23 September Wednesday

ഓണത്തിന്‌ പച്ചക്കറി പനങ്ങാട്ടിരിയിൽനിന്ന്‌

എ തുളസീദാസ്‌Updated: Thursday Aug 6, 2020
കൊല്ലങ്കോട്
ഓണസദ്യയൊരുക്കാൻ എലവഞ്ചേരി പനങ്ങാട്ടിരിയിൽ വിവിധയിനം പച്ചക്കറി തയ്യാറാവുന്നുണ്ട് .‌ ജില്ലയിലെ പ്രധാന പച്ചക്കറി ഉൽപ്പാദന വിപണന കേന്ദ്രമാണിത്‌.   അത്തം മുതൽ തിരുവോണം വരെ 10ദിവസം 100 ടൺ പച്ചക്കറി വിപണിയിൽ എത്തിക്കാനാവും.  അരക്കോടിയുടെ വരുമാനമാണ്‌ കർഷകർ പ്രതീക്ഷിക്കുന്നത്‌. 
കഴിഞ്ഞ ഓണത്തിന്‌ 90 ടൺ പച്ചക്കറി വിപണിയിലെത്തിച്ചു. ഏപ്രിൽ ആദ്യം ലഭിച്ച വേനൽമഴയിൽ തന്നെ വിത്തിറക്കിയിരുന്നു. പനങ്ങാട്ടിരി വിഎഫ്പിസികെ പരിധിയിൽ 350 ഏക്കറിലാണ്‌ കൃഷി. പാവൽ, പടവലം, പയർ, വെണ്ട, കുമ്പളം, മത്തൻ, ചീര, ചുരക്ക, പീച്ചിൽ, വെള്ളരി എന്നിവയാണുള്ളത്‌. നാടൻ ഇനങ്ങളും അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളുമുണ്ട്‌.  200ഓളം കുടുംബം പച്ചക്കറി കൃഷിയിലൂടെ ഉപജീവനം നടത്തുന്നു‌. മെയ് ആദ്യം  വിളവെടുപ്പ്‌ തുടങ്ങി. ആഗസ്‌ത്‌ വരെ 3000 ടണ്ണിൽ കൂടുതൽ പച്ചക്കറി ഉൽപ്പാദിപ്പിച്ച്‌ വിറ്റ്‌ അഞ്ചരക്കോടി രൂപയിലധികം വരവ്‌ നേടി.-
 കേരളത്തിലെ എല്ലാ ജില്ലകളിലേക്കും മൊത്തക്കച്ചവടക്കാർ മുഖേന പച്ചക്കറി വിപണനം നടത്തുന്നു. കച്ചവടക്കാർ ആവശ്യമുളള പച്ചക്കറി മുൻകൂട്ടി അറിയിക്കുന്നതിനനുസരിച്ച് കർഷകരോട് വിളവെടുക്കാൻ വിഎഫ്പിസികെ നിർദേശിക്കും. കച്ചവടക്കാർ പച്ചക്കറി തോട്ടങ്ങളിലെത്തി ഗുണനിലവാരം നോക്കി വാഹനത്തിൽ കയറ്റി വിഎഫ്പിസികെ ഓഫീസിലെത്തി തൂക്കം നോക്കി വാങ്ങും.  ദിവസവും 50 ടണ്ണിൽ കൂടുതൽ പച്ചക്കറി വിളവെടുക്കുന്നു.  
വലിപ്പവും തൂക്കവുമില്ലാത്ത പച്ചക്കറികൾ ചെറുകിട കച്ചവടക്കാർ  ഓട്ടോയിലും ഇരുചക്രവാഹനത്തിലുമായി പ്രാദേശികമായി വീടുകളിലെത്തിച്ച് വിൽക്കും. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട 100 കണക്കിന് യുവാക്കൾ പച്ചക്കറി കച്ചവടത്തിനായി പനങ്ങാട്ടിരിയിലെത്തുന്നുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top