28 May Thursday

സൗജന്യകിറ്റ്‌ തയ്യാർ ആദ്യഘട്ടം 48,382 എണ്ണം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

 പാലക്കാട്‌

സംസ്ഥാന സർക്കാർ റേഷൻകാർഡുടമകൾക്ക്‌ സൗജന്യമായി നൽകുന്ന അവശ്യസാധനകിറ്റ്‌  ജില്ലയിൽ വിതരണത്തിന്‌ തയ്യാറായി. 
ജില്ലയിൽ ആദ്യഘട്ടത്തിൽ അന്ത്യോദയ അന്നയോജന കാർഡുടമകളായ 48,382 പേർക്കാണ്‌ റേഷൻകടകൾ വഴി കിറ്റുകൾ നൽകുക. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലാണ്‌ കിറ്റ്‌ തയ്യാറാക്കുന്നത്‌. മൂന്നുദിവസത്തിനകം വിതരണം പൂർത്തിയാക്കും. ഉപ്പ്‌, പഞ്ചസാര, ചെറുപയർ, കടല, റവ, ഉഴുന്ന്‌ എന്നിവ ഓരോകിലോവീതം, രണ്ടുകിലോ ആട്ട, ഒരുലിറ്റർ സൺഫ്‌ളവർ ഓയിൽ, അരലിറ്റർ വെളിച്ചെണ്ണ, തേയില, തുവരപ്പരിപ്പ്‌ 250ഗ്രാം വീതം, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവ, കടുക് എന്നിവ നൂറുഗ്രാംവീതം, അലക്കുസോപ്പ്‌, സോപ്പ്‌ എന്നീ 17 ഇനങ്ങൾ തുണിസഞ്ചിയിലാക്കി നൽകും.
 ആലത്തൂർ താലൂക്കിൽ 5166, ചിറ്റൂരിൽ 9343, മണ്ണാർക്കാട്‌ 16,283, ഒറ്റപ്പാലത്ത്‌ 5573, പാലക്കാട്‌ 6935, പട്ടാമ്പിയിൽ 5082 എന്നിങ്ങനെയാണ്‌ എഎവൈ കാർഡുടമകളുടെ എണ്ണം. പാലക്കാട്‌ നഗരസഭ, പിരായിരി പഞ്ചായത്ത്‌ എന്നിവിടങ്ങളിലേക്കുള്ള  കിറ്റ്‌ പാലക്കാട്‌ സ്‌റ്റേഡിയം സ്‌റ്റാൻഡിനടുത്തുള്ള പീപ്പിൾസ്‌ ബസാറിൽ വച്ചാണ്‌ തയ്യാറാക്കിയത്‌. 1525 കിറ്റുകളാണ്‌ മാനേജർ രജനിമോളുടെ നേതൃത്വത്തിൽ 12 ജീവനക്കാർ തയ്യാറാക്കിയത്‌.അടുത്ത ഘട്ടത്തിൽ ബിപിഎൽ കാർഡുടമൾക്കും തുടർന്ന്‌ എപിഎൽ വിഭാഗത്തിനും കിറ്റ്‌ നൽകും. മുഴുവൻ കാർഡുടമകൾക്കും ഘട്ടംഘട്ടമായി കിറ്റ്‌ നൽകും. 
സ്ഥലപരിമിതിയുള്ളതിനാൽ അടുത്ത ഘട്ടംമുതൽ ഹാളുകളും മറ്റുസൗകര്യങ്ങളും ഉൾപ്പെടുത്തിയാണ്‌ തയ്യാറാക്കുക. കിറ്റിന്റെ എണ്ണം കൂടുന്നതോടെ സന്നദ്ധപ്രവർത്തകരുടെ സേവനവും പാക്കിങ്ങിന്‌ ഉപയോഗിക്കും. ഇവർക്കുള്ള ഭക്ഷണം സപ്ലൈകോ നൽകും. പാലക്കാട്‌ സൂര്യരശ്‌മി ഓഡിറ്റോറിയം വാടകയില്ലാതെ നൽകാമെന്നറിയിച്ചിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top