02 July Thursday
ജില്ലാ ആശുപത്രിയിലെ 7 ജീവനക്കാര്‍ക്ക് കോവിഡ്

ഡിഎംഒയും ഡെപ്യൂട്ടി ഡിഎംഒയും സ്വയം നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
പാലക്കാട്
ജില്ലാ ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഡിഎംഒ കെ പി റീത്ത, ഡെപ്യൂട്ടി ഡിഎംഒ നാസർ എന്നിവരുടെ സ്രവം പരിശോധനയ്‍ക്ക് എടുത്തു. രോ​ഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ളതിനാലാണ് സ്രവം പരിശോധനയ്‍ക്ക് എടുത്തത്. ഫലം വരുംവരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയും. കൂടുതൽ ദിവസം നിരീക്ഷണത്തിൽ പോകുന്ന കാര്യം മെഡിക്കൽ ബോർഡ് തീരുമാനിക്കും. ജില്ലാ ആശുപത്രിയിലെ ഏഴ്‌ ജീവനക്കാർ കോവിഡ്‌  ബാധിതരാണ്‌.  
വെള്ളിയാഴ്‍ച രോ​ഗം സ്ഥിരീകരിച്ച ജില്ലാ ആശുപത്രിയിലെ ഓഫീസ് ജീവനക്കാരുടെ സമ്പർക്കപ്പട്ടികയിലുള്ള ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്നാണ് സൂചന. ഇക്കാര്യത്തിലും മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും. 
കഴിഞ്ഞ ദിവസങ്ങളിൽ ജനപ്രതിനിധികളും മാധ്യമപ്രവർത്തകരുമെത്തിയ ജില്ലാ ആശുപത്രിയിലെ പരിപാടികളിൽ കോവി‍ഡ് സ്ഥിരീകരിച്ചവർ പങ്കെടുത്തിരുന്നു. പരിശോധനയ്‍ക്ക് എടുത്തവരുടെ ഫലം വന്നശേഷം കൂടുതൽ പേർ നിരീക്ഷണത്തിൽ പോയാൽ മതിയോ എന്ന കാര്യത്തിലും ശനിയാഴ്‍ച തീരുമാനമുണ്ടാകും. നേരത്തേ ജില്ലാ ആശുപത്രിയിലെ രണ്ട് നേഴ്‍സുമാർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർ നിരീക്ഷണത്തിലും പോയിരുന്നു.
പ്രധാന വാർത്തകൾ
 Top