടിന് മുകളിലേക്കും മരം വീണു.
മണ്ണാർകാട്‌ 2 ക്യാമ്പുകൂടി
മണ്ണാർക്കാട്
കഴിഞ്ഞ ദിവസം ആരംഭിച്ച രണ്ട്‌ ദുരിതാശ്വാസ ക്യാമ്പിനു പുറമേ മണ്ണാർക്കാട്‌ കോട്ടോപ്പാടം പിപിയുപി സ്കൂളിലും കരിമ്പ ജിയുപി സ്കൂളിലും ഓരോ ക്യമ്പുകൂടി തുറന്നു. കോട്ടോപ്പാടത്ത്‌ 18 കുടുംബങ്ങളിലെ 50 പേരും കരിമ്പയിൽ 4 കുടുംബങ്ങളിലെ 14 പേരുമാണ്‌ ക്യാമ്പിലുള്ളത്‌. 
കാറ്റിലും മഴയിലും തച്ചനാട്ടുകര പഞ്ചായത്തിൽ വ്യാപക കൃഷി നാശം. ശക്തമായ കാറ്റിൽ നാട്ടുകൽ ഹോമിയോ ആശുപത്രിയുടെ മുകളിലേക്ക് മരം വീണ് ഭാഗികമായി തകർന്നു. 4,000 കുലച്ച വാഴകൾ നശിച്ചു.  
കൃഷി ഓഫീസർ നിത്യ വിളനാശം സംഭവിച്ച സ്ഥലം സന്ദർശിച്ചു. പകൽ മഴയ്‌ക്ക്‌‌ ശക്തി കുറഞ്ഞെങ്കിലും രാത്രിയോടെ വീണ്ടും ശക്തമായി. മുറിയങ്കണ്ണിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top