24 October Thursday
ഏഴായിരത്തോളം ജീവനക്കാർക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുക

താൽക്കാലികക്കാർക്ക്‌ 4250 രൂപ ഉത്സവബത്ത

സ്വന്തം ലേഖകൻUpdated: Friday Sep 6, 2019
കോട്ടയം
സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന താൽക്കാലികക്കാർക്കും ഇക്കുറി ആഘോഷത്തോടെ പൊന്നോണത്തെ വരവേൽക്കാം. സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ മുഴുവൻ താൽക്കാലിക ജീവനക്കാർക്കും ഓണക്കാലത്ത്‌ ഉത്സവബത്ത അനുവദിച്ച്‌ സർക്കാർ ഉത്തരവായി. ഓരോരുത്തർക്കും 4250 രൂപ വീതമാണ്‌ അനുവദിച്ചത്‌. ഉത്സവകാലത്ത്‌ ബോണസ്‌ അടക്കമുള്ള ഒരാനുകൂല്യവും കിട്ടാത്ത ഏഴായിരത്തോളം ജീവനക്കാർക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുക. നിശ്‌ചിത വേതനമോ തൊഴിൽ സുരക്ഷയോ ഇല്ലാതെ സ്ഥിരംജീവനക്കാർക്കൊപ്പം ജോലിചെയ്യുന്ന ഇവർക്ക്‌ ഓണക്കാലത്ത്‌ ലഭിച്ച ഈ സഹായം ഏറെ
ആശ്വാസമാണ്‌. മുൻസർക്കാരിന്റെ കാലത്ത്‌ ഒരുവിധ സഹായവും നൽകിയിരുന്നില്ല. സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങൾ,  അർബൻ സഹകരണ ബാങ്കുകൾ, വിവിധ അർബർ സഹകരണ സംഘങ്ങൾ, ജില്ലാ സഹകരണ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്ക്‌ എന്നിങ്ങനെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ സഹകരണ സംഘം രജിസ്‌ട്രാർ മുഖേന കമീഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന നിക്ഷേപ, വായ്‌പാ പിരിവുകാർക്കും അപ്രൈസർമാർക്കും ഉത്തരവ്‌ ബാധകമാണ്‌. സഹകരണസംഘം രജിസ്‌ട്രാറുടെ അഭ്യർഥന പരിഗണിച്ചാണ് സർക്കാർ നടപടി. സഹകരണ വകുപ്പ്‌ അണ്ടർ സെക്രട്ടറി പി എസ്‌ ഹസീനയാണ്‌ ഉത്തരവിറക്കിയത്‌. സർക്കാർ ഉത്തരവിട്ടിട്ടും നടപ്പാക്കാതെ ജീവനക്കാർക്ക്‌ ഈ ആനുകൂല്യം നിഷേധിക്കുന്നവർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന്‌ സഹകരണവകുപ്പ്‌ അധികൃതർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top