പാലക്കാട്
തെരഞ്ഞെടുപ്പ്പ്രക്രിയ അവസാനിച്ചതോടെ ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ. ജില്ലയിലെ 12 മണ്ഡലങ്ങളിലെ വോട്ടിങ് സാമഗ്രികൾ മെയ് രണ്ടു വരെ ഒമ്പത് കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. സ്ട്രോങ് റൂമുകൾക്ക്മുന്നിൽ പൊലീസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ ഒരുക്കിയിട്ടുണ്ട്. തൃത്താല, പട്ടാമ്പി മണ്ഡലങ്ങളിലെ വോട്ടിങ് സാമഗ്രികൾ പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലും ഷൊർണൂർ മണ്ഡലത്തിലേത് ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുമാണുള്ളത്.
ഒറ്റപ്പാലം മണ്ഡലത്തിലെ വോട്ടിങ് സാമഗ്രികൾ എൻഎസ്എസ് ബി എഡ് ട്രെയിനിങ് കോളേജിലും കോങ്ങാട് മണ്ഡലത്തിലെ വേട്ടിങ് സാമഗ്രികൾ കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലും സൂക്ഷിച്ചിട്ടുണ്ട്.
മണ്ണാർക്കാട് മണ്ഡലത്തിലേത് നെല്ലിപ്പുഴ ഡിഎച്ച്എസ്എസിലും മലമ്പുഴ, പാലക്കാട് മണ്ഡലത്തിലെ വോട്ടിങ് സാമഗ്രികൾ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും തരൂർ, ആലത്തൂർ മണ്ഡലങ്ങളിലേത് ആലത്തൂർ ഗുരുകുലം എസ്എസിലും ചിറ്റൂരിലേത് കൊഴിഞ്ഞാമ്പാറ ആർട്സ് ആൻഡ് സയൻസ് കോളേജിലും സൂക്ഷിച്ചിട്ടുണ്ട്. നെന്മാറ മണ്ഡലത്തിലെ വോട്ടിങ് സാമഗ്രികൾ നെന്മാറ എൻഎസ്എസ് കോളേജിലാണുള്ളത്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് സാമഗ്രികൾ വിതരണകേന്ദ്രത്തിലെത്തിച്ചത്.
അട്ടപ്പാടി, അഗളി കേന്ദ്രങ്ങളിലെ ബൂത്തുകളിൽനിന്നുള്ള സാമഗ്രികൾ രാത്രി 12നുശേഷമാണ് എത്തിച്ചത്. സ്ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളിലാണ് മെയ് രണ്ടിന് വോട്ടെണ്ണുക. സുരക്ഷാക്രമീകരണങ്ങള്‍ക്ക് സിഎപിഎഫ്(കേന്ദ്രസേന), സ്റ്റേറ്റ് ആംഡ് ഫോഴ്സ്, ജില്ലയിലെ ലോക്കല്‍ പൊലീസ് എന്നിങ്ങനെ മൂന്ന്തലം സുരക്ഷ സജ്ജമാക്കിയിട്ടുണ്ട്.
324 സി എ പി എഫ്, 105 സ്റ്റേറ്റ് ആംഡ് ഫോഴ്സ്, 42 ജില്ലാ ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവര്‍ത്തിക്കുന്നത്. സ്ട്രോങ് റൂമിനോട് ചേര്‍ന്ന് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നിയന്ത്രണത്തില്‍ 24 മണിക്കൂര്‍ സിസിടിവി കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..