പാലക്കാട്
തമിഴ്നാട് സ്വദേശിയിൽനിന്ന് പണം തട്ടിയ സംഭവത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. പെരുമണ്ണ സ്വദേശി പ്രശാന്തിനെ (40) ആണ് നോർത്ത് പൊലീസ് പിടിച്ചത്. ഈ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവം. ജോലി അന്വേഷിച്ച് വന്ന തമിഴ്നാട് സ്വദേശിയായ ഗുരുനാഥനിൽ നിന്നാണ് പ്രശാന്ത് പണം തട്ടിയെടുത്തത്.
ജില്ലാ ആയുർവേദ ആശുപത്രിയിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് ഗുരുനാഥനെ ആശുപത്രിയിൽ എത്തിച്ചു. ജോലി ചെയ്യാനായി വസ്ത്രവും പണവുമെല്ലാം ആശുപത്രിയുടെ ഒരുവശത്ത് ഗുരുനാഥൻ അഴിച്ച് വച്ചു. ജോലിക്കായുള്ള വസ്ത്രങ്ങൾ ധരിച്ച് പണി ചെയ്യാൻ നിൽക്കുന്നതിനിടെ ഗുരുനാഥന്റെ പണവും മൊബൈലും കൈക്കലാക്കി പ്രശാന്ത് കടന്ന് കളഞ്ഞു. 18,000 രൂപയും ഫോണുമാണ് മോഷ്ടിച്ചത്. തുടർന്ന് നഗരത്തിൽ കറങ്ങുന്നതിനിടെ രാത്രി നോർത്ത് പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
നോർത്ത് സബ് ഇൻസ്പെക്ടർ ഒ ജി ഷാജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേന്ദ്രൻ, മനീഷ്, കുമാരഗുരു, മണികണ്ഠദാസ്, ദിലീപ്, രതീഷ്, സിവിൽ പൊലീസ് ഓഫീസർ രഘു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രശാന്തിനെതിരെ സംസ്ഥാനത്തുടനീളം വിവിധ പൊലീസ് സ്റ്റേഷനുകളിലായി 14 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..